എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി; പോലീസ് ഒത്തു കളിച്ചില്ലെങ്കിൽ അകത്തേക്ക്

എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി; പോലീസ് ഒത്തു കളിച്ചില്ലെങ്കിൽ അകത്തേക്ക്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പോലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ച കേസിൽ എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്‌നിഗ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ധ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. രാജ്യത്തെ ഏത് പൗരനുമുള്ള അവകാശമേ എഡിജിപിയുടെ മകൾക്കുള്ളു.കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം ആവശ്യമുള്ള ആളല്ല എഡിജിപിയുടെ മകളെന്നും, എന്തിനാണ് ഹർജിക്കാരി അറസ്റ്റിനെ ഭയക്കുന്നതെന്നും കോടതി ചോദിച്ചു. ഗവാസ്‌കറെ മർദ്ദിച്ച കേസിൽ തനിക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എഡിജിപിയുടെ മകൾ ഹൈക്കോടതിയെ സമീപിച്ചത്.
എഡിജിപിയുടെ മകളെ ഡ്രൈവർ മർദിച്ചുവെന്ന് ആരെങ്കിലും വിശ്വസിക്കുമോ എന്ന് സർക്കാർ അഭിഭാഷൻ കോടതിയിൽ ചോദിച്ചു. ഹർജിയിൽ അന്തിമ വിധി വരുന്നതുവരെ അറസ്റ്റു തടയണമെന്ന ഇടക്കാല ആവശ്യവും ഇവർ മുന്നോട്ടു വച്ചു. ഈ ആവശ്യമാണ് കോടതി തള്ളിയത്. ഹർജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. കേസിൽ സ്‌നിഗ്ധയെക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്ന് ബുധനാഴ്ച ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഗവാസ്‌കറുടെ ഹർജിയിലാണ് ക്രൈബ്രാഞ്ച് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഗവാസ്‌കർക്കെതിരെ സ്‌നിഗ്ധ നൽകിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവാസ്‌കർ ഹൈക്കോടതിയെ സമീപിച്ചത്. സ്‌നിഗ്ധയുടെ പരാതിയിൽ ഗവാസ്‌കറെ അറസ്റ്റു ചെയ്യുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞിരുന്നു.