യെമനിലെ ജയിലില്‍ നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി; കൂടിക്കാഴ്‌ച 11 വര്‍ഷങ്ങള്‍ക്കുശേഷം
ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി.
യെമൻ ജയില്‍ അധികൃതരാണ് കൂടിക്കാഴ്‌ചയ്ക്ക് അനുമതി നല്‍കിയത്. സനയിലെ ജയിലിലാണ് നിമിഷപ്രിയ ഉള്ളത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രേമകുമാരിയും ആക്‌ഷൻ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും യെമനിലെ അദെൻ നഗരത്തിലെത്തിയത്.
സനയിലെ എയർലൈൻ കമ്പനി സി.ഇ.ഒ കൂടിയാണ് സേവ് നിമിഷപ്രിയ ഇന്റർനാഷണല്‍ ആക്‌ഷൻ കൗണ്‍സില്‍ അംഗമായ തമിഴ്നാട് സ്വദേശി സാമുവേല്‍ ജെറോം. ഇന്ന് ഉച്ചയ്ക്ക് ശേഷം ജയിലില്‍ എത്താനാണ് യെമൻ അധികൃതർ പ്രേമകുമാരിക്ക് നിർദേശം നല്‍കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനൊന്ന് വർഷത്തിനുശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഗ്രോതതലവന്മാരുമായുള്ള ചർച്ചയ്ക്കും ശ്രമം നടക്കുന്നുണ്ട്.
ബ്ലഡ് മണി നല്‍കി ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പുണ്ടാക്കാനാണ് ശ്രമം. ബന്ധുക്കള്‍ മാപ്പുനല്‍കിയാല്‍ നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങും. 2017ല്‍ പാസ്പോർട്ട് തിരികെ എടുക്കാനായി യെമൻ പൗരൻ തലാല്‍ അബ്‌ദോ മഹദിയെ ഉറക്കുമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.