കൂടത്തായി മോഡൽ ഒറ്റപ്പാലത്തും: ഭർതൃപിതാവിന് വിഷം നൽകിയത് തുടർച്ചയായ 2 വർഷം, വിഷം ചേർക്കുന്നത് പിതാവ് നേരിട്ട് കണ്ടതോടെ ശ്രമം പൊളിഞ്ഞു, യുവതി പിടിയിൽ

കൂടത്തായി മോഡൽ ഒറ്റപ്പാലത്തും: ഭർതൃപിതാവിന് വിഷം നൽകിയത് തുടർച്ചയായ 2 വർഷം, വിഷം ചേർക്കുന്നത് പിതാവ് നേരിട്ട് കണ്ടതോടെ ശ്രമം പൊളിഞ്ഞു, യുവതി പിടിയിൽ

ഒറ്റപ്പാലം: സംസ്ഥാനത്ത് വീണ്ടും കൂടത്തായി മോഡൽ കൊലപാതക ശ്രമം. ഭക്ഷണത്തിൽ പലപ്പോഴായി വിഷം കലർത്തി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീലക്ക് (33) അഞ്ചുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു.

ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ഭർത്താവിന്റെ മുത്തശ്ശിയെ വിഷം നൽകി കൊലപ്പെടുത്തിയെന്ന കേസിലും ഫസീലക്കെതിരെ ഒറ്റപ്പാലം കോടതിയിൽ വിചാരണ തുടരുകയാണ്.

59കാരനായ ഭർതൃപിതാവ് മുഹമ്മദിന് രണ്ട് വർഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈൽ എന്ന വിഷ പദാർഥം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013 മുതൽ 2015 വരെയുള്ള കാലയളവിലായിരുന്നു വിഷം നൽകിയത്. നിരന്തരം വയറിളക്കവും ഛർദിയും അനുഭവപ്പെടാറുള്ള മുഹമ്മദ് ചികിൽസയിലായിരുന്നു. ഇതിനിടയിലാണ് ഫസീല ഭക്ഷണത്തിൽ വിഷം കലർത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ടതും പോലീസിനെ സമീപിച്ചതും.

പിന്നീട് നടന്ന ഫോറൻസിക് പരിശോധനയിൽ പോലീസ് ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ വിഷാംശത്തിന്റെ സാന്നിധ്യം തന്നെയാണ് മുഹമ്മദിന്റെ ശരീരത്തിൽ നിന്നും കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഐ.പി.സി. 307, 328 വകുപ്പുപ്രകാരം കൊലപാതകശ്രമത്തിനും വിഷം നൽകിയതിനുമായി 25,000 രൂപവീതമാണ് കോടതി അരലക്ഷം പിഴചുമത്തിയത്. രണ്ടുവകുപ്പുകളിലും അഞ്ചു വർഷം വീതമാണ് കഠിനതടവ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

2016 ജൂണിലായിരുന്നു ഭർത്താവിന്റെ മുത്തശ്ശിയുടെ ദുരൂഹമരണം. ക്ലോർപൈറിഫോസ് എന്ന വിഷപദാർഥം അകത്തു ചെന്ന് 71 വയസ്സുള്ള നബീസ കൊല്ലപ്പെടുകയായിരുന്നു. ഈ കേസിന്റെയും ഇപ്പോൾ വിചാരണ നടക്കുകയാണ്. മാതാപിതാക്കളോടുള്ള മുൻ വൈരാ​ഗ്യമാണ് ഈ ക്രൂര കൃത്യങ്ങൾക്ക് പിന്നിൽ.