സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണം; ഹൈക്കോടതി
സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി.
അഞ്ച് മെഡിക്കൽ കോളേജുകളിൽ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ രാത്രി പോസ്റ്റ്‌മോർട്ടത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാതിരിക്കരുത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും രാത്രി പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കണം.
രാത്രി പോസ്റ്റ്‌മോർട്ടം ഒഴിവാക്കുന്നതിന് ഫോറൻസിക് സർജൻമാർ മുന്നോട്ട് വച്ച കാരണങ്ങൾ സ്വീകാര്യമല്ല. സർക്കാരിന്റെ സാമ്പത്തിക പരിമിതികൾ കൂടി കണക്കിലെടുത്ത് ഫോറൻസിക് സർജൻമാർ സഹകരിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിൽ പറഞ്ഞു.
അസ്വാഭാവിക മരണങ്ങളിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കാൻ സർക്കാർ സൗകര്യം ചെയ്യണം, ചെലവ് സർക്കാർ വഹിക്കണം.
മരിച്ചയാളുടെ ബന്ധുക്കൾ മൃതദേഹത്തിനായി ആശുപത്രിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങേണ്ടി വരുന്നത് ഒഴിവാക്കണം.
മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് സമയപരിധി നിശ്ചയിക്കണം, താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. സമയപരിധി തീരുമാനിക്കാൻ ആറുമാസത്തിനകം ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.