സുറുമ എഴുതിയ മിഴികളില്‍ കവിത എഴുതിയ കേച്ചേരി…! യൂസഫലി കേച്ചേരിയുടെ ഓർമകൾക്കിന്ന് 8 വയസ്സ്

സുറുമ എഴുതിയ മിഴികളില്‍ കവിത എഴുതിയ കേച്ചേരി…! യൂസഫലി കേച്ചേരിയുടെ ഓർമകൾക്കിന്ന് 8 വയസ്സ്

സ്വന്തം ലേഖകൻ

കവിത എഴുതാൻ വേണ്ടിയാണ് യൂസഫലി കേച്ചേരി ജീവിച്ചതുതന്നെ. എന്നാൽ ജീവിക്കാൻ വേണ്ടി അദ്ദേഹത്തിന് സിനിമാഗാനങ്ങളും എഴുതേണ്ടിവന്നു. കവിതയെ സാധാരണക്കാരനോട് അടുപ്പിച്ച അദ്ദേഹം സിനിമാ ഗാനങ്ങളെ പണ്ഡിതരുടെയും പ്രിയപ്പെട്ട സാഹിത്യമാക്കി. അതിനദ്ദേഹത്തെ സഹായിച്ചത് സംസ്കൃതം എന്ന ദേവഭാഷയും. ദേവൻമാരുടെ ഭാഷയാണെങ്കിലും മൃതഭാഷ കൂടിയാണ് സംസ്കൃതം. സംസാരിക്കപ്പെടാതെ, എഴുതപ്പെടാതെ പുതിയ കാലത്ത് അന്യം നിന്നുകൊണ്ടിരിക്കുന്ന, ഗവേഷകർക്കുപോലും കടുകട്ടിയായ സംസ്കൃതത്തിൽ പാട്ടെഴുതാൻ ധൈര്യം കാണിച്ച ഒരേയൊരു മലയാള കവിയും യൂസഫലി തന്നെ. പാട്ടിന്റേയും കവിതകളുടേയും ലോകത്തുനിന്ന് കവി വിടവാങ്ങിയത് 2015 മാര്‍ച്ച് 21നാണ്.

യൂസഫലി കേച്ചേരിയുടെ വരികൡലൂടെ കൃഷ്ണപ്രേമവും ഭക്തിയും സൗന്ദര്യാരാധനയും മലയാളികളിലേക്ക് ഒഴുകി. കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് യൂസഫലി കേച്ചേരി. കുട്ടിക്കാലത്ത് കവിതകള്‍ രചിച്ചാണ് അദ്ദേഹം എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നത്. സംസ്‌കൃതത്തിലുള്ള ഗാനങ്ങളടക്കം ഇരുന്നൂറിലേറെ സിനിമകള്‍ക്ക് അദ്ദേഹം ഗാനങ്ങളെഴുതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ എന്ന സിനിമയിലെ ‘ഗേയം ഹരിനാമധേയം’ എന്ന പാട്ടു കേൾക്കു മ്പോൾ സംസ്കൃത വാക്കുകളെപ്പറ്റി ചിന്തിച്ചു തല പുണ്ണാക്കാതെ മലയാളി അനുഭവിച്ചത് പ്രണയത്തിന്റെയും ഭക്തിയുടെയും അനുഭൂതി. അതു തന്നെയാണ് ആ പാട്ടിന്റെ ശക്തി. ഈ ഗാനത്തിനാണ് യൂസഫലിക്ക് രാജ്യത്തെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചത്. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന കഥ മഴയായി മാറി ഇന്നും പെയ്തു തോരാത്തത് യുസഫലിയുടെ പാട്ടുകളുടെ ശക്തി കൊണ്ടു കൂടിയാണ്.

കൃഷ്ണ കൃപാ സാഗരം…മൂന്നു സംസ്കൃത വാക്കുകൾകൊണ്ട് യുസഫലി സൃഷ്ടിച്ചത് അചഞ്ചലമായ കൃഷ്ണ ഭക്തിയുടെ എന്നും ചിരി തൂകൂന്ന പീലിത്തിരുമുടി. ജാനകീ ജാനേ എന്നു പാട്ടിനു കയ്യടിച്ചവരിൽ പണ്ഡിതരും പാമരരുമുണ്ട്. ഇതേ കവി തന്നെയാണ് ‘എഴുതിയതാരാണ് സുജാത, നിന്റെ കരിമിഴിക്കോണിലെ കവിത’ എന്ന ശുദ്ധ മലയാള ഗാനവും സൃഷ്ടിച്ചത്. എന്തു ഭംഗി നിന്നെ കാണാൻ എന്നു ചോദിച്ചത്. കണ്ണീർ മഴയത്ത് എന്നു സങ്കടപ്പെട്ടത്. തേടുന്നരാതെ എന്ന് വിരഹാർദ്രനായി ചോദിച്ചത്. അനുരാഗം ഗാനം പോലെ എന്ന നിർവൃതിയിൽ ലയിച്ചത്. സുറുമയെഴുതിയ മിഴികളുടെ സ്വപ്നഭംഗിയെക്കുറിച്ച് വാചാലനായത്. കസവിന്റെ തട്ടത്തെക്കുറിച്ച് ഓർമിപ്പിച്ചത്. പേരറിയാത്ത നൊമ്പരത്തെ സ്നേഹമെന്നു വാഴ്ത്തിയത്.

കേച്ചേരി പുഴ നാനാ ജാതി മതസ്ഥരുടെയും സ്വന്തമെന്നപോലെ യൂസഫലിയും മതാതീത ഭക്തിയിലാണു വിശ്വസിച്ചത്.കേവലം ഒരു പുൽക്കൊടിയിൽ പോലും ദൈവത്തിന്റെ സാന്നിധ്യം അറിഞ്ഞ അമേരിക്കൻ കവി വാൾട്ട് വിറ്റ്മാൻ ആയിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കവി.

സൈനബയാണ് യൂസഫലി കേച്ചേരിയുടെ ആദ്യ ചിത്രം. അഞ്ചു കന്യകകള്‍, സൂര്യഗര്‍ഭം, രാഘവീയം തുടങ്ങി നിരവധി കവിതാസമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന് അദ്ദേഹം തിരക്കഥ എഴുതി. നീലത്താമര, വനദേവത ,മരം എന്നീ മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മഴയിലെ ഗാനരചനയ്ക്ക് അദ്ദേഹം ദേശീയപുരസ്‌കാരം നേടി. അര്‍ഥസമ്പുഷ്ടമായ കവിതകളിലൂടെ ധ്വനിസാന്ദ്രമായ പാട്ടുകളിലൂടെ ആ സര്‍ഗസാന്നിധ്യം നമ്മള്‍ അനുഭവിക്കുന്നു.