എട്ടര മണിക്കൂർ, നിർത്താതെ പാടിയത് 201 ഗാനങ്ങൾ ; ലോക റെക്കോർഡിട്ട് കൊച്ചിക്കാരൻ ആന്റണി സിജോ അമരേഷ്
എറണാകുളം : പാട്ട് പാടി ലോക റെക്കോർഡിട്ട് മലയാളി. കൊച്ചി വാത്തുരുത്തി സ്വദേശി ആന്റണി സിജോ അമരേഷ് ആണ് റെക്കോർഡ് കരസ്ഥമാക്കിയത്. എട്ടര മണിക്കൂർ കൊണ്ട് 201 ഗാനങ്ങളാണ് യുവാവ് ആലപിച്ചത്. പാടുന്നതിനൊപ്പം ഗിറ്റാറും വായിച്ചിരുന്നു.
മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ, ഹിന്ദി, സ്പാനിഷ് എന്നീ ഭാഷകളിലെ പാട്ടുകൾക്കൊപ്പം സ്വന്തമായി എഴുതിയ ഗാനങ്ങളും റെക്കോർഡ് പ്രകടനത്തിൽ ആന്റണി സിജോ അമരേഷ് ആലപിച്ചു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ഗാനാലാപനം വൈകുന്നേരം അഞ്ചരയ്ക്കാണ് അവസാനിച്ചത്. പനമ്പിള്ളി നഗറിലെ വുഡൻ ഷീൽഡ് അക്കാദമിയിലായിരുന്നു യുവാവിന്റെ റെക്കോർഡ് പ്രകടനം.
ഡിസംബർ മുതൽ ഇതിനായുള്ള പരിശീലനത്തിലായിരുന്നുവെന്ന് ആന്റണി സിജോ അമരേഷ് പറഞ്ഞു. ഡിസംബർ മുതൽ മാംസാഹാരങ്ങൾ പൂർണമായി ഒഴിവാക്കിയിരുന്നു. പാടുന്നതിനിടെ കുറച്ച് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും വേദനയും മരവിപ്പും അനുഭവപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ക്രൗൺ പ്ലാസയിലെ ഒഫീഷ്യൽ സിങ്ങർ കൂടിയാണ് ആന്റണി സിജോ അമരേഷ്. കൂടെ ജോലി ചെയ്യുന്ന ഡ്രമ്മർ ആണ് പാട്ട് പാടി റെക്കോർഡിടുന്നതിനെക്കുറിച്ച് തന്നോട് സംസാരിച്ചതെന്ന് ആന്റണി സിജോ അമരേഷ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപകരണത്തിനൊപ്പം പാട്ടുകൂടി പാടുകയെന്നത് വളരെ കഠിനമായിരുന്നു. 250ലധികം പാട്ടുകൾ അറിയാമായിരുന്നു. സ്വന്തമായി എഴുതിയ നാലു ഗാനങ്ങൾ കൂടി ഇതിലുൾപ്പെടുത്തിയാണ് പാട്ടുപാടിയതെന്ന് ആന്റണി സിജോ അമരേഷ് പറഞ്ഞു. സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബിന്റെ കീഴിൽ മ്യൂസിക് പ്രൊഡക്ഷൻ പഠിച്ച ആന്റണി സിജോ അമരേഷ് സിനിമ രംഗത്തേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ്.