അതിരമ്പുഴയില്‍ വീണ്ടും ഗുണ്ടകളുടെ വിളയാട്ടം; വൃദ്ധനെ അടിച്ചുവീഴ്ത്തിയ സംഘം കള്ളുഷാപ്പിലും സംഘര്‍ഷമുണ്ടാക്കി

അതിരമ്പുഴയില്‍ വീണ്ടും ഗുണ്ടകളുടെ വിളയാട്ടം; വൃദ്ധനെ അടിച്ചുവീഴ്ത്തിയ സംഘം കള്ളുഷാപ്പിലും സംഘര്‍ഷമുണ്ടാക്കി

സ്വന്തം ലേഖിക

ഏറ്റുമാനൂര്‍: ആഴ്ചകളുടെ ഇടവേളയ്ക്കുശേഷം അതിരമ്പുഴയില്‍ വീണ്ടും ഗുണ്ടകളുടെ വിളയാട്ടം.

മണ്ണാര്‍കുന്നില്‍ പള്ളിയില്‍ പോയ വൃദ്ധനെ അടിച്ചുവീഴ്ത്തിയ സംഘം അതിരമ്പുഴ മുണ്ടുവേലിപ്പടിയ്ക്കു സമീപം കള്ളുഷാപ്പിലും സംഘര്‍ഷമുണ്ടാക്കി. ഞായറാഴ്ചയാണ് ഇരു സംഭവങ്ങളും ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണാര്‍കുന്ന് സെന്‍റ് ഗ്രിഗോരിയോസ് പള്ളിയില്‍ തിരുനാള്‍ കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ എത്തിയ നാട്ടുവഴിപറമ്പില്‍ ഗ്രിഗോരിയോസി(കുഞ്ഞച്ചന്‍ – 68) നെയാണ് പള്ളിക്ക് സമീപം രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.

കുഞ്ഞച്ചന്‍റെ മുഖത്താണ് കാര്യമായി മര്‍ദ്ദനമേറ്റത്. കുഞ്ഞച്ചനെ മര്‍ദ്ദിക്കാന്‍ വരും വഴി അക്രമികള്‍ റോഡില്‍ വച്ച്‌ കുഞ്ഞച്ചന്‍റെ മകനെ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്തിരുന്നു.

ശനിയാഴ്ച ഇരുവരും കുഞ്ഞച്ചനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. കുഞ്ഞച്ചനെ മര്‍ദ്ധിച്ചശേഷം 11 മണിയോടെ മുണ്ടുവേലിപ്പടിയില്‍ മുൻപ് ഗുണ്ടാ ആക്രമണം നടന്ന പ്രവാസിയുടെ കള്ളുഷാപ്പിലെത്തി മദ്യപിച്ച ഇരുവരും വൈകുന്നേരം നാലരയോടെ വീണ്ടുമെത്തിയാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.

ഈ സമയം ഇരുപതിലേറെ സ്ത്രീകള്‍ ഉള്‍പ്പെടെ അൻപതോളം പേര്‍ ഷാപ്പിനോട് ചേര്‍ന്നുള്ള റസ്റ്ററന്‍റില്‍ ഉണ്ടായിരുന്നു. മേശയ്ക്കുമേല്‍ കാല്‍ കയറ്റിയിരുന്ന ഇവരോട് കാല്‍ താഴ്ത്തിയിരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെ അസഭ്യം പറയുകയും സംഘര്‍ഷമുണ്ടാക്കുകയുമായിരുന്നു.

സംഘര്‍ഷത്തില്‍ ജീവനക്കാര്‍ക്ക് പരിക്കുണ്ട്.
രാത്രിയില്‍ ഷാപ്പ് പൂട്ടി ഉടമയും ജീവനക്കാരും മടങ്ങുന്നത് കാത്ത് ഓട്ടോറിക്ഷയില്‍ അക്രമികള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ഷാപ്പ് ഉടമ ജോര്‍ജ് വര്‍ഗീസ് പറഞ്ഞു.

അതിരമ്പുഴയിലെ ഓട്ടോറിക്ഷ ഡ്രൈവറും മത്സ്യവില്‍പനശാലയിലെ ജീവനക്കാരനുമാണ് അക്രമികളെന്ന് ജോര്‍ജ് പറഞ്ഞു. രാത്രി ഏഴോടെ ജോര്‍ജ് വര്‍ഗീസ് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഒൻപതോടെ പോലീസ് സംഭവസ്ഥലത്തെത്തി. മണ്ണാര്‍കുന്നിലെ അക്രമത്തില്‍ മര്‍ദ്ദനമേറ്റ കുഞ്ഞച്ചന്‍ ഇന്ന് പോലീസില്‍ പരാതി നല്‍കും.