അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട് വീട്ടമ്മ മരിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിൽ വീണ് വീട്ടമ്മ മരിച്ചു. പരശുവയ്ക്കൽ രോഹിണി ഭവനിൽ കെ.രാജേന്ദ്രൻ നായരുടെ ഭാര്യ വി.എസ്.കുമാരി ഷീബ (57) ആണ് മരിച്ചത്. തിരുവനന്തപുരത്തേക്കു പോകാൻ മകൾക്കൊപ്പം കൊച്ചുവേളി–നാഗർകോവിൽ പാസഞ്ചറിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്നലെ രാവിലെ 7.50ന് ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. മൂത്ത മകൾ ലക്ഷ്മിയുടെയും ഭർത്താവ് അരുണിന്റെയും വീട്ടിലേക്കു പോകാനാണ് ഇളയ മകൾക്കൊപ്പം സ്റ്റേഷനിലെത്തിയത്. ഓടിക്കയറുന്നതിനിടെ ഷീബ ട്രാക്കിലേക്ക് വീണുപോവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട ഇവരെ പിടിച്ചുകയറ്റാൻ വാതിൽക്കൽ നിന്ന യാത്രക്കാരൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചക്രങ്ങൾക്കിടയിൽപ്പെട്ട് കുമാരിയുടെ കാലറ്റു. ആദ്യം കയറിയതിനാൽ അമ്മ അപകടത്തിൽപെട്ട വിവരം മകൾ അറിഞ്ഞില്ല. ഉടനടി ട്രെയിൻ നിർത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് മകൾ അറിഞ്ഞത്. സംഭവ സ്ഥലത്തുവച്ചുതന്നെ ഷീബ മരിച്ചു.