ആലുവ മഹാശിവരാത്രി നാളെ; ഇത്തവണ ആലുവയിലേക്ക് ലക്ഷങ്ങള്‍ ഒഴുകിയെത്തും;  സുരക്ഷാ ക്രമീകരണങ്ങളായി; ബലിതര്‍പ്പണം ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍; ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി

ആലുവ മഹാശിവരാത്രി നാളെ; ഇത്തവണ ആലുവയിലേക്ക് ലക്ഷങ്ങള്‍ ഒഴുകിയെത്തും; സുരക്ഷാ ക്രമീകരണങ്ങളായി; ബലിതര്‍പ്പണം ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍; ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി

സ്വന്തം ലേഖകൻ

ആലുവ: ആലുവ മഹാശിവരാത്രി ഇന്ന്. ഇത്തവണ ആലുവയിലേക്ക് ലക്ഷങ്ങള്‍ ഒഴുകിയെത്തും. ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സുരക്ഷാ ക്രമീകരണങ്ങളായി. ബലിതര്‍പ്പണം ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍. ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി

പെരിയാറില്‍ മുങ്ങിക്കുളിച്ച്‌ പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടത്താന്‍ ഇക്കുറി ആലുവയിലേക്ക് ലക്ഷങ്ങള്‍ ഒഴുകിയെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കടുത്ത നിയന്ത്രണങ്ങളായിരുന്നതിനാല്‍ വീട്ടിലിരുന്നും നാട്ടിലെ ക്ഷേത്രങ്ങളിലുമെല്ലാം ബലിതര്‍പ്പണം നടത്തിയവര്‍ ഇക്കുറി ആലുവ മണപ്പുറത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാത്രി ഉറക്കമളച്ച്‌ ശിവപഞ്ചാക്ഷരി മന്ത്രം ചൊല്ലി കാത്തിരിക്കുന്ന ഭക്തജനങ്ങള്‍ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ബലിത്തര്‍പ്പണം നടത്തി മടങ്ങും. ഇത്തവണ ശിവരാത്രി ദിനത്തിന് പിന്നാലെ കറുത്തവാവ് ആയതിനാല്‍ ശിവരാത്രി ബലിത്തര്‍പ്പണം പിതൃക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം.

നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ 2020ലേതിന് സമാനമായ സാഹചര്യത്തില്‍ ബലിതര്‍പ്പണത്തിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന വിശദീകരണം. എന്നാല്‍ രണ്ട് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 48 മണിക്കൂര്‍ മുൻപെടുത്ത ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും കരുതണമെന്നാണ് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ശിവരാത്രിയോടനുബന്ധിച്ച്‌ നഗരസഭ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്യാപാരമേള ഇക്കുറിയില്ലാത്തത് ശിവരാത്രി ആഘോഷത്തിന്റെ പൊലിമ കുറക്കും. ശിവരാത്രി നാളില്‍ ഉറക്കമിളച്ച്‌ ബലിയിടാന്‍ എത്തുന്നവരില്‍ അധികവും മണപ്പുറത്തെ വ്യാപാരമേളക്കെത്തുന്നവരാണ്. വ്യാപാരമേള ഇല്ലാത്തതിനാല്‍ ഇക്കുറി ഉറക്കമിളക്കാനെത്തുന്നവര്‍ കുറയുമെന്നാണ് കരുതുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥലത്ത് നാല് ദിവസത്തേക്ക് വ്യാപാരമേളക്ക് 30ഓളം സ്റ്റാളുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ബലിതര്‍പ്പണം ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍

ശിവരാത്രി ബലിത്തര്‍പ്പണം ബുധനാഴ്ച പുലര്‍ച്ചെ 12നാരംഭിക്കും. ഒരു മണിക്കൂറിന് ശേഷം 01.05ന് കുംഭത്തിലെ അമാവാസിയ്ക്ക് തുടക്കമാകും. രാത്രി 11.03 വരെ നീണ്ടു നില്‍ക്കുന്നതിനാല്‍ ബലിത്തര്‍പ്പണം നടത്താം. 150 ബലിത്തറകള്‍ക്ക് സൗകര്യമൊരുക്കിയെങ്കിലും ഇതുവരെ 60 തറകളേ ഏറ്റെടുക്കാന്‍ പുരോഹിതന്മാര്‍ എത്തിയുള്ളു. ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി മുല്ലേപ്പിള്ളി ശങ്കരന്‍ നമ്ബൂതിരിപ്പാട് കാര്‍മ്മികത്വം വഹിക്കും.

പൊലീസ് സ്പെഷ്യല്‍ സ്ക്വാഡ്

ശിവരാത്രിയോടുബന്ധിച്ച്‌ ശക്തമായ സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കുന്നത്. പോക്കറ്റടിക്കാരെയും, പിടിച്ചുപറിക്കാരെയും മറ്റും നിരീക്ഷിക്കുന്നതിനായി എല്ലാ ജില്ലകളില്‍ നിന്നുള്ള മഫ്തി പൊലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു. മണപ്പുറം ക്ഷേത്രത്തില്‍ നിന്നും 50 മീറ്റര്‍ ചുറ്റളവില്‍ വഴിയോരകച്ചവടങ്ങള്‍ അനുവദിക്കില്ല. ആലുവ നഗരസഭ ഇന്ന് മുതല്‍ യാചക നിരോധന മേഖലയായി പ്രഖ്യാപിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മണപ്പുറത്തേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയില്‍ നിന്നും ജി.സി.ഡി.എ റോഡു വഴി ആയുര്‍വ്വേദ ആശുപത്രിക്ക് മുന്നിലൂടെ വണ്‍വേ ആയി മണപ്പുറത്തേയ്ക്ക് പോകേണ്ടതാണ്. മണപ്പുറം ഭാഗത്ത് നിന്നുള്ള ബസ്സുകളും മറ്റ് പ്രൈവറ്റ് വാഹനങ്ങളും ഓള്‍ഡ് ദേശം റോഡ് വഴി നേരെ പറവൂര്‍ കവലയില്‍ വണ്‍വേ ആയി എത്തണം. തോട്ടയ്ക്കാട്ടുക്കര ജംങ്ഷനില്‍ നിന്നും മണപ്പുറത്തേയ്ക്ക് യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല.

വരാപ്പുഴ, എടയാര്‍ ഭാഗങ്ങളില്‍ നിന്നുള്ള ബസ്സുകള്‍ തോട്ടയ്ക്കാട്ടുക്കര കവലയില്‍ നിന്നും, ഇടത്തോട്ട് തിരിഞ്ഞ് , അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂര്‍കവല, യു.സി കോളേജ്, കടുങ്ങല്ലൂര്‍ വഴി തിരികെ പോകണം. അങ്കമാലി ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പറവൂര്‍ കവലയില്‍ ആളെ ഇറക്കി യു ടേണ്‍ ചെയ്ത് മടങ്ങി പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നും എന്‍.എച്ച്‌ വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാന്റിലെത്തി ആളെയിറക്കി പ്രൈവറ്റ് സ്റ്റാന്‍ഡില്‍ നിന്നും തിരികെ ബാങ്ക് ജംഗ്ഷന്‍ ബൈപാസ് മെട്രോ സര്‍വ്വീസ് റോഡ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

എറണാകുളം ഭാഗത്ത് നിന്നും ആലുവയ്ക്ക് വരുന്ന കെ.എസ് ആര്‍.ടി.സി ബസ്സുകള്‍ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി, വഴി പ്രൈവറ്റ് സ്റ്റാന്റില്‍ എത്തി പ്രൈവറ്റ് സ്റ്റാന്റ് കേന്ദ്രീകരിച്ച്‌ സര്‍വ്വീസ് നടത്തേണ്ടതും, തിരികെ ബാങ്ക് ജംഗ്ഷന്‍ ബൈപാസ് മെട്രോ സര്‍വ്വീസ് റോഡ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതുമാണ്. പെരുമ്ബാവൂര്‍ ഭാഗത്ത് നിന്നും വരുന്ന കെ.എസ് ആര്‍.ടി.സി ബസ്സുകള്‍ പമ്ബ് ജംങ്ഷന്‍ വഴി ആലുവ മഹാത്മഗാന്ധി ടൗണ്‍ ഹാളിന് മുന്‍വശമുള്ള താല്‍ക്കാലിക സ്റ്റാന്റില്‍ എത്തി അവിടെ നിന്നും തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.

പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകള്‍ ഡി.പി.ഒ ജംഗ്ഷന്‍ വഴി നേരേ താഴേക്ക് ഇറങ്ങി, ഗവ. ഹോസ്പിറ്റല്‍ കാരോത്തുകുഴി വഴി സ്റ്റാന്റില്‍ പ്രവേശിക്കേണ്ടതും അവിടെനിന്നും തിരികെ ബാങ്ക് കവല, ബൈപാസ് മെട്രോ സര്‍വ്വീസ് റോഡിലൂടെ പുളിഞ്ചോട് ജംഗ്ഷനില്‍ എത്തി കാരോത്തുകുഴി വഴി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ റെയില്‍വേ സ്‌ക്വയര്‍ പമ്ബ് ജംഷന്‍ വഴി തിരികെ പോകേണ്ടതാണ്.

1 ന് വൈകീട്ട് 8 മുതല്‍ ബാങ്ക് കവല മുതല്‍ മഹാത്മഗാന്ധി ടൗണ്‍ഹാള്‍ റോഡ് വരെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല. 1 ന് വൈകിട്ട് 8 മുതല്‍ എന്‍.എച്ച്‌ ഭാഗത്തു നിന്നും ടൗണ്‍ വഴി പോകേണ്ട വാഹനങ്ങള്‍ പുളിഞ്ചോട് ജംഗ്ഷനില്‍ എത്തി കാരോത്തുകുഴി, ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ വഴി പോകേണ്ടതും, പെരുമ്ബാവൂര്‍ ഭാഗത്തു നിന്നുള്ള ടൗണ്‍ വഴി എന്‍.എച്ചി ലേക്ക് പോകേണ്ട വാഹനങ്ങള്‍ മാത ജംഗ്ഷന്‍, സീനത്ത്, ഡി.പി.ഒ ജംഗ്ഷന്‍, ഗവ.ഹോസ്പിറ്റല്‍ ജംഗ്ഷന്‍, കാരോത്തുകുഴി വഴി പോകേണ്ടതാണ്. എറണാകുളത്തു നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ കളമശ്ശേരിയില്‍ നിന്നും കണ്ടെയ്‌നര്‍റോഡ് വഴി പറവൂര്‍ എത്തി മാഞ്ഞാലി റോഡില്‍ പ്രവേശിച്ച്‌ അത്താണി ജംഗ്ഷന്‍ വഴി തൃശൂര്‍ ഭാഗത്തേക്ക് പേകേണ്ടതാണ്.