സംസ്ഥാന സർക്കാരിന് പണം കണ്ടെത്താൻ പുതിയ ഗതാഗത നിയമം തിടുക്കപ്പെട്ട് നടപ്പാക്കി: പണിവാങ്ങിക്കൂട്ടി സർക്കാർ; നിയമം പിൻവലിക്കാനാവാതെ പിണറായി സർക്കാർ ഊരാക്കുടുക്കിലായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് പണം കണ്ടെത്താൻ കേന്ദ്ര സർക്കാരിന്റെ പുതിയ ഗതാഗത നിയമം നടപ്പാക്കിയത് സർക്കാരിന് വെള്ളിടിയാകുന്നു. പാലാ അടക്കമുള്ള ഉപതിരഞ്ഞെടുപ്പിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പുതിയ നിയമം പിൻവലിക്കുന്നതിനു നടത്തിയ ശ്രമം പക്ഷേ സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലേയ്ക്കാണ് തള്ളിവിട്ടത്.
കേന്ദ്ര നിയമം വന്നതിന് പിന്നാലെ ഇത് നടപ്പിലാക്കാൻ വിജ്ഞാപനം ഇറക്കിയ സംസ്ഥാന സർക്കാർ ഇപ്പോൾ ആകെ കുടുങ്ങിയ അവസ്ഥയിലാണ്. മുൻപ് നിലനിന്നിരുന്ന പിഴ പതിന്മടങ്ങ് വർധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം അത്പോലെ നടപ്പിലാക്കാൻ തീരുമാനിച്ചെങ്കിലും ജനരോഷം ശക്തമായപ്പോൾ പിൻവലിക്കാനുള്ള സാധ്യത തേടിയ സംസ്ഥാന സർക്കാരിന് അതിന് കഴിയില്ല എന്ന നിയമോപദേശമാണ് ഇപ്പോൾ ലഭിക്കുന്നത്. മോട്ടോർ വാഹന യാത്രക്കാരെ പിഴിഞ്ഞ് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമമാണ് ഇപ്പോൾ സർക്കാർ നടത്തിയത്.
ഒരിക്കൽ നടപ്പിലാക്കായ നിയമം എങ്ങനെ പിൻവലിക്കാൻ കഴിയും എന്ന് ആരാഞ്ഞതിന് ഓർഡിനൻസ് ഇറക്കിയാലും രാഷ്ട്രപതിയുടെ അനുമതി ലഭിക്കില്ല എന്നാണ് നിയമോപദേശം.
കേന്ദ്രം നിയമം കൊണ്ട് വന്നതിന് പിന്നാലെ കേരള സർക്കാർ പിഴയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയതാണ് ഇപ്പോൾ തിരിച്ചടിയായത്. കേന്ദ്ര തീരുമാനം രാജ്യത്തെ ആറ് ബിജെപി ഇതര സർക്കാരുകൾ നടപ്പിലാക്കേണ്ട എന്ന് തീരുമാനിച്ചപ്പോൾ കേരളം കേന്ദ്ര നിലപാടി്ന് ഒപ്പമാണ് നിന്നത്. ഇതാണ് ഇപ്പോൾ തിരിച്ചടിയാകുന്നത്. നിലവിലെ പിഴസംഖ്യയിൽ മാറ്റം വരുത്തി ഓർഡിനൻസ് ഇറക്കണമെങ്കിൽ, കേന്ദ്ര നിയമമെന്ന നിലയ്ക്ക് രാഷ്ട്രപതിയുടെ അനുവാദം വേണം. രാഷ്ട്രപതി അനുവാദം നൽകുമെന്ന പ്രതീക്ഷ സംസ്ഥാന സർക്കാരിനില്ല. കാര്യമായ ആലോചനകളില്ലാതെ നിയമം നടപ്പാക്കി ഒടുവിൽ പുലിവാലുപിടിച്ച അവസ്ഥയിലാണിപ്പോൾ സർക്കാർ.
ഓണത്തിരക്കു കഴിഞ്ഞ് സംസ്ഥാനത്തു വീണ്ടും വാഹന പരിശോധന ആരംഭിക്കുമ്പോൾ നിലവിലെ നിയമപ്രകാരമേ പിഴ ഈടാക്കാൻ കഴിയൂ. ഇത് ജനവികാരം എതിരാക്കുമെന്ന ഭയത്തിലാണ് സർക്കാർ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ പരിശോധന പൂർണമായി ഒഴിവാക്കാൻ രഹസ്യ നിർദ്ദേശം പൊലീസിനു നൽകിക്കഴിഞ്ഞു എന്നാണ് സൂചന. പിഴ വർധിപ്പിച്ചതിന് ശേഷം പരിശോധന ശക്തമാക്കിയ കേരളത്തിൽ ആദ്യത്തെ ആഴ്ചയിൽ മാത്രം പിഴയിനത്തിൽ പിരിച്ചത് 46 ലക്ഷം രൂപയാണ്. പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് പല റോഡുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തിയിട്ട് പോരെ വൻ പിഴ ഈടാക്കുന്നത് എന്നാണ് നാട്ടുകാർ പരിശോധന ഉദ്യോഗസ്ഥരോട് ചോദിക്കുന്നത്. ഇത് പല സ്ഥലങ്ങളിലും പൊതുയിടങ്ങളിൽ തർക്കത്തിലേക്ക് എത്തിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണക്കാലത്ത് പരിശോധന പൊലീസും മോട്ടാർ വാഹന വകുപ്പും ശക്തമാക്കിയിരുന്നു. പലർക്കും വലിയ തുക തന്നെ ഓണ്കാലത്ത് പിഴയായി ഒടുക്കേണ്ടിയും വന്നു. ഇത് വലിയ രീതിയിലുള്ള ജനരോഷം തന്നെ സൃഷ്ടിക്കുകയും ചെയ്തു. ഇത് തിരിച്ചറിഞ്ഞാണ് കർശനമായ പരിശോധന വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിർദ്ദേശം നൽകിയത്. പിന്നീട് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഓണക്കാലത്ത് പരിശോധന വേണ്ടെന്ന രീതിയിലേക്ക് തീരുമാനം മാറ്റുകയും ചെയ്തിരുന്നു. നിയമം നടപ്പിലാക്കില്ലെന്നും ആദ്യ ഘട്ടത്തിൽ ആളുകൾക്ക് നിയമലംഘനം നടത്താതിരിക്കാനുള്ള ബോധലവൽക്കരണം ാണ് നൽകേണ്ടത് എന്നും സർക്കാർ അനൗദ്യോഗികമായി തീരുമാനിച്ചു.
കേന്ദ്ര നിയമം വന്നപ്പോൾ തന്നെ നടപ്പിലാക്കില്ല എന്ന് ആറ് ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചിരുന്നു. എന്നാൽ എന്താണ് സംഭവിക്കുക എന്ന് മനസ്സിലാക്കാതെ തിടുക്കത്തിൽ നിയമം നടപ്പിലാക്കിയതാണ് പിണറായി സർക്കാരിന് തിരിച്ചടിയായത്. മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലാണ് സർ്ക്കാർ ഇപ്പോൾ.അതിനിടയിൽ ഗതാഗത നിയമങ്ങൾ ജനങ്ങൾ നിസ്സാരമായി എടുക്കുന്നതിനാൽ നിയമം കടുകട്ടിയാക്കണമെന്നു പറഞ്ഞ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് സ്വന്തം പാർട്ടി ഭരിക്കുന്ന ഗുജറാത്തിൽ നിന്നു തിരിച്ചടി. ഗതാഗതനിയമലംഘനങ്ങൾക്കു കൂട്ടിയ പിഴത്തുക ഗുജറാത്ത് സർക്കാർ പകുതിയോ അതിൽ താഴെയോ ആയി കുറച്ചു.
കേരളത്തിൽ പിഴ വർധിപ്പിക്കരുത് എന്ന കാര്യത്തിൽ സിപിഎമ്മിനും കോൺഗ്രസിനും ഒരേ നിലപാടാണ്. പിഴ കുത്തനെ കൂട്ടുന്നത് അശാസ്ത്രീയമാണെന്നും ഇത്തരത്തിൽ ജനത്തിന്റെ നടുവൊടിക്കുന്ന തീരുമാനമല്ല വേണ്ടതെന്നും മറിച്ച് ബോധവൽക്കരണമാണ് പ്രധാനമെന്നുമാണ് സിപിഎം വിഷയത്തിൽ സ്വീകരിച്ച നിലപാട്.എന്തായാലും പാലാ ഉപതെരഞ്ഞെടുപ്പും ഓണവും കഴിയുന്നത് വരെ പരിശോധന ശക്തമാക്കാതെ പിടിച്ച് നിൽക്കാമെന്ന കണക്ക് കൂട്ടലിലാണ് കേരള സർക്കാർ ഇപ്പോൾ.