play-sharp-fill
എംഎൽഎയെ തല്ലിയത് അടുക്കളയിൽ വച്ചല്ലല്ലോ; ലാത്തിച്ചാർജിനിടെ എംഎൽഎയെ തിരിച്ചറിയണമെന്നു പറഞ്ഞാൽ നടക്കുമോ..! കല്ലെറിഞ്ഞത് പൊലീസ് അടിച്ചാൽ പുറം പൊളിയുമെന്ന് അറിയാതെയല്ലല്ലോ; കാനത്തിന്റെയും സംസ്ഥാന പൊലീസ് മേധാവിയുടെയും നിലപാടിനെയും വെട്ടി പിണറായി എസ്.ഐയെ സസ്‌പെന്റ് ചെയ്തു; സർക്കാരിന്റെ പൊലീസ് വിരോധത്തിൽ സേനയിൽ കടുത്ത അമർഷം

എംഎൽഎയെ തല്ലിയത് അടുക്കളയിൽ വച്ചല്ലല്ലോ; ലാത്തിച്ചാർജിനിടെ എംഎൽഎയെ തിരിച്ചറിയണമെന്നു പറഞ്ഞാൽ നടക്കുമോ..! കല്ലെറിഞ്ഞത് പൊലീസ് അടിച്ചാൽ പുറം പൊളിയുമെന്ന് അറിയാതെയല്ലല്ലോ; കാനത്തിന്റെയും സംസ്ഥാന പൊലീസ് മേധാവിയുടെയും നിലപാടിനെയും വെട്ടി പിണറായി എസ്.ഐയെ സസ്‌പെന്റ് ചെയ്തു; സർക്കാരിന്റെ പൊലീസ് വിരോധത്തിൽ സേനയിൽ കടുത്ത അമർഷം

സ്വന്തം ലേഖകൻ
തിരുവനന്തപുരം: തൊട്ടതിനും പിടിച്ചതിനും എല്ലാം പഴി പൊലീസിന്. പണിയെത്താലും അവധിയെടുത്താലും സസ്‌പെൻഷൻ. ഒരു പ്രതി സ്റ്റേഷനിനുള്ളിൽ വച്ചോ ജയിലിൽ വച്ചോ മരിച്ചാലും കൂട്ട നടപടി. ഇടത് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടപടിയ്ക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുടെ കൂട്ടത്തിൽ കൊച്ചി സെൻട്രൽ എസ്.ഐ വിപിൻ ദാസിനെ സസ്‌പെന്റ് ചെയ്ത നടപടി പൊലീസിൽ കൂടുതൽ അമർഷത്തിന് ഇടയാക്കി. എംഎൽഎയെ തല്ലിയത് അടുക്കളയിൽ വച്ചല്ലല്ലോ എന്നും ലാത്തിച്ചാർജിനിടെ അല്ലേ എന്നുമുള്ള വാദമാണ് ഇപ്പോൾ പൊലീസ് ഉയർത്തുന്നത്. അതിരൂക്ഷമായ കല്ലേറിനിടെ എസ്.ഐയ്ക്കടക്കം ഏറു കിട്ടിയപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചതും ലാത്തിച്ചാർജ് ചെയ്തതും. എന്നാൽ, ഇപ്പോൾ അക്രമം നടത്തിയവർ ഭരണത്തിന്റെ തണലിലിരുന്ന് കുതിരകയറുന്നത് പൊലീസിനു പുറത്തേയ്ക്കാണ്.
ലാത്തിച്ചാർജ്ജിൽ എസ്ഐയുടെ ഭാഗത്ത് നിന്ന് നോട്ടക്കുറവുണ്ടായെന്ന് കാരണത്തിലാണ് സസ്പെൻഷൻ. എൽദോ എബ്രഹാം എംഎൽഎയെ തിരിച്ചറിയുന്നതിൽ എസ്ഐ വിപിൻദാസിന് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഞാറയ്ക്കൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിന് നേരെ പൊലീസ് നടപടിയുണ്ടായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം എന്നിവർക്ക് പൊലീസ് മർദ്ദനമേറ്റതായും ആരോപണമുയർന്നു. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ ആവില്ലെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകിയത്. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പൊലീസുകാരുടെ പിഴവുകൾ എടുത്തുപറയാത്തതിനാൽ നടപടിയെടുക്കാൻ ആവില്ലെന്നായിരുന്നു ആഭ്യന്തരസെക്രട്ടറിയെ ഡിജിപി അറിയിച്ചത്. പതിനെട്ട് സെക്കന്റ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നായിരുന്നു ജില്ലാ കളക്ടറുടെ റിപ്പോർട്ട്.
കൊച്ചി റേഞ്ച് ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനു നേരെയാണ് പൊലീസ് ലാത്തിവീശിയത്. മാർച്ച് അക്രമാസക്തമായതോടെയാണ് പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചത്. മൂവാറ്റുപുഴ എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു പൊലീസ് ലാത്തിച്ചാർജ്ജ്. വൈപ്പിൻ കോളേജിലെ സംഘർഷത്തിൽ ഞാറയ്ക്കൽ സിഐ നടപടി സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറുകയാണെന്നും ആരോപിച്ചായിരുന്നു സിപിഐയുടെ മാർച്ച്. ഹൈക്കോടതി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ഡിഐജി ഓഫീസിന് 50 മീറ്റർ അകലെ പൊലീസ് തടഞ്ഞു. പി രാജുവിന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടൻ എൽദോ എബ്രഹാം ഉൾപ്പെടെയുള്ള സമരക്കാർ ബാരിക്കേഡിലേക്ക് തള്ളിക്കയറിയതോടെ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു.
എൽദോ എബ്രഹാം ഉൾപ്പെടെ 15 സിപിഐ പ്രവർത്തകർക്കും അസി. കമ്മിഷണർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കും സംഭവത്തിൽ പരിക്കേറ്റു. പി രാജുവിനും തലയ്ക്ക് നിസാര പരിക്കേറ്റിരുന്നു. കൈയൊടിഞ്ഞ എൽദോ എബ്രഹാം, അസി. കമ്മിഷണർ കെ ലാൽജി, വിപിൻദാസ് എന്നിവരെ ആശുപത്രിയിൽ പ്രവേശിക്കേണ്ടതായും വന്നു.