ജനനായകൻ ജീവനോടെ തിരിച്ചു വരണമെന്ന പ്രാര്‍ത്ഥന വെറുതെയായി ; കേരളത്തെ കണ്ണീരിലാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മടക്കം; മലയാളികൾ ഉറക്കമുണർന്നത് ജനങ്ങളുടെയൊപ്പം ജീവിച്ച ജനനായകന്റെ അപ്രതീക്ഷിത വിയോഗ വാർത്ത കേട്ട് !
സ്വന്തം ലേഖകൻ
ബംഗളൂരു: രാഷ്ട്രീയ വളര്‍ച്ചയുടെ പടികള്‍ ഓരോന്ന് കയറുമ്പോഴും ജന്‍മനാടുമായും നാട്ടുകാരുമായും സൂക്ഷിച്ച ഹൃദയബന്ധമാണ് ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ എന്നും വിത്യസ്തനാക്കിയത്.
മഞ്ചേശ്വരത്തിനും പാറശാലയ്ക്കുമിടയിലെ നിരന്തര യാത്രകളിലൂടെ രാഷ്ട്രീയ കേരളത്തോളം വളര്‍ന്ന ഉമ്മന്‍ചാണ്ടി പുതുപ്പളളിയില്‍ നിന്നായിരുന്നു ആ യാത്രകളത്രയും തുടങ്ങിയതും അവസാനിപ്പിച്ചതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ച്ചയായി അമ്പത്തിമൂന്നു കൊല്ലം ഒരു മണ്ഡലത്തില്‍ നിന്ന് തന്നെ ജയിക്കുകയെന്ന അത്യപൂര്‍വ ബഹുമതിയാണ് ആ ഹൃദയബന്ധത്തിനുളള സമ്മാനമായി പുതുപ്പളളിക്കാര്‍ ഉമ്മന്‍ചാണ്ടിക്ക് കൊടുത്തത്.
1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ. ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം.
കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം.
ആരോഗ്യത്തോടെ തിരിച്ച വരണമേ എന്ന പ്രാര്‍ത്ഥനയോടെയാണ് ഉമ്മൻ ചാണ്ടിയെ ചികില്‍സയ്ക്ക് മലയാളി ബാംഗ്ലൂരുവിലേക്ക് അയച്ചത്. അതിന് വേണ്ടി മറുനാടൻ മലയാളി നടത്തിയ പോരാട്ടം വലിയ ചര്‍ച്ചയായി.
എങ്ങനേയും ഉമ്മൻ ചാണ്ടിക്ക് വിദഗ്ധ ചികില്‍സ ഉറപ്പിക്കുക എന്നതു മാത്രമായിരുന്നു ആ സമയത്ത് മറുനാടൻ മലയാളി ലക്ഷ്യമിട്ടത്. ഇത് പലവിധ ചര്‍ച്ചയായി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെ ഇടപെട്ടു.
അങ്ങനെ ഉമ്മൻ ചാണ്ടി ബംഗളൂരുവിലെത്തി. പക്ഷേ അതിനും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുടെ ജീവൻ നീട്ടിയെടുക്കാനായില്ല. ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.
ക്യാൻസര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.25-നായിരുന്നു മരണം. മകൻ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഉമ്മൻ ചാണ്ടിക്ക് തുടര്‍ച്ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സഹോദരനുള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു.
ഇതോടെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തില്‍ അടുത്ത ബന്ധുക്കള്‍ പോലും ആശങ്കയിലാണെന്ന് വ്യക്തമായി. മറുനാടൻ പുറത്തു വിട്ട വാര്‍ത്തയ്ക്ക് പിന്നാലെ കോളിളക്കങ്ങളുണ്ടായി.
എങ്ങനേയും ഉമ്മൻ ചാണ്ടിയുടെ മടങ്ങി വരവായിരുന്നു ആ വാര്‍ത്തകളുടെ ലക്ഷ്യം. ജൂലൈ 18 ചൈവ്വ രാവിലെ മലയാളി ഞെട്ടിയുണര്‍ന്നത് ഉമ്മൻ ചാണ്ടിയുടെ വിയോഗ വാര്‍ത്ത കേട്ടാണ്. കേരളം ഏറെ ആഗ്രഹിച്ച നേതാവ് ഇനിയില്ല.
ജര്‍മനിയിലെ ചികിത്സയ്ക്കുശേഷം ബെംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിലാണ് തുടര്‍ച്ചികിത്സ നല്‍കിയത്. ഇവിടേക്ക് ഉമ്മൻ ചാണ്ടിയെ കൊണ്ടു പോയി. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും അമേരിക്കയിലും ദുബായിലും സിഎംസി വെല്ലൂരിലും ജര്‍മ്മനിയിലും ചികില്‍സ തേടിയെങ്കിലും രോഗ നിര്‍ണ്ണയം നടന്നതല്ലാതെ രോഗത്തിനുള്ള ചികില്‍സ ഉമ്മൻ ചാണ്ടിക്ക് കിട്ടിയിട്ടില്ലെന്നാണ് സഹോദരൻ അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്.
ജര്‍മനിയിലെ ചാരിറ്റി ആശുപത്രിയിലെ ചികില്‍സയ്ക്ക് ശേഷം ബംഗ്ലൂരിലെ തുടര്‍ ചികില്‍സയ്ക്ക് വിധേയനായി ജനുവരിയില്‍ തിരുവനന്തപുരത്ത് എത്തി. വീണ്ടും തുടര്‍ ചികില്‍സയ്ക്ക് പോകണമായിരുന്നു. മറുനാടന്റെ പോരാട്ടം അത് സാധ്യമാക്കി. പക്ഷേ ആരോഗ്യത്തിലേക്ക് മടങ്ങി വരാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞില്ല.
2015 മുതലാണ് ഉമ്മൻ ചാണ്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തിരക്കുപിടിച്ച നേതാവായതിനാല്‍ അദ്ദേഹം സ്വന്തം കാര്യത്തില്‍ കാര്യമായി ഒന്നും ശ്രദ്ധിച്ചിരുന്നില്ല. അന്ന് തൊണ്ടയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ തിരുവനന്തപുരത്ത് ഇഎൻടി ഡോക്ടറെ കണ്ട് ചികിത്സ തേടി.
ആറ് മാസത്തോളം അന്ന് ചികിത്സ തേടുകയുണ്ടായി. തുടര്‍ന്ന് അങ്കമാലിയിലെ സിദ്ധ, നാച്ചുറോപ്പതി ചികിത്സ തേടുകയാണ് ഉണ്ടായത്. ഇതിന് ശേഷം 2019 ല്‍ ഉമ്മൻ ചാണ്ടി അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു.
തൊണ്ടയില്‍ ചെറിയ വളര്‍ച്ച ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് അമേരിക്കയില്‍ ചികിത്സ നടത്തിയത്. അന്ന് പെറ്റ് സ്‌കാൻ അടക്കം നടത്തി രോഗനിര്‍ണയം നടത്തുകയുണ്ടായി.
വെല്ലൂരിലെ ചികിത്സയില്‍ തൊണ്ടയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വ്യക്തമായി. പിന്നീട് തിരുവനന്തപുരത്തെ ആര്‍സിസിയില്‍ ചികിത്സ തേടി. ഇതിനിടെ ഡെങ്കിപ്പനി പിടികൂടിയതു കൊണ്ട് ആയുര്‍വേദ ചികിത്സയാണ് തുടര്‍ന്ന് നടത്തിയത്.
ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് വിഷയം പൊതുജന മധ്യത്തിലേക്ക് വന്നത്. നേരത്തെ ബെര്‍ലിനില്‍ ഉമ്മൻ ചാണ്ടിയെ ചികിത്സക്ക് കൊണ്ടുപോയത് ചാണ്ടി ഉമ്മൻ, മകള്‍ മറിയ, ബെന്നി ബഹനാൻ എംപി എന്നിവര്‍ ചേര്‍ന്നായിരുന്നു. മറ്റൊരു മകള്‍ അച്ചു ഉമ്മനും ചികിത്സ വേളയില്‍ ബെര്‍ലിനില്‍ എത്തിയിരുന്നു.
ജര്‍മനിയിലെ യൂണിവേഴ്‌സിറ്റി ആശുപത്രികള്‍ക്കു മാതൃകയായ സ്ഥാപനം എന്ന പെരുമ കൂടിയുള്ള ചാരിറ്റി ക്ലിനിക്കിന് 312 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്ബര്യവുമുണ്ട്. 3,011 കിടക്കകളുള്ള ക്ലിനിക്കില്‍ 11 നൊബേല്‍ സമ്മാന ജേതാക്കള്‍ ഗവേഷകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ആശുപത്രയില്‍ നിന്നും ലേസര്‍ ചികിത്സ നല്‍കിയതിന് ശേഷമാണ് ഉമ്മൻ ചാണ്ടിക്ക് ബംഗളുരുവില്‍ തുടര്‍ചികിത്സ നിര്‍ദ്ദേശിച്ചത്.
പുതുപ്പളളിക്കാര്‍ക്കൊപ്പം പുതുപ്പളളി പുണ്യാളനും തനിക്ക് കൂട്ടുണ്ടെന്ന ചിന്തയായിരുന്നു പ്രതിസന്ധി കാലങ്ങളിലെല്ലാം ഉമ്മന്‍ചാണ്ടിയുടെ ആത്മവിശ്വാസം. രാഷ്ട്രീയമായി വേട്ടയാടിയവര്‍ക്കെല്ലാം തിരിച്ചടി കിട്ടിയ കാലത്ത് പുതുപ്പളളി പളളിക്കു മുന്നില്‍ ഏകനായി പ്രാര്‍ഥിച്ചു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രമായിരുന്നു ആരാധകരുടെ മറുപടി.
ഒരിക്കല്‍ കൂടി കുഞ്ഞൂഞ്ഞ് പുതുപ്പളളിയിലേക്കു വരും. കാരോട്ട് വളളക്കാലിലെ വീട്ടില്‍ തന്നെ കാണാന്‍ കൂടി നില്‍ക്കുന്ന പ്രിയപ്പെട്ടവരുടെ സ്നേഹമറിയും. പളളിയില്‍ കയറും. പിന്നെ തിരിച്ചു പോകും.