മദ്യം ഉള്ളില്‍ ചെല്ലുമ്പോള്‍ മകനെ പഠിപ്പിക്കാനെത്തും; പിന്നെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ ഐഎഎസ്‌കാരനാക്കണം; എട്ടു വയസുകാരനെ ചട്ടുകം വച്ച്‌ പൊള്ളിച്ച കേസില്‍ അറസ്റ്റിലായ പിതാവിന്റെ രീതികള്‍ വിചിത്രം

മദ്യം ഉള്ളില്‍ ചെല്ലുമ്പോള്‍ മകനെ പഠിപ്പിക്കാനെത്തും; പിന്നെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ ഐഎഎസ്‌കാരനാക്കണം; എട്ടു വയസുകാരനെ ചട്ടുകം വച്ച്‌ പൊള്ളിച്ച കേസില്‍ അറസ്റ്റിലായ പിതാവിന്റെ രീതികള്‍ വിചിത്രം

സ്വന്തം ലേഖകന്‍

അടൂര്‍: അടൂരില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന എട്ടു വയസുകാരനെ ചട്ടുകം പൊള്ളിച്ച കേസില്‍ അറസ്റ്റിലായ പിതാവിന്റേത് വിചിത്രമായ രീതികള്‍. മദ്യം ഉള്ളില്‍ ചെല്ലുമ്പോള്‍ മകന്‍ ഐഎഎസുകാരനാകണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. പാഠഭാഗത്തിലെ ചോദ്യങ്ങള്‍ക്ക് ശരിയുത്തരം കിട്ടിയില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിക്കും. ചട്ടുകം ചൂടാക്കി പൊള്ളിക്കും. തടയാന്‍ ശ്രമിക്കുന്ന മാതാവിനെയും തൊഴിക്കും. തനിക്ക് പഠിച്ച് ഒന്നുമാകാന്‍ കഴിഞ്ഞില്ല. മകനെ പഠിപ്പിച്ച് ഐഎഎസുകാരനാക്കണമെന്ന ചിന്ത പൊന്തി വരുന്നത് മദ്യം ഉള്ളില്‍ ചെല്ലുമ്പോഴാണ്. അപ്പോള്‍ പഠിപ്പിക്കാനിറങ്ങും.

സ്‌കൂളില്ലാത്തതിനാല്‍ കുട്ടിയെ സമീപത്തെ വീട്ടില്‍ ട്യൂഷന് അയയ്ക്കുന്നുണ്ട്. അച്ഛന്‍ ജോലിക്ക് പോയപ്പോള്‍ കുറച്ച് പാഠഭാഗങ്ങള്‍ മകനെ പഠിക്കാന്‍ ഏല്‍പിച്ചിരുന്നു. വൈകിട്ട് തിരിച്ചു വന്ന് എഴുതിച്ചപ്പോള്‍ അറിയാതെ വന്നപ്പോള്‍ ചട്ടുകം പൊള്ളിച്ച് വയ്ക്കുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങി എത്തിയ അമ്മ കുട്ടിയുടെ പൊള്ളല്‍ കണ്ടെങ്കിലും കാര്യമാക്കിയില്ല. പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് തേച്ചു കൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിറ്റേന്ന് ജോലി ചെയ്യുന്ന ഹോട്ടലില്‍ വച്ച് ഉടമയോടും മറ്റും ഇക്കാര്യം പറഞ്ഞു. അവരാണ് വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കാന്‍ പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മാതാവിനെയും മകനെയും വിളിച്ചു വരുത്തി മൊഴി എടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലുള്ള കുട്ടി റാന്നി താലൂക്കാശുപത്രിയിലാണ് ഇപ്പോഴുള്ളത്.

എന്നാല്‍ മദ്യപിച്ചിട്ടില്ലെങ്കില്‍ മാന്യനും കൂലിപ്പണി ചെയ്തു കുടുംബം പുലര്‍ത്തുന്ന ആളുമാണ് ഇയാള്‍. രണ്ടു തവണയായിട്ടാണ് കുട്ടിക്ക് പിതാവ് കടുത്ത ശിക്ഷ നല്‍കി. അച്ഛന്‍ റിമാന്‍ഡിലാണ്. മാതാവ് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മൂന്നു തവണ തന്നെ പിതാവ് ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. വിദഗ്ധ പരിശോധനയില്‍ രണ്ടു തവണ പൊള്ളിച്ചതായി കണ്ടെത്തി. ഒരു പൊള്ളല്‍ തുടയിലാണ്. അത് ഭേദമായി വരുന്നതിനിടയിലാണ് കഴിഞ്ഞ 30 ന് വീണ്ടും പൊള്ളിച്ചത്.

കുട്ടിയെ മനഃപൂര്‍വം ഉപദ്രവിക്കണമെന്ന ഉദ്ദേശം അച്ഛന് ഇല്ലായിരുന്നുവെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പറയുന്നു. സംരക്ഷണം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മാതാവ് അറിയിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ കുട്ടിയെ അടൂര്‍ വിവേകാനന്ദ ബാലാശ്രമത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് നിയമ തടസമൊന്നുമില്ലെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കുട്ടി ഇപ്പോള്‍ നല്ല മാനസികാവസ്ഥയിലാണുള്ളതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. മദ്യലഹരിയിലാണ് അച്ഛന്‍ കുട്ടിയെ ശിക്ഷിച്ചതെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ദീപാ ഹരി പറഞ്ഞു.