സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടന്നിട്ടും കാൽനടക്കാരന് രക്ഷയില്ല: ഏറ്റുമാനൂരിൽ കാൽനടക്കാരനെ ലോറി ഇടിച്ചിട്ടു; പരിക്കേറ്റ അതിരമ്പുഴ സ്വദേശി ആശുപത്രിയിൽ

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടന്നിട്ടും കാൽനടക്കാരന് രക്ഷയില്ല: ഏറ്റുമാനൂരിൽ കാൽനടക്കാരനെ ലോറി ഇടിച്ചിട്ടു; പരിക്കേറ്റ അതിരമ്പുഴ സ്വദേശി ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടന്ന കാൽനടക്കാരനെ ലോറി ഇടിച്ചു തെറിപ്പിച്ചു. കൃത്യമായി നിയമം പാലിച്ചു നടന്നിട്ടു പോലും കേരളത്തിലെ റോഡുകളിൽ കാൽനടക്കാർക്ക് രക്ഷയില്ലെന്നതാണ് ഇത് തെളിയിക്കുന്നത്. അതിരമ്പുഴ നാൽപ്പാത്തിമല തടത്തിൽ വീട്ടിൽ ജെയിംസിനെയാണ് (47) ഏറ്റുമാനൂരിൽ ലോറി ഇടിച്ചു തെറിപ്പിച്ചത്.

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ എംസി റോഡിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിലെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു ജെയിംസ്. ഈ സമയം കോട്ടയം ഭാഗത്തു നിന്നും എത്തിയ ലോറി ജെയിംസിനെ ഇടിച്ചു തെറിപ്പിച്ചു. ഇടിയേറ്റ് റോഡിൽ ജെയിംസ് തെറിച്ചു വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ജെയിംസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. സാരമായി പരിക്കേറ്റ ജെയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കോട്ടയത്തു നിന്നും മൂവാറ്റുപുഴയിലേയ്ക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തിൽ കേസെടുത്ത ഏറ്റുമാനൂർ പൊലീസ്, ലോറി ഡ്രൈവറെയും ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

രണ്ടാഴ്ച മുൻപ് ഇതേ സ്ഥലത്തു വച്ചു, മിന്നൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. ഇതേ സ്ഥലത്തു തന്നെയാണ് ഞായറാഴ്ചയും അപകടം ഉണ്ടായത്.