കുമരകത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും വിലങ്ങുമായി രക്ഷപെട്ട പ്രതിയെ ഒളിവിൽ പാർപ്പിച്ച ബന്ധുപിടിയിൽ; പിടിയിലായത് അമ്മയുടെ സഹോദരൻ

കുമരകത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും വിലങ്ങുമായി രക്ഷപെട്ട പ്രതിയെ ഒളിവിൽ പാർപ്പിച്ച ബന്ധുപിടിയിൽ; പിടിയിലായത് അമ്മയുടെ സഹോദരൻ

സ്വന്തം ലേഖകൻ

കോട്ടയം: കഞ്ചാവ് കേസിൽ പിടികൂടിയ പൊലീസിന്റെ കണ്ണ് വെട്ടിച്ച് വിലങ്ങുമായി ജീപ്പിൽ നിന്നും രക്ഷപെട്ട പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച ബന്ധു പിടിയിൽ. തിരുവാർപ്പ് സ്വദേശി ടി.കെ രജീഷിനെ ഒളിവിൽ കഴിയാൻ സഹായിച്ച അമ്മയുടെ സഹോദരൻ തിരുവാർപ്പ് പറമ്പൂക്കര കോളനിയിൽ വടുകപറമ്പിൽ വീട്ടിൽ രാജപ്പനെ (52)യാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ ആന്റി സ്‌ക്വാഡ് പിടികൂടിയത്. കഞ്ചാവ് കേസിൽ അറസ്റ്റിലായ രജീഷ് ഏപ്രിൽ നാലിനാണ് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടത്. തുടർന്ന് തിരുവാർപ്പ് മീൻചിറ ഭാഗത്തുള്ള സുഹൃത്തിന്റെ വീടിനു പിന്നിലെ പാടശേഖരത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. സുഹൃത്തും അച്ഛനും ചേർന്നാണ് പ്രതിയായ രജീഷിന് ഒളിവിൽ കഴിയാൻ അടക്കം സൗകര്യം ഒരുക്കി നൽകിയത്. ഇവിടെ നിന്നും പിറ്റേന്ന് രാവിലെ രജീഷിന്റെ സഹോദരൻ എത്തി ഇയാളെയുമായി തിരുവഞ്ചൂരിലെ കോളനിയിൽ എത്തി. ഇവിടെ എത്തിയ ശേഷം ആറുളി ഉപയോഗിച്ച് രജീഷിന്റെ കൈവിലങ്ങ് അറുത്തുമുറിച്ചു മാറ്റി. ഇതിനിടെ രജീഷിന്റെ കൈയ്ക്ക് മുറിവേറ്റിരുന്നു. തുടർന്ന് ഇവിടെ വച്ചു തന്നെ മുറിവിൽ മരുന്ന് വച്ച് കെട്ടി. ഇവിടെ നിന്നും മീൻചിറ ഭാഗത്തുള്ള രജീഷിന്റെ അമ്മയുടെ സുഹൃത്തിന്റെ സഹായത്തോടെ ചെങ്ങളം സ്വദേശിയുടെ കാറിൽ ആലപ്പുഴയിലേയ്ക്ക് കടത്തി. ഇവിടെ നിന്നാണ് രാജപ്പൻ ജോലി ചെയ്യുന്ന അടിമാലിയിലെ ആയുർവേദ മർമ്മ തിരുമ് ചികിത്സാ കേന്ദ്രത്തിൽ രജീഷിനെ എത്തിച്ചത്. രാജപ്പന്റെ മകനാണ് രജീഷ് എന്നു പരിചയപ്പെടുത്തിയാണ് ഇയാളെ ഇവിടെ എത്തിച്ചത്. തുടർന്ന് ചികിത്സാ കേന്ദ്രത്തിൽ എത്തിയിരുന്ന ഫ്രാൻസ് സ്വദേശിയുടെ സഹായിയായി രജീഷിനെ ഒപ്പം കൂട്ടി.
രജീഷിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് രജീഷിന്റെ ബന്ധു അടിമാലിയിൽ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡ് സംഘം അടിമാലിയ്ക്ക് തിരിക്കുകയായിരുന്നു. രാത്രി എട്ടു മണിയോടെയാണ് പൊലീസ് സംഘം അടിമാലിയിലെ ചികിത്സാ കേന്ദ്രത്തിലേയ്ക്ക് തിരിക്കുന്നത്. കാൽനടയായി പുലർച്ചെ മൂന്നു മണിയോടെയാണ് പൊലീസ് സംഘം തിരുമ് ചികിത്സാ കേന്ദ്രത്തിൽ എത്തിയത്. മലമുകളിലെ ചികിത്സാ കേന്ദ്രത്തിൽ ഫ്രാൻസ് സ്വദേശിയ്‌ക്കൊപ്പമാണ് രജീഷ് കഴിഞ്ഞിരുന്നത്. ഈ മുറി പുറത്ത് നിന്നും പൂട്ടുകയും ചെയ്തിരുന്നു. തുടർന്ന് മുറി തുറന്ന പൊലീസ് സംഘത്തെ കണ്ട് രജീഷ് ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി ബലം പ്രയോഗിച്ച് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും, കോട്ടയത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇതിനു ശേഷമാണ് രജീഷിനെ സഹായിച്ചവരെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ രാജപ്പനെ അടിമാലി ചാറ്റു പാറയിൽ നിന്നും പിടികൂടിയത്്. അന്വേഷണ സംഘത്തിൽ കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ടി.എസ് ശിവകുമാർ, കുമരകം എസ്.ഐ വി.ടി ഷിബു, ആന്റി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ടി.എസ് റെനീഷ്, എ.എസ്.ഐമാരായ വി.എസ് ഷിബുക്കുട്ടൻ, എസ്.അജിത്, ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എൻ മനോജ്, ബിജു പി.നായർ, സജമോൻ ഫിലിപ്പ്, കുമരകം സ്റ്റേഷനിലെ പി.ആർഒ എസ്.എസ്.ഐ കെ.കെ ഉല്ലാസ്, സി.പി.ഒമാരായ പ്രദീപ് സി.ടി, മഹേഷ്, സൈബർ സെല്ലിലെ സിപിഒ ശ്രാവൺ രമേശ് എന്നിവരും ഉണ്ടായിരുന്നു.