എം.സി റോഡിൽ സംക്രാന്തിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ച മീൻ കച്ചവടക്കാരന് ഗുരുതര പരിക്ക്: ഇടിച്ച ശേഷം നിർത്താതെ പോയ കാറിന്റെ ഒടിഞ്ഞ നമ്പർ പ്ലേറ്റ് പൊലീസിന് തുമ്പായി; മണിക്കൂറുകൾക്കകം ഡ്രൈവറെ കണ്ടെത്തി

എം.സി റോഡിൽ സംക്രാന്തിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ച മീൻ കച്ചവടക്കാരന് ഗുരുതര പരിക്ക്: ഇടിച്ച ശേഷം നിർത്താതെ പോയ കാറിന്റെ ഒടിഞ്ഞ നമ്പർ പ്ലേറ്റ് പൊലീസിന് തുമ്പായി; മണിക്കൂറുകൾക്കകം ഡ്രൈവറെ കണ്ടെത്തി

 

സ്വന്തം ലേഖകൻ

കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിടെ അമിത വേഗത്തിൽ എത്തിയ കാർ മീൻ കച്ചവടക്കാരനെ ഇടിച്ച് തെറുപ്പിച്ചു. ഇടിയേറ്റ് രണ്ടു മീറ്ററോളം ഉയർന്ന് പൊങ്ങി റോഡിൽ തലയിടിച്ച് വീണയാളെ ഉപേക്ഷിച്ച് , കാർ യാത്രക്കാരൻ വണ്ടി നിർത്താതെ അമിത വേഗത്തിൽ പാഞ്ഞു. കാറിടിച്ച് തെറുപ്പിച്ച പെരുമ്പായിക്കാട് പൂഴിക്കുനേൽ അബ്ദുൾ ലത്തീഫിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ലത്തീഫിന്റെ കാൽ ഒടിഞ്ഞു. തലയുടെ പിന്നിലെ പൊട്ടലിൽ ആറ് തുന്നിക്കെട്ടലുണ്ട്. വാരിയെല്ലിനും ഇദ്ദേഹത്തിന് പൊട്ടലുണ്ട്. ലത്തീഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടത്തിനിടയാക്കിയ കാർ ലത്തീഫ് റോഡിൽ വീണ് കിടക്കുന്നത് കണ്ടിട്ടും നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. എന്നാൽ ലത്തീഫിനെ ഇടിച്ച കാറിന്റെ നമ്പർ പ്ലേറ്റ് റോഡിൽ വീണ് കിടന്നിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഈ നമ്പർ പ്ലേറ്റ് പൊലീസിന് കൈമാറി. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ കാറിന്റെ ഉടമസ്ഥൻ വൈക്കം വടയാർ സ്വദേശിയാണെന്ന് കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളിൽ തന്നെ കാറോടിച്ച ഡ്രൈവറെ ഗാന്ധിനഗർ സ്‌റ്റേഷനിൽ എത്തിക്കുമെന്ന് എസ്.ഐ പി.എസ് റെനീഷ് തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ എം.സി റോഡിൽ നീലിമംഗലം സംക്രാന്തിയിലായിരുന്നു അപകടം. എറ്റുമാനൂർ മാർക്കറ്റിലെ മീൻക്കച്ചവടക്കാരനാണ് പരിക്കേറ്റ അബ്ദുൾ ലത്തീഫ്. പുലർച്ചെ മൂന്ന് മണിക്ക് മാർക്കറ്റിലേക്ക് പോകുന്നതിനായാണ് അബ്ദുൾ ലത്തീഫ് വീട്ടിൽ നിന്നും ഇറങ്ങിയത്. സംക്രാന്തിയിലെത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ കോട്ടയം ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ കാർ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അബ്ദുൾ ലത്തീഫ് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീലിമംഗലത്ത് എം. സി റോഡ് നവീകരിച്ചതിന് ശേഷം കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. അമിതവേഗത്തിൽ പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ ഇവിടെ സംവിധാനങ്ങൾ ഒന്നുമില്ല. ഈ സാഹചര്യത്തിൽ അടിയന്തിരമായി അപകടമൊഴിവാക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.