രമേശ് ചെന്നിത്തലയുടെ യാത്രയ്ക്ക് ആദരാഞ്ജലിയുമായി വീക്ഷണം: ആരോപണവുമായി ഐ ഗ്രൂപ്പ്; ജാഥ തുടങ്ങിയ ദിവസം തന്നെ മറ നീക്കിയത് ഗ്രൂപ്പ് പോര്

രമേശ് ചെന്നിത്തലയുടെ യാത്രയ്ക്ക് ആദരാഞ്ജലിയുമായി വീക്ഷണം: ആരോപണവുമായി ഐ ഗ്രൂപ്പ്; ജാഥ തുടങ്ങിയ ദിവസം തന്നെ മറ നീക്കിയത് ഗ്രൂപ്പ് പോര്

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ പ്രചാരണ സമിതി അധ്യക്ഷനാക്കി തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കിയ കോൺഗ്രസിൽ പൊട്ടിത്തെറി.
സംശുദ്ധം സദ് ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയാണ് ഗ്രൂപ്പിസത്തിന് വിത്ത് പാകുന്നത്. എ. ഗ്രൂപ്പ് നേതാവ് പി.ടി തോമസ് ആണ് വീക്ഷണത്തിൻ്റെ മാനേജിംങ്ങ് ഡയറക്ടർ എന്നതും വിവാദത്തിൻ്റെ വീര്യം കൂട്ടി.

ജാഥയുടെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ച്‌ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ഇന്ന് പ്രസിദ്ധീകരിച്ച സപ്ലിമെന്റിലാണ് യാത്രയ്ക്ക് ആശംസയ്‌ക്ക് പകരം ആദരാഞ്ജലികളെന്ന് ഒന്നിലധികം തവണ അടിച്ച്‌ ചേര്‍ത്തിരിക്കുന്നത്. രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുളള നേതാക്കളുടെ ഫോട്ടോകള്‍ക്ക് താഴെയാണ് ആദരാഞ്ജലികള്‍ എന്ന് അടിച്ചു ചേര്‍ത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യല്‍ മീഡിയയില്‍ പരിഹാസവുമായി ആളുകള്‍ രംഗത്തെത്തിയതോടെ നടപടിയുമായി വീക്ഷണം മാനേജ്മെന്റും രംഗത്തെത്തി.

പേജ് ഫൈനല്‍ പ്രൂഫ് വായന കഴിഞ്ഞ് മാറ്ററിന് അംഗീകാരം നല്‍കിയ ശേഷമാണ് ഇത്തരമൊരു അട്ടിമറി നടന്നതെന്നാണ് സൂചന. സപ്ലിമെന്റ് പരസ്യം പത്രത്തിന് പുറത്ത് കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനമാണ് ചെയ്‌തു വരുന്നത്. പി ഡി എഫ് എടുക്കുന്നതിനിടയിലാണ് ആശംസകള്‍ എന്നത് മാറ്റി ആദരാഞ്ജലികളെന്ന് ചേര്‍ത്തതെന്നാണ് വിവരം. സപ്ലിമെന്റ് പേജുകള്‍ അവിടെ നിന്ന് നേരിട്ട് പ്രസിലേക്ക് അയക്കുകയായിരുന്നു. പത്രം പ്രിന്റ് ചെയ്‌ത ശേഷമാണ് ചതി മനസിലായതെന്നാണ് മാനേജ്മെന്റ് വിശദീകരണം.

വീക്ഷണത്തിനെതിരെ വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്ന വ്യക്തികളുടെ സ്വാധീനത്തിലാണ് സ്വകാര്യ കമ്പനി ഇത് ചെയ്‌തതെന്നും കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും വീക്ഷണം വ്യക്തമാക്കി. അംഗീകരിച്ച്‌ വിട്ട മാറ്ററില്‍ തിരുത്ത് വരുത്തിയ ശേഷം സ്വകാര്യ കമ്ബനി നടത്തിയ അട്ടിമറി ഗൗരവത്തോടെയാണ് കാണുന്നതെന്നും മാനേജ്മെന്റ് പറയുന്നു.

അതേസമയം നടപടി സ്വീകരിക്കുമ്ബോഴും ആദരാഞ്ജലികള്‍ എന്ന് പ്രയോഗിച്ചത് തെറ്റല്ലെന്ന വാദവും മാനേജ്മെന്റും ഭാഷാ വിദഗ്ദ്ധരും ഉയര്‍ത്തുന്നുണ്ട്. ആദരവോടെയുളള കൂപ്പുകൈ എന്നര്‍ത്ഥത്തില്‍ വാക്ക് ഉപയോഗിക്കാമെന്നാണ് ഇവരുടെ വാദം. ബഹുമാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ ഫൈനല്‍ പ്രൂഫിന് ശേഷം അത്തരമൊരു തിരുത്ത് വരുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്.

കെ പി സി സി വീക്ഷണം മാനേജ്‌മെന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. ജാഗ്രതക്കുറവുണ്ടായി എന്നാണ് വീക്ഷണത്തിന്റെ മറുപടി. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടുത്ത അതൃപ്‌തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.