‘ഒരു വ്യക്തി നടത്തുന്ന അതിദാരുണമായ ആത്മഹത്യ തന്നെയാണ് മയക്കുമരുന്ന്..!  മയക്കുമരുന്നിനെതിരെ യുദ്ധം പ്രഖ്യാപിക്കണം’: അഡ്വ.അനിൽ ഐക്കര

‘ഒരു വ്യക്തി നടത്തുന്ന അതിദാരുണമായ ആത്മഹത്യ തന്നെയാണ് മയക്കുമരുന്ന്..! മയക്കുമരുന്നിനെതിരെ യുദ്ധം പ്രഖ്യാപിക്കണം’: അഡ്വ.അനിൽ ഐക്കര

സ്വന്തം ലേഖകൻ

ഭാരതത്തിലെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ട നടന്നത് കേരളത്തിലാണെന്ന വാർത്ത മലയാളിയെ ഞെട്ടിക്കുന്നില്ല എന്നത് അത്ഭുതമാണ്. നിരവധി അത്മഹത്യ, അടിപിടി ബലാല്സംഗക്കേസുകൾ ഉൾപ്പെടെ, കഴിഞ്ഞ ദിവസം നടന്ന ഡോക്ടറുടെ കൊലപാതകം വരെ എത്രയെത്ര ദാരുണ കഥകളാണ് മയക്കുമരുന്നിന് ഇരയാക്കപ്പെട്ടവർ പ്രതികളായുള്ളത്.. എന്നിട്ടും കേരളത്തിലെ ഭരണകൂടം പഠിക്കുന്നില്ല, ഒരു മറു വഴി ചിന്തിക്കുന്നുമില്ല.. ഒരു വ്യക്തി നടത്തുന്ന അതിദാരുണമായ ആത്മഹത്യ തന്നെയാണ് മയക്കുമരുന്ന്. അതിനു ഒരിക്കൽ കീഴ്പെടുന്നവർ രക്ഷപെടില്ല എന്ന് മയക്കു മരുന്നിനു ചികിത്സ നൽകുന്ന വിദഗ്ദ്ധർ പലതവണ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് മാത്രമായി പിടികൂടിയത് 25000 കോടിയുടെ ലഹരി പദാർത്ഥങ്ങൾ എന്ന റിപ്പോർട്ട് നകേരളത്തെ നടുക്കി. മയക്കു മരുന്ന് കേരളത്തിലേക്ക് കടത്തിയതിന് പിന്നില്‍ വന്‍ സംഘം ഉണ്ടെന്ന കണ്ടെത്തൽ സംഭവം കൂടുതൽ ഗുരുതരമാക്കുന്നു. ; കൂടുതല്‍ പാക്കറ്റുകള്‍ക്കായി അന്വേഷണം തുടരുകയാണല്ലോ. കേരളത്തിലെ ജാഗ്രത കൊണ്ട് തന്നെയാവണം ഇത് ഇവിടെ പിടിക്കപ്പെട്ടത്. രാജ്യത്തെതന്നെ ഏറ്റവും വലിയ പ്രധാനപ്പെട്ട ലഹരിമരുന്ന് വേട്ടയായ ഈ സംഭവത്തെ സർക്കാർ ഗൗരവമായി കാണണം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിൽ നിന്ന് പിടികൂടിയത് 2525 കിലോ മെത്താആംഫിറ്റമിനാണെന്നും നാർക്കോട്ടിക് കൺട്രോൾ ബ്യുറോ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.പിടിച്ചെടുത്ത മയക്കുമരുന്ന് ബോക്സുകളില്‍ പാക്കിസ്ഥാനിലെ ലഹരി മാഫിയകളുടെ അടയാളങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ശത്രു രാജ്യം നമ്മുടെ യുവാക്കളെ തകർക്കുവാൻ കണ്ടെത്തിയ മറ്റൊരു മാർഗ്ഗമാണോ ഇതെന്നും സംശയിക്കണം. നാവിക സേനയുടെ സഹായത്തോടെ കേന്ദ്ര നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ പാകിസ്ഥാന്‍ പൗരന്‍ എന്ന് സംശയിക്കുന്നയാളെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇന്ത്യൻ തീരങ്ങളിൽ നാവിക സേനയും എൻ സി ബിയും ചേർന്നുള്ള ജാഗ്രതയിൽ അഫ്ഗാനിസ്ഥാനില്‍ തുടങ്ങി പാകിസ്ഥാനിലെത്തിച്ച്‌ ഇന്ത്യന്‍ തീരംവഴിയുളള ലഹരിമരുന്ന കടത്ത് തടയുന്നതിനായി ഓപറേഷന്‍ സമുദ്രഗുപ്തിന് കേന്ദ്ര ഏജന്‍സികള്‍ കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചിരുന്നു. ഇതിന്‍റെ ഭാഗമായുളള അന്വേഷണത്തിലാണ് കോടികളുടെ ലഹരിമരുന്നുമായി കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ നീങ്ങുന്നതായി വിവരം ലഭിച്ചത്.

കേരളത്തിലെ ഡാൻസ് നിശകളിലും ആഘോഷ ചടങ്ങുകളിലും MDMA പോലുള്ള വിഷങ്ങൾ എന്തുകൊണ്ട് എത്തുന്നു?ഏത് വഴിക്ക് എത്തുന്നു, എന്നതിനുത്തരമാണ് കഴിഞ്ഞ ദിവസം നടന്ന മയക്കുമരുന്ന് വേട്ട. അന്വേഷണം ഓരോ സ്ഥലങ്ങങ്ങളിലും നടക്കണം. കാമ്പസുകളിൽ അത് വിവിധ സോഴ്സുകളിലൂടെ എത്തിക്കപ്പെടുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. . വലിയ ഒരു ദുരന്തം തന്നെയായ മയക്കു മരുന്നിനെ അടിയന്തിരമായി തുരത്തുന്നതിനുള്ള ഒരു വഴി കാറ്റെത്തുക തന്നെ വേണം..ഓപ്പറേഷൻ ഒക്‌ടോപസ് മോഡൽ (വിവിധ കേന്ദ്രങ്ങളിലെ ഒരുമിച്ചുള്ള റെയ്ഡ്/ ഓപ്പറേഷൻ) ഒരു പോലീസ് നടപടി കൊണ്ട് തീർത്തു കളയാവുന്ന ഒന്നാണ് മയക്കുമരുന്നിന്റെ വ്യാപനം. ഇത് സംസ്ഥാന സർക്കാർ എന്താണ് തിരിച്ചറിയാത്തത്? അതോ ഈ ബിസിനസ്സിലും ഒരു പങ്ക് സർക്കാർ വരുമാനം തന്നെയോ?

കഞ്ചാവ് സംബന്ധിച്ച് നാർക്കോട്ടിക് നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കേസുകൾ നടത്തുമ്പോൾ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ഈ പ്രതിയ്ക്ക് കഞ്ചാവ് അല്ലെങ്കിൽ; മയക്കുമരുന്ന് എത്തിയത് എവിടെ നിന്ന് എന്ന് പോലീസ് അന്വേഷിക്കുന്നതേയില്ല! നിസ്സാരമായി കണ്ടെത്താവുന്ന ഉറവിടം സംബന്ധിച്ച അന്വേഷണം പോലീസ് വിട്ടു കളഞ്ഞ് അവസാനിപ്പിക്കുകയാണ് പതിവ്. ഇത് പ്രതികൾ ശിക്ഷിക്കപ്പെടാതെ രക്ഷപെടുന്നതിനു വഴി തെളിയിക്കുന്നു. ഫലമോ, ഇതല്ലാതെ ഞാനിനി വേറെന്തു ജോലി ചെയ്യാനാ സാറെ എന്ന പ്രതികളുടെ ചോദ്യം ബാക്കി വരുന്നു. പ്രതികളുടെ കൈയ്യിൽ കഞ്ചാവ് പൊട്ടിവീണതാണെന്ന മട്ടിലാണ് ഈയിനത്തിലുള്ള കേസുകൾ എല്ലാം പോലീസ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന മയക്കു മരുന്ന് വേട്ടയിൽ നമ്മൾ ഞെട്ടി പോകേണ്ട ഒരു കാര്യം, ഇത്തവണ ഇത്രയും വലിയ മയക്കു മരുന്ന് ശേഖരം നിസ്സാരമായി കൊണ്ട് വരാൻ കഴിയുംവിധം പരിശ്രമിക്കണമെങ്കിൽ മുൻപ് എത്രയോ തവണ ഇതേ പോലെ മയക്കു മരുന്ന് സുരക്ഷിതമായി കേരളത്തിൽ അല്ലെങ്കിൽ ഇതര സംസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ടാവണം. !! ഓരോ സംസ്ഥാനത്തും എത്രയോ കേസുകൾ തന്നെ നിലവിലുണ്ട്! അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാർ എത്രയും വേഗം മയക്കു മരുന്നിനെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണം. അല്ലാത്ത പക്ഷം നമ്മുടെ കുട്ടികൾ ഉടൻ തന്നെ ആ മേഖലയിലേക്ക് കടന്നു കയറും.ഓപ്പറേഷൻ ഒക്‌ടോപസ് മോഡലിൽ എല്ലാ ഉറവിടങ്ങളെയും ഒരേ സാഹചര്യത്തിലും സമയത്തും കടന്നാക്രമിക്കണം. ‘ഉന്നതകുല ജാതരായ രാഷ്ട്രീയ പിണിയാളുകൾ ‘ ഉണ്ടെങ്കിൽ അവരെയെല്ലാം ഇതേ പോലെ പൂട്ടുക തന്നെ വേണം.

മുന്പുണ്ടായിട്ടുള്ള എത്രയോ കേസുകൾ കേരളത്തിന് നൽകുന്ന ദുസ്സൂചനകൾ മയക്കു മരുന്ന് കുട്ടികളിൽ വ്യാപകമായി എത്തുന്നു എന്നത് തന്നെയാണ്. അവയ്‌ക്കെത്തിയരെയുള്ള പോരാട്ടം ഒരു സ്ഥലത്ത് ഒതുക്കരുത്. ഇങ്ങനെ ഒരു പ്ലാൻ ചെയ്ത ഓപ്പറേഷനിലൂടെ മയക്കു മരുന്ന് മാഫിയകളുടെ കടയ്ക്കൽ കത്തി വയ്ക്കുന്നതോടെ ഇക്കാര്യത്തിൽ ഒരു പ്രതിപക്ഷ ആക്രമണം പോലുമില്ലാതെ ഐക്യകണ്ഠേനയുള്ള പിന്തുണ സർക്കാരിന് ലഭിക്കുകയും ചെയ്യും. ജനങ്ങൾ ഒപ്പം നിന്ന് പൊരുതുന്നതും നമുക്ക് കാണാം.

ഒരു യാചന: നമ്മുടെ പിള്ളാർക്ക് വേണ്ടിയല്ലേ സർ നമ്മളീ യുദ്ധങ്ങളെല്ലാം നടത്തുന്നത് ? ദയവായി അവരെ സംരക്ഷിക്കണം. അപേക്ഷയാണ്.