യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയുള്ള ജോലി;  കെ.എസ്‌.ഇ.ബി കരാര്‍ ജീവനക്കാരന്‍ ജോലിക്കിടെ  ഷോക്കേറ്റു മരിച്ചു; മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഉത്തരവാദിത്തപ്പെട്ട  ഉദ്യോഗസ്ഥര്‍ മുങ്ങിയെന്ന് പരാതി

യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയുള്ള ജോലി; കെ.എസ്‌.ഇ.ബി കരാര്‍ ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു; മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ മുങ്ങിയെന്ന് പരാതി

സ്വന്തം ലേഖിക

ചെങ്ങന്നൂര്‍: കല്ലിശേരി ഇലക്‌ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു.

ചെട്ടികുളങ്ങര ഈരഴ വടക്ക് കൈപ്പള്ളി കുളങ്ങര വീട്ടില്‍ വാസുദേവന്റെയും ഷീബയുടെയും മകന്‍ വിശാഖ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ കല്ലിശേരി ഇലക്‌ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തിരുവന്‍വണ്ടൂര്‍ വനവാതുക്കര വാരണത്തു പടിക്കല്‍ (എല്‍. ടി. റീ കണ്ടീഷന്‍ )പഴയ ലൈന്‍ കമ്പികള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാഖിനെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടന്നതിന് തൊട്ടുപിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ അടക്കം കെഎസ്‌ഇബി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു.

പൊലീസില്‍ നിന്നുമാണ് അപകടം സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ക്ക് കിട്ടിയത്. എന്തു കൊണ്ടാണ് അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി പ്രവഹിച്ചത് എന്നത് സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല.

ജനറേറ്ററില്‍ നിന്നോ ഇന്‍വര്‍ട്ടറില്‍ നിന്നോ വൈദ്യുതി തിരികെ ലൈനിലേക്ക് പ്രവഹിച്ചതാകാം കാരണമെന്നാണ് അനൗദ്യോഗിക വിവരം. ഇക്കാര്യം സ്ഥീരികരിക്കാന്‍ പോലും കെഎസ്‌ഇബി അധികൃതര്‍ തയാറായിട്ടില്ല.

യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെയാണ് കരാര്‍ ജീവനക്കാരെ ജോലിക്ക് പറഞ്ഞു വിടുന്നത്. ഇവരുടെ സുരക്ഷിതത്വം കരാറുകാരനോ കെഎസ്‌ഇബിയോ ഉറപ്പു വരുത്തുന്നില്ല. തൊഴിലിനിടെ മരിച്ചാല്‍ ആനുകൂല്യം കിട്ടാനും വകുപ്പില്ല.

പോസ്റ്റില്‍ കയറി ജോലി ചെയ്യുന്നവര്‍ക്ക് ഷോക്കേല്‍ക്കാതിരിക്കാനും അഥവാ ഏറ്റാല്‍ തന്നെ തെറിച്ചു താഴേക്ക് വീഴാതിരിക്കാനുമുള്ള കവചങ്ങളും ബെല്‍റ്റുകളുമൊക്കെ നല്‍കേണ്ടതുണ്ട്. ഇവിടെ അതൊന്നുമുണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം. വിശാഖിന്റെ സംസ്‌കാരം പിന്നീട്. ഭാര്യ : അനഘ. മകള്‍ : വാമിക.