മലയാളികളുടെ ദാസേട്ടന് എൺപതാം പിറന്നാൾ

മലയാളികളുടെ ദാസേട്ടന് എൺപതാം പിറന്നാൾ

സ്വന്തം ലേഖകൻ

കൊച്ചി : മലയാളികളുടെ ദാസേട്ടന് എൺപതാം പിറന്നാൾ. പ്രിയ ഗായകൻ ഒൻപതാം വയസ്സിൽ തുടങ്ങിയ സംഗീതസപര്യ തലമുറകൾ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസ്സിലുണ്ട്. പിറന്നാൾ ദിനം കുടുംബ സമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലാണ് യേശുദാസ് ചിലവഴിക്കുന്നത്. ക്ഷേത്രത്തിൽ യേശുദാസ് വെള്ളിയാഴ്ച ഗാനാർച്ചന നടത്തും. സംഗീതത്തിന്റെ നിത്യവസന്തം തീർത്ത ഗാനഗന്ധർവന്റെ ജന്മദിനം വിപുലമായി ആഘോഷിക്കുകയാണ് ആരാധകർ.

ഗാനഗന്ധർവന് പിറന്നാൾ ആശംസകളുമായി സംഗീതാർച്ചന നടത്തി. മനം നിറഞ്ഞ് ഗന്ധർവ പ്രേമികൾ. പാടിപ്പതിഞ്ഞതും കേട്ടുമടുക്കാത്തതുമായ യേശുദാസ്ഹിറ്റ് ഗാനങ്ങൾ സംഗീതപ്രേമികളെ തഴുകിയുണർത്തിയപ്പോൾ കേട്ടറിഞ്ഞവരെല്ലാം ടൗൺഹാളിലേക്ക് ഒഴുകിയെത്തി. ഇത്തരമൊരു പിറന്നാൾസമ്മാന അർച്ചന പദ്മശ്രീ ഡോ. കെ.ജെ. യേശുദാസിനു മാത്രം അർഹതപ്പെട്ടതാണെന്ന പ്രതീതിയാണ് ഇവിടെ തെളിഞ്ഞത്. ഗീതം സംഗീതം കലാസാംസ്‌കാരിക വേദിയാണ് എൺപതാം പിറന്നാളിന്റെ തലേന്ന് ആശംസകളുമായി ഗാനഗന്ധർവന്റെ 80 ഗാനങ്ങളുടെ ആലാപനവുമായി 80 ഗായകരുടെ സംഗീതാർച്ചന ‘ഗന്ധർവഗീതം സംഗീതം ദാസേട്ടൻ @80’ ഒരുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഗീതസംവിധായകനും ഗായകനുമായ വിദ്യാധരൻ മാസ്റ്റർ ഗാനം ആലപിച്ച് സംഗീതാർച്ചന ഉദ്ഘാടനം ചെയ്തു. ജയരാജ് വാര്യർ ഓരോ ഗാനങ്ങളെയും പരിചയപ്പെടുത്തി. കല്ലറ ഗോപൻ, പ്രദീപ് സോമസുന്ദരം, വിജേഷ് ഗോപാൽ, എടപ്പാൾ വിശ്വനാഥൻ, തൃശൂർ പത്മനാഭൻ, ഫാ.ഡോ. പോൾ പൂവത്തിങ്കൽ, യദു എസ്. മാരാർ, എം.ഡി.സോമശേഖരൻ, മനോജ് കമ്മത്ത്, ദിൽരാജ് തുടങ്ങിയവരും സംഗീതമേഖലയിലെ മറ്റു പ്രമുഖരും ഗാനങ്ങൾ ആലപിച്ചു.

മലയാളികൾക്ക് സംഗീതമധുരവും ശ്രുതിശുദ്ധവുമായ ഒരു കാലമാണ് യേശുദാസ്. മലയാളത്തിന്റെ ദേശസത്തയെ മലയാളി വീണ്ടെടുത്ത നാദരൂപം. 1940 ജനുവരി 10 ന് ഫോർട്ട് കൊച്ചിയിൽ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളിൽ മൂത്തവനായി യേശുദാസ് ജനിച്ചു. ആദ്യ ഗുരു അച്ഛൻ തന്നെ. എട്ടാം വയസ്സിൽ പ്രാദേശിക സംഗീത മത്സരത്തിൽ നേടിയ സ്വർണപ്പതക്കം വരാനിരിക്കുന്ന സംഗീതവസന്തത്തിന്റെ അടയാളനക്ഷത്രമായി. തുടർന്ന്, കരുവേലിപ്പടിക്കൽ കുഞ്ഞൻ വേലു ആശാന്റയും പള്ളുരുത്തി രാമൻ കുട്ടി ഭാഗവതരുടെയും ശിഷ്യത്വം, 1960 ൽ തൃപ്പൂണിത്തുറ ആർ എൽ വി അക്കാദമിയിൽ നിന്ന് ഒന്നാം റാങ്കോടെ ഗാനഭൂഷണം. സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാൾ അക്കാദമിയിൽ എത്തിയത് വഴിത്തിരിവായി. പ്രിൻസിപ്പലായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ വഴി സാക്ഷാൽ ചെമ്‌ബൈ വൈദ്യനാഥ ഭാഗവതരുടെ സവിധത്തിലേക്ക്. എം ബി ശീനിവാസിന്റെ സംഗീതത്തിൽ കാൽപ്പാടുകൾ എന്ന സിനിമയിൽ ശ്രീനാരായണ ഗുരുവിന്റെ വരികൾ പാടി സിനിമാ സംഗീത ലോകത്തേക്ക്.