അയ്മനം കരീമഠത്ത് പാടശേഖരത്തിനു നടുവിൽ വ്യാജചാരായം വാറ്റ്: രാത്രിയിൽ ഒരു കിലോമീറ്ററോളം നടന്ന പൊലീസ് പിടിച്ചെടുത്തത് 20 ലിറ്റർ ചാരായം; ചാരായം വാറ്റി വിൽപ്പന നടത്തിയ അച്ഛനും മകനും കോട്ടയം വെസ്റ്റ് പൊലീസിന്റെ പിടിയിൽ

അയ്മനം കരീമഠത്ത് പാടശേഖരത്തിനു നടുവിൽ വ്യാജചാരായം വാറ്റ്: രാത്രിയിൽ ഒരു കിലോമീറ്ററോളം നടന്ന പൊലീസ് പിടിച്ചെടുത്തത് 20 ലിറ്റർ ചാരായം; ചാരായം വാറ്റി വിൽപ്പന നടത്തിയ അച്ഛനും മകനും കോട്ടയം വെസ്റ്റ് പൊലീസിന്റെ പിടിയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അയ്മനം കരീമഠത്ത് പാടശേഖരത്തിനു നടുവിൽ ആളൊഴിഞ്ഞ പുരയിടത്തിൽ ചാരായം വാറ്റിയ അച്ഛനും മകനും അറസ്റ്റിൽ. ഇരുവരും ചാരായം വാറ്റിയ സ്ഥലത്തു നിന്നും 20 ലിറ്റർ ചാരായവും പിടിച്ചെടുത്തിട്ടുണ്ട്. അർദ്ധരാത്രിയിൽ ഒരു കിലോമീറ്ററോളം ദൂരം നടന്നു പോയ പൊലീസ് സംഘം സാഹസികമായാണ് പ്രതികളെ പിടികൂടിയത്.

കുമരകം ചേർപ്പുങ്കൽ അയ്മനം കരീമഠം മാളികയിൽ വീട്ടിൽ തങ്കച്ചൻ മകൻ ശ്രീനാജ് എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഇരുവരും വാറ്റാൻ ഉപയോഗിച്ചിരുന്ന 200 ലിറ്റർ ശേഷിയുള്ള കലം, ഗ്യാസ്അടുപ്പ്, സിലിണ്ടറുകൾ, വാറ്റാനുള്ള ഉപകരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കുമരകം ചീപ്പുങ്കൽ ഭാഗത്തു നിന്നും വ്യാജചാരായവുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇയാൾക്ക് ചാരായം എത്തിച്ചു നൽകിയിരുന്നത് തങ്കച്ചനും മകനുമാണ് എന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെയും, ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെയും നേതൃത്വത്തിൽ ദിവസങ്ങളോളമായി അച്ഛനെയും മകനെയും നിരീക്ഷണത്തിൽ വച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച രാത്രിയിൽ അച്ഛനും മകനും വാറ്റിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായി വിവരം ലഭിച്ചത്.

തുടർന്നു വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ അരുൺ, എസ്.ഐ ടി.എസ് ശ്രീജിത്ത്, ജൂനിയർ എസ്.ഐ പി.സുമേഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാത്രിയിൽ തന്നെ അയ്മനത്ത് പാടശേഖരത്തിലേയ്ക്ക് എത്തുകയായിരുന്നു. ഇവിടെ എത്തിയ പൊലീസ് സംഘം പാലത്തിൽ ജീപ്പ് നിർത്തിയ ശേഷം, വള്ളത്തിലും, കാൽനടയായുമാണ് വാറ്റ് നടക്കുന്ന
അയ്മനം കരീമഠം ഒളോക്കരി പാടശേഖരത്തിന് നടുവിലുള്ള വീട്ടിൽ എത്തിയത്.

ഇവിടെ പൊലീസ് എത്തുമ്പോൾ പ്രതികൾ കോട വാറ്റുചാരായമാക്കി മാറ്റുന്നതിനുള്ള നടപടിയിലായിരുന്നു. തുടർന്നു, പൊലീസ് അച്ഛനെയും മകനെയും പിടികൂടി. വാറ്റുചാരായവും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കും.