play-sharp-fill
കുഞ്ഞൻ പൂച്ചയെക്കണ്ട് കൊമ്പൻ വിരണ്ടു; ആന പരിഭ്രാന്തനായി ഓടി എംസി റോഡില്‍ മണിക്കൂറോളം ​ഗതാ​ഗതം തടസപ്പെട്ടു

കുഞ്ഞൻ പൂച്ചയെക്കണ്ട് കൊമ്പൻ വിരണ്ടു; ആന പരിഭ്രാന്തനായി ഓടി എംസി റോഡില്‍ മണിക്കൂറോളം ​ഗതാ​ഗതം തടസപ്പെട്ടു

സ്വന്തം ലേഖകൻ

കൊല്ലം: കൊട്ടാരക്കര വെട്ടിക്കവലയില്‍ ആനയിടഞ്ഞതിനെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു.


ഉത്സവത്തിന് എത്തിച്ച മണികണ്ഠന്‍ എന്ന ആനയാണ് ഇടഞ്ഞത് . ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കൂറോളം ആന പിടിതരാതെ പരക്കം പാഞ്ഞത് ആശങ്ക സൃഷ്ടിച്ചെങ്കിലും നാലേ കാലോടെ ആനയെ തളച്ചു. അപകടസാധ്യത മുന്‍നിര്‍ത്തി മയക്കുവെടിവയ്ക്കാനായി വനംവകുപ്പ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ടിക്കാവ് ക്ഷേത്ര പരിസരത്ത് നിന്നും നാലു കിലോമീറ്ററോളം വിരണ്ടോടിയ ആനയെ ഏറെ പണിപ്പെട്ടാണ് തളച്ചത്. ആനയ്ക്ക് മുന്‍പിലും പിന്നിലുമായി പലവട്ടം പാപ്പാന്‍മാര്‍ ഓടി. അവര്‍ക്കൊപ്പം പിന്നാലെയുമായി നെടുമണ്‍കാവ് മണികണ്ഠന്‍ എന്ന ആനയും ഓടി. വെട്ടിക്കവല ക്ഷേത്ര പരിസരത്തു നിന്ന് ഈ ഓട്ടം തുടങ്ങിയ ആന ഓടി ഓടി എം സി റോഡില്‍ കയറിയതോടെ ദേശീയപാതയിലും ഗതാഗതം സ്തംഭിച്ചു,

ആന വിരണ്ടതറിഞ്ഞ് വന്‍ പൊലീസ് സംഘം റോഡിലിറങ്ങി. എം സി റോഡിലൂടെ പോകേണ്ട വണ്ടികളത്രയും വഴി തിരിച്ചു വിട്ടു. നാട്ടുകാരെ നന്നായി വിരട്ടിയെങ്കിലും വന്ന വഴിയില്‍ കാര്യമായ നാശനഷ്ടമൊന്നും ഉണ്ടാക്കാതെയായിരുന്നു മണികണ്ഠനാനയുടെ ഓട്ടം. പഴക്കുല കൊടുത്തൊക്കെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പഴക്കുല വിഴുങ്ങിയതല്ലാതെ ആനക്കലി അടങ്ങിയില്ല.

ഒടുവില്‍ നാലു കിലോ മീറ്ററിലേറെ ഓടിയ ആന എം സി റോഡില്‍ നിന്നകന്ന് കക്കാട്ടെ റബര്‍ തോട്ടത്തില്‍ ഓട്ടം നിര്‍ത്തി. ഈ സമയത്ത് എത്തിയ എലിഫന്റ് സ്ക്വാഡും വനം വകുപ്പുദ്യോഗസ്ഥരും കൂച്ചുവിലങ്ങിട്ട് ആനയെ തളക്കുകയായിരുന്നു. പൂച്ച കുറുകെ ചാടിയപ്പോള്‍ പരിഭ്രാന്തനായി ആന ഓടിയെന്നാണ് പാപ്പാന്‍മാര്‍ പറയുന്നത്. എന്നാല്‍ പാപ്പാന്‍മാരുടെ വാദം പൂര്‍ണമായി വിശ്വസിക്കാന്‍ വനം വകുപ്പ് തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.