‘മിനിമം വേതനമില്ല, അവധി ദിനങ്ങളിലും ജോലി, വേണ്ടത്ര ശുചിമുറികളും ഇല്ല’. കിറ്റെക്‌സിനെതിരെ തൊഴിൽ വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട് പുറത്ത്. പരിശോധന തൊഴിൽ ചൂഷണത്തിന് എതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ
കൊച്ചി: സർക്കാരിനെതിരെ വിമർശനമുയർത്തി കേരളത്തിൽ നിന്ന് പിൻവാങ്ങാൻ തയ്യാറെടുത്തിരിക്കുന്നതിനിടെ കിഴക്കമ്പലത്തെ കിറ്റെക്‌സ് ഫാക്‌ടറിക്ക് എതിരെ തൊഴിൽ വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട്. തൊഴിലാളികൾക്ക് ആവശ്യമായ മിനിമം വേതനവും, വേണ്ടത്ര ശുചിമുറികളും, കുടിവെള്ളവും കമ്പനി ഉറപ്പ് വരുത്തിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഫാക്‌ടറിയിലെ തൊഴിൽ ചൂഷണത്തിന് എതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തൊഴിൽ വകുപ്പ് പരിശേധന നടത്തിയത്. മാനേജ്‌മെൻറിൻറെയും തൊഴിലാളികളുടെയും അഭിപ്രായങ്ങൾ കേട്ടിട്ടാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ ചാനലാണ് തൊഴിൽ വകുപ്പിൻറെ ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.
അവധി ദിനങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നുവെന്നും ഇതിന് അധികവേതനം നൽകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ നിയമം 21/4 വകുപ്പ് പ്രകാരം മിനിമം വേതനം ഒരുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു. തൊഴിലാളികൾക്ക് എതിരെ അനധികൃതമായി പിഴ ചുമത്തുന്നു. ആനുവൽ റിട്ടേൺ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടു. തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ച രജിസ്റ്റർ സൂക്ഷിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചും തദ്ദേശീയരായ തൊഴിലാളികളെ സംബന്ധിച്ചും തരംതിരിച്ചാണ് റിപ്പോർട്ടിൽ പറയുന്നത്. എത്ര ഇതര സംസ്ഥാന തൊഴിലാളികൾ കമ്പനിയിൽ ജോലി ചെയ്യുന്നു എന്ന് കൃത്യമായ കണക്കില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, എന്നാൽ തൊഴിൽവകുപ്പ് റിപ്പോർട്ട് പച്ചക്കള്ളമാണെന്നും തന്നെ അപമാനിക്കാൻ വേണ്ടി തയാറാക്കിയതാണെന്നും കിറ്റെക്‌സ് എംഡി സാബു ജേക്കബ് പ്രതികരിച്ചു. ഒരു രേഖയും പരിശോധിക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശുചിമുറികളുടെയും കുടിവെള്ളത്തിൻറെയും കാര്യത്തിൽ മാനദണ്ഡത്തിൽ പറയുന്നതെല്ലാം പാലിച്ചാണ് ഫാക്‌ടറി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അവധി ദിവസങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നു എന്നത് തെറ്റാണെന്നും സാബു ജേക്കബ് അവകാശപ്പെട്ടു. മിനിമം വേതനത്തെക്കാൾ 70 ശതമാനം ശമ്പളമാണ് താൻ കൊടുക്കുന്നതെന്നും തൊഴിലാളികൾക്ക് നാലുനേരത്തെ ഭക്ഷണം സൗജന്യമായി കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.