വിവാഹപ്പിറ്റേന്ന് നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ് !
സ്വന്തം ലേഖകൻ
തൊടുപുഴ: മറ്റൊരു മതസ്ഥനായ യുവാവുമായി പ്രണയത്തിലായ യുവതിയെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിക്കൊണ്ടുപോയതായി പരാതി. ഇടുക്കി തങ്കമണിയില്‍ നിന്നുമാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്.
സംഭവത്തില്‍ കൊല്ലം സ്വദേശികളായ അനീഷ് ഖാൻ, യദു കൃഷ്ണൻ എന്നീ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനീഷ് ഖാൻ ആണ് ഒന്നാം പ്രതി. ഇയാളുടെ ബന്ധുവായ യുവതിയെയാണ് മൂന്നുവാഹനങ്ങളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തങ്കമണി സ്വദേശിയായ രഞ്ജിത് എന്നയാളുമായി യുവതി പ്രണയത്തിലായിരുന്നു.
ഇരുവരും കഴിഞ്ഞദിവസം ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാകുകയും രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടിൽ കഴിയുകയുമായിരുന്നു.
ഇതിനിടെ കൊല്ലത്തുനിന്നെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി രഞ്ജിത്തിനെയും സഹോദരിയെയും സഹോദരിയുടെ ഭര്‍ത്താവിനെയും ആക്രമിച്ചശേഷം പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
പരാതി ഉയർന്നതോടെ കൊല്ലം ജില്ലയിലെ പൊലീസ് സ്‌റ്റേഷനില്‍ യുവതിയെ കഴിഞ്ഞദിവസം പ്രതികൾ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി തനിക്ക് രഞ്ജിത്തിനൊപ്പം പോകാനാണ് താത്പര്യമെന്ന് പറഞ്ഞു.
അതിൻപ്രകാരം യുവാവിനൊപ്പം പോയ യുവതിയെ വാഹനം തടഞ്ഞ് വീണ്ടും തട്ടിക്കൊണ്ടുപോയി. ഇതേത്തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവായ അനീഷ് ഇത്തവണ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നയാളാണ്. യദുകൃഷ്ണൻ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.