പതിമൂന്നുവർഷം മുൻപ് വില്പന നടത്തിയ ബൈക്ക് അപകടത്തിൽപ്പെട്ടു ;  റവന്യൂ റിക്കവറിയിൽ ഉടമയല്ലാത്ത യുവാവിന്  81,500 രൂപ പിഴ ; എട്ടിന്റെ പണി കിട്ടിയത് പ്രവാസിയായ യുവാവിന്

പതിമൂന്നുവർഷം മുൻപ് വില്പന നടത്തിയ ബൈക്ക് അപകടത്തിൽപ്പെട്ടു ; റവന്യൂ റിക്കവറിയിൽ ഉടമയല്ലാത്ത യുവാവിന് 81,500 രൂപ പിഴ ; എട്ടിന്റെ പണി കിട്ടിയത് പ്രവാസിയായ യുവാവിന്

സ്വന്തം ലേഖകൻ

കാസർകോട്: 13 വർഷം മുമ്പു ബൈക്ക് അപകടത്തിൽപ്പെട്ടപ്പോൾ ഉടമയല്ലാത്ത ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വാഹന വിൽപ്പനയിലെ അശ്രദ്ധ കാരണം കാസർകോട് പടന്ന സ്വദേശിയായ യുവാവിന് അടക്കേണ്ടിവന്നത് 81,500 രൂപ പിഴ. 2010 ലാണ് യുവാവ് തൻറെ KL 14 F 7177 നമ്പർ ബൈക്ക് സുഹൃത്തായ കാഞ്ഞങ്ങാട് സ്വദേശിക്ക് വിൽപ്പന നടത്തിയത്. ആർസി ഉടമസ്ഥത മാറ്റാനുള്ള സൈൻ ലെറ്റർ വാങ്ങിയായിരുന്നു വണ്ടി വിൽപ്പന.

പിന്നീട് ഉടമ ജോലി ആവശ്യാർഥം ഗൾഫിലേക്കും പോയി. എന്നാൽ, പല വ്യക്തികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വണ്ടി ഒടുവിൽ കോഴിക്കോട് സ്വദേശിയുടെ കൈവശം എത്തിച്ചേർന്നു. അപ്പോഴും ആർസി ഉടമസ്ഥ അവകാശം മാറ്റിയിരുന്നില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന, വണ്ടിയുടെ നിലവിലെ ഉടമസ്ഥൻ അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് താൽക്കാലിക ആവശ്യത്തിന് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഓടിച്ച ബൈക്ക് വയനാട് റോഡ് സിവിൽ സ്റ്റേഷനുസമീപം വഴിയാത്രക്കാരനെ ഇടിച്ചതാണ് പടന്നയിലെ പ്രവാസിയായ യുവാവിനു പണി കിട്ടിയത്. വണ്ടിയോടിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് ലൈസൻസുണ്ടായിരുന്നില്ല. സംഭവം കേസായതിനെത്തുടർന്ന് ആദ്യം ഇൻഷുറൻസ് കമ്പനി വഴിയാത്രക്കാരന് നഷ്ടപരിഹാരം നൽകേണ്ടിവന്നു. ലൈസൻസില്ലാത്തയാളാണ് വണ്ടിയോടിച്ചത് എന്ന് പിന്നീട് മനസിലാക്കിയ ഇൻഷുറൻസ് കമ്പനി വണ്ടി ഉടമക്കെതിരെ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അതോടെയാണ് പടന്നയിലുള്ള പഴയ വണ്ടി ഉടമസ്ഥന് പണികിട്ടിയത്.

തുടർന്ന് മോട്ടോർ ആക്സിഡൻറ് ക്രൈം ട്രൈബ്യൂണൽ 81,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. രേഖകൾ പ്രകാരം വണ്ടി ഉടമയായ പടന്ന സ്വദേശിക്കാണ് നഷ്ടപരിഹാരം അടക്കാനുള്ള നോട്ടീസ് ലഭിച്ചത്. വിധി വന്നപ്പോഴാണ് യുവാവ് വിവരങ്ങൾ അറിയുന്നതുതന്നെ. വണ്ടി വിൽപ്പന നടത്തിയതാണെന്നും നിലവിൽ ഉടമ താനല്ലെന്നും പടന്ന സ്വദേശി സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ എതിരായതിനാൽ റവന്യൂ റിക്കവറിയായി. ഒടുവിൽ പടന്ന വില്ലേജ് ഓഫിസിൽ 81,500 രൂപ കഴിഞ്ഞ ദിവസം കെട്ടിവെച്ചാണ് യുവാവ് റവന്യൂ റിക്കവറിയിൽനിന്ന് ഒഴിവായത്.