പതിനഞ്ചുദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ 620 കിലോമീറ്റർ ഓടി ആംബുലൻസ്: ജീവൻ രക്ഷിക്കാൻ നാട് നെട്ടോട്ടത്തിൽ

പതിനഞ്ചുദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ 620 കിലോമീറ്റർ ഓടി ആംബുലൻസ്: ജീവൻ രക്ഷിക്കാൻ നാട് നെട്ടോട്ടത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിനിമയെ വെല്ലുന്ന നാടകീയതയ്ക്കാണ് നാട് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പതിനഞ്ചുദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻരക്ഷിക്കാൻ ആംബുലൻസ് ഓടുക 620 കിലോമീറ്ററാണ്. ഇതിനൊപ്പം നാടിന്റെ മനസ്സും മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് കുതിക്കുന്നു.
പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ ഹൃദയം രക്ഷിക്കാനുള്ള ദൗത്യവുമായി മംഗലാപുരത്ത് നിന്നും രാവിലെ 10 മണിയോടെയാണ് വാഹനം പുറപ്പെട്ടത്.

സാനിയാ മിത്താഹ് ദമ്പതികളുടെ ഹൃദയരോഗത്തോടെ പിറന്ന് വീണ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ആംബുലൻസ് 15 മണിക്കൂർ കൊണ്ട് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഓരോ നിമിഷവും വിലപ്പെട്ടതായതിനാൽ യാത്രാ സമയം എങ്ങനെ കുറയ്ക്കാനാകുമെന്നാണ് ആംബുലൻസ് ഡ്രൈവർമാരുടെ ആലോചന. 10 മുതൽ 12 മണിക്കൂർ കൊണ്ട് വാഹനം ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് ചൈൽഡ് പ്രൊട്ടക്ട് ടീമിേന്റെ പ്രതീക്ഷ. യാത്ര സുഗമമാക്കാനായി വോളണ്ടിയർമാർ വഴിയിൽ അണിനിരക്കും. ആംബുലൻസിന് വഴിമാറികൊടുത്ത് പൊതുജനങ്ങൾ കൂടി സഹകരിച്ചാൽ കുട്ടിയുടെ ശസ്ത്രക്രിയ എത്രയും പെട്ടെന്ന് നടത്താനാവുമെന്നാണ് പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആംബുലൻസ് വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.ദൂരെ നിന്നും ആംബുലൻസ് സൈറൺ കേൾക്കുമ്‌ബോൾത്തന്നെ ജാഗരൂഗരായിരിക്കുക. അടുത്തുവരുമ്‌ബോൾ നോക്കാം എന്ന മനോഭാവം കാണിക്കരുത്.

2.ആംബുലൻസ് നിങ്ങളുടെ വാഹനത്തെ പിന്നിൽ നിന്നും സമീപിച്ചാൽ വണ്ടി ഒതുക്കുന്നതിനു മുൻപ് മറക്കാതെ റിയർ വ്യൂ മിററിൽ (പിൻവശം കാണാനുള്ള കണ്ണാടി ) നോക്കി ഏത് സൈഡിലൂടെയാണ് ആംബുലൻസ് വരുന്നത് എന്ന് ശ്രദ്ധിക്കുക.

3.ഏത് സൈഡിലൂടെയാണോ ആംബുലൻസ് വരുന്നത് അതിന്റെ എതിർവശത്തേക്ക് വാഹനം ഒതുക്കി ആംബുലൻസിനുപോകാൻ വഴിയൊരുക്കുക.

4.യാതൊരു കാരണവശാലും വേഗത കൂട്ടാൻ ശ്രമിക്കുകയോ, അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കുകയോ ചെയ്യരുത്.

5. സൈറൺ ഇട്ടു വരുന്ന ആംബുലൻസിന് ഒരു പൈലറ്റ് വാഹനം ആവശ്യമില്ല. ഇത്തരത്തിൽ ആംബുലൻസിന് മുന്നിൽ അതിവേഗം വാഹനമോടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.
6.ട്രാഫിക് സിഗ്‌നലുകളിൽ വലതുവശം ഒഴിവാക്കി ഒരു വാഹനത്തിന് കടന്നുപോകാവുന്ന രീതിയിൽ നിർത്തുക.
7.നിങ്ങൾ ട്രാഫിക് സിഗ്‌നലിൽ കിടക്കുമ്‌ബോൾ പിന്നിൽ ആംബുലൻസ് ബ്ലോക്കിൽ പെട്ടാൽ ഇരുവശത്തേക്കും നോക്കി സുരക്ഷിതമാണെങ്കിൽ നിങ്ങൾക്ക് മുന്നോട്ട് പോയി ആംബുലൻസിനു വഴിയൊരുക്കാം.

8.നിങ്ങൾ ട്രാഫിക്കിൽ കിടക്കുമ്‌ബോൾ മറ്റു റോഡിൽ നിന്നും ആംബുലൻസ് വരുന്നുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കുക..
ആംബുലൻസിനു വഴി ഒരുക്കാൻ മറ്റു വാഹനങ്ങൾ ഒരുപക്ഷെ സിഗ്‌നൽ ലംഘിച്ചേക്കാം.

9.യാതൊരു കാരണവശാലും ഓടുന്ന ആംബുലൻസിനു തൊട്ടുപിന്നാലെ വണ്ടിയുമായി പായരുത്.
ആംബുലൻസ് പെട്ടെന്ന് ബ്രേക്ക് ഇട്ടാൽ നിങ്ങളുടെ കുടുംബം അനാഥമാവാനുള്ള സാധ്യത ഏറെയാണ്.

10.രാത്രിയിൽ നിങ്ങൾക്കെതിരെ ഒരു ആംബുലൻസ് വന്നാൽ തീർച്ചയായും ഹെഡ്ലൈറ്റ് ഡിം ചെയ്തു കൊടുക്കുക.
ആംബുലൻസ് ഡ്രൈവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുത്. വാഹനം ഇടതുവശത്തേക്കോ വലതുവശത്തേക്കോ തിരിക്കുമ്‌ബോൾ മുന്നിൽ നിന്നോ ,പിന്നിൽ നിന്നോ വശങ്ങളിൽ നിന്നോ മറ്റുവാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. രോഗിയെ എടുക്കാൻ പോകുന്ന ആംബുലൻസുകളും വേഗതയിലാകാം വരുന്നത്.