സർക്കാർ ആശുപത്രിയിലെ പകൽക്കൊള്ള; ഭിന്നശേഷിക്കാരായ കൂട്ടികള്‍ക്ക് ഐ.ക്യൂ ടെസ്റ്റ് നടത്താന്‍ അന്യായ തുക
സ്വന്തം ലേഖിക
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന പകല്‍ക്കൊള്ളയെകുറിച്ച് രണ്ട് അമ്മമാരുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.
ഭിന്നശേഷിക്കാരായ കൂട്ടികള്‍ക്ക് ഐ.ക്യൂ ടെസ്റ്റ് നടത്താന്‍ അന്യായമായി തുക ഈടാക്കുന്നതിനെതിരെയാണ് സിന്‍സി അനില്‍, മിത്ര സതീഷ് എന്നിവര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഠനവൈകല്യമുള്ള കുട്ടിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനാണ് സിന്‍സിയും മിത്രയും കുട്ടികളുമായി എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ഐ.ക്യു ടെസ്റ്റിനെത്തിയത്.
1,000 രൂപ കൊണ്ട് വരണം എന്ന് ഹോസ്പിറ്റലില്‍ നിന്നും തലേന്ന് വിളിച്ചു പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ ഇതൊരു ചൂഷണം ആണെന്ന തോന്നലുണ്ടായിരുന്നുവെന്നും റെസിപ്റ്റ് വാങ്ങണമെന്ന് മനസ്സ് പറഞ്ഞിരുന്നുവെന്നും സിന്‍സി എഴുതുന്നു.
ആശുപത്രിയില്‍ ഒമ്പത് മണിക്ക് എത്താനായിരുന്നു പറഞ്ഞത്. ഇവര്‍ കൃത്യസമയത്ത് എത്തിയെങ്കിലും ടെസ്റ്റ് നടത്തുന്ന മാഡം 10.30നാണ് എത്തിയതെന്നും സിന്‍സിയുടെ കുറിപ്പില്‍ പറയുന്നു.
20 -25 ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും ഹാളിലുണ്ടായിരുന്നു. ഇവരില്‍ നിന്നെല്ലാം റെസിപ്റ്റ് പോലും നല്‍കാതെ 1000 രൂപ വീതം വാങ്ങി.
ഇതേക്കുറിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ സിന്‍സി എഴുതിയ കമന്റാണ് വിഷയത്തില്‍ അന്വേഷണത്തിന് വഴിതെളിച്ചത്.
തൃപ്പുണിത്തുറ ആശുപത്രിയില്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടതായി വൈകിട്ട് മന്ത്രി തന്നെ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.