കുട്ടനാട്ടിലെങ്ങും സഹനത്തിന്റെ നേർക്കാഴ്ചകൾ; മൂത്രമൊഴിക്കാൻ പോലും സാധിക്കാതെ സ്ത്രീകൾ

കുട്ടനാട്ടിലെങ്ങും സഹനത്തിന്റെ നേർക്കാഴ്ചകൾ; മൂത്രമൊഴിക്കാൻ പോലും സാധിക്കാതെ സ്ത്രീകൾ

സ്വന്തം ലേഖകൻ

കുട്ടനാട്: മഴ ശമിച്ചിട്ടും ദുരിത കയത്തിൽനിന്ന് കരകയറാതെ കുട്ടനാട്ടിലെ ജനങ്ങൾ.ജില്ലയിലെ മുന്നൂറ്റി അമ്പതോളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് അരലക്ഷത്തിലധികം ആൾക്കാരാണ്. വീടുകൾ കയ്യേറിയ വെള്ളം ഒഴിയാൻ ദുരിതാശ്വാസ ക്യാമ്പുകളിലെ ദുരിത ജീവിതത്തിന്റെ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് കുട്ടനാട്ടുകാർ. ഓരോ നിമിഷവും സഹനത്തിന്റേയും ആതിയുടേയും നേർക്കാഴ്ചകളാണ് ഞങ്ങൾ കണ്ടത്. ഒരു പ്രദേശത്ത് ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രമാണ് ഉണ്ടാവുക. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ഒരുമിച്ച്. സ്ത്രീകൾക്ക് മൂത്രമൊഴിക്കാൻ ഇരുട്ടു പരക്കുന്നവരെ കാത്തിരിക്കണം. പല ക്യാമ്പുകളിലും ഒന്നോ രണ്ടോ ടോയ്‌ലെറ്റുകൾ മാത്രമാണുള്ളത്. ഇവിടങ്ങളിലൊക്കെ ആയിരത്തിനടുത്ത് ആൾക്കാർ താമസിക്കുന്നുണ്ട്. പലരും കുളിച്ചിട്ട് തന്നെ ഒരാഴ്ചയായി. പ്രസവ ശുശ്രൂഷയിലും മുലയൂട്ടുന്നവരുമായുള്ള സ്ത്രീകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത്. റവന്യൂ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും ഇടയ്ക്ക് ഇവിടേയ്ക്ക് എത്തും. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സാധനങ്ങൾ ഇവർ എത്തിക്കും. ഡോക്ടർമാർ മരുന്ന് നൽകും. എങ്കിലും കുഞ്ഞുങ്ങളേയും കൊണ്ട് ക്യാമ്പിൽ കഴിയുന്നവർക്ക് ദുരിതം തന്നെയാണ് മിച്ചം.
ആലപ്പുഴയിൽ മൂന്ന് മന്ത്രിമാരുണ്ടെങ്കിലും ഒരാളും തങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ക്യാമ്പിലുള്ളവരുടെ പരാതി.