തേർഡ് ഐ ബ്യൂറോ
കൊച്ചി: വനിതാ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ പോസ്റ്ററാക്കി അശ്ലീല ചുവയോടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. സുന്ദരികളായ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ ദ്വയാർത്ഥം വരുന്ന പദപ്രയോഗങ്ങളോടെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചവർക്കെതിരെയാണ് പൊലീസ് കർശന നടപടികൾക്ക് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ചു നേരത്തെ ലഭിച്ച പരാതികളെല്ലാം ഒന്നിച്ച് ചേർത്തു വച്ച് സംസ്ഥാന സൈബർ സെല്ലും ഹൈടെക്ക് സെല്ലും ചേർന്നു അന്വേഷിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വിവിധ വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ചിത്രം സഹിതമാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നത്. പല പ്രചാരണങ്ങളും അശ്ലീലതയുടെ അതിർവരമ്പ് കടന്നു പോകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പല സ്ഥാനാർത്ഥികളും ഇതിനെതിരെ സൈബർ സെല്ലിനും ഹൈടെക് സെല്ലിനും പരാതിയും നൽകിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവി തന്നെ ഈ വിഷയത്തിൽ നിർദേശവുമായി രംഗത്ത് എത്തിയത്. സ്ഥാനാർത്ഥികളുടെ സ്വകാര്യതയെ ബാധിക്കുന്ന രീതിയിലാണ് പല പ്രചാരണങ്ങളും നടന്നിരുന്നത്. ചിലത് ആകട്ടെ സ്ഥാനാർത്ഥികളുടെ ചിത്രം മോർഫ് ചെയ്തും, അശ്ലീല കമന്റ് രേഖപ്പെടുത്തിയും പ്രചരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് കർശന നടപടികൾക്കൊരുങ്ങുന്നത്.
പ്രധാനമായും വാട്‌സ്അപ്പ് വഴിയാണ് ഇത്തരത്തിലുള്ള അശ്ലീല പരാമർശം നടക്കുന്നതെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഐടി ആക്ടിലെയും, കേരള പൊലീസ് ആക്ടിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വകുപ്പുകൾ അനുസരിച്ചുള്ള നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ സ്‌പെഷ്യൽ സെൽ ജില്ലാ പൊലീസ് മേധാവിമാർക്കും, അതത് പൊലീസ് സ്റ്റേഷനുകൾക്കും നൽകിയിരിക്കുന്ന നിർദേശം.