പുലര്‍ച്ചെ ആകാശത്ത് വെള്ളിവെളിച്ചം; പരിഭ്രാന്തരായി മത്സ്യത്തൊഴിലാളികള്‍
സ്വന്തം ലേഖിക
കുമരകം: കായലില്‍ പണിയെടുത്ത തൊഴിലാളികളെ അമ്പരിപ്പിച്ച് പുലര്‍ച്ചെ ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട വിസ്മയകരമായ വെള്ളിവെളിച്ചം.
ഞായറാഴ്ച്ച പുലര്‍ച്ചെയാണ് ആകാശത്ത് വെള്ളിവെളിച്ചം ദൃശ്യമായത്. സര്ക്കസുകാര് പരസ്യത്തിനായി തെളിക്കുന്ന വെളിച്ചത്തിന്റെ പതിന്മടങ്ങായിരുന്നു പ്രകാശമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആകാശത്തേയും കായലിനെയും പ്രഭാപൂരിതമാക്കിയ വെള്ളിവെളിച്ചത്തിന്റെ ഉറവിടം എന്താണെന്നറിയാതെ പകച്ച തൊഴിലാളികള്‍ ഫോണില്‍ കരയിലുള്ളവരുമായി ബന്ധപ്പെട്ടെങ്കിലും യഥാര്‍ഥ കാരണം കണ്ടെത്താനായില്ല. പിന്നീട് മണിക്കൂറുകള്‍ക്കുശേഷം ദൃശ്യ മാധ്യമങ്ങളില്‍കൂടി ഐഎസ്ആര്‍ഒ വിക്ഷേപിച്ച റോക്കറ്റാണ് തങ്ങള്‍ കണ്ടതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവരുടെ ആശങ്ക മാറിയത്.
ഐഎസ്ആര്‍ഒയുടെ 2022ലെ ആദ്യ വിക്ഷേപണമാണ് ഇന്നലെ പുലര്‍ച്ചെ നടന്നത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിജയകരമായി വിക്ഷേപിച്ചത്.
ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ 5.59 നാണ് വിക്ഷേപണം നടന്നത്. പിഎസ്എല്‍വി സി 52 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്.
1710 കിലോഗ്രാം ഉപഗ്രഹമാണ് ഇഒഎസ്-04 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഇന്‍സ്പെയര്‍സാറ്റ്-ഒന്നും ഐഎസ്ആര്‍ഒയുടെ ഐഎന്‍എസ്-2 ടിഡിയുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ക്ക് ഇത് ദര്‍ശിക്കാനായി.