ഇനി മെസ്സേജുകൾ ചാറ്റ് വിൻഡോയിൽ പിൻ ചെയ്തുവെക്കാം; വാട്സ്ആപ്പിൽ ‘പിൻ ചാറ്റ്’ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

ഇനി മെസ്സേജുകൾ ചാറ്റ് വിൻഡോയിൽ പിൻ ചെയ്തുവെക്കാം; വാട്സ്ആപ്പിൽ ‘പിൻ ചാറ്റ്’ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

സ്വന്തം ലേഖകൻ

വാട്സ്ആപ്പിൽ ‘പിൻ ചാറ്റ്’ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. വാട്സ്ആപ്പിന്റെ ഹോം വിൻഡോയിൽ ഗ്രൂപ്പുകളും വ്യക്തിഗത ചാറ്റുകളും പിൻ ചെയ്ത് വെക്കാനുള്ള ഓപ്ഷന് സമാനമാണ് പുതിയ ഫീച്ചറും. ഒരു ചാറ്റിലെ ഏതെങ്കിലും സന്ദേശവും ഇനി നമുക്ക് ആ ചാറ്റ് വിൻഡോയുടെ ഏറ്റവും മുകളിലായി പിൻ ചെയ്യാം.

ഗ്രൂപ്പിലും വ്യക്തിഗത ചാറ്റുകളിലും വരുന്ന പ്രധാനപ്പെട്ട മെസ്സേജുകൾ ഹൈലൈറ്റ് ചെയ്യാൻ ‘പിന്ന്ഡ് മെസ്സേജസ്’ ഉപയോക്താക്കളെ അനുവദിക്കുന്നു. പ്രധാനപ്പെട്ട സന്ദേശങ്ങൾ വേഗത്തിൽ കണ്ടെത്തുന്നത് എളുപ്പമാക്കി ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉദാഹരണത്തിന്, നിങ്ങൾ സുഹൃത്തുക്കൾ ചേർന്ന് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നു. അതിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പും തുടങ്ങുന്നു. ഓരോ ദിവസവും ചർച്ച ചെയ്തെടുക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങൾ ആ വാട്സ്ആപ്പ് ഗ്രൂപ്പിൽ പിൻ ചെയ്തുവെക്കാം. വൈകി ഗ്രൂപ്പിലെത്തുന്നവർക്ക് മുകളിലേക്ക് സ്ക്രോൾ ചെയ്തുപോയി ബുദ്ധിമുട്ടേണ്ടി വരില്ല.

ടെക്‌സ്‌റ്റ്, പോൾസ്, ചിത്രങ്ങൾ, ഇമോജികൾ തുടങ്ങി, വാട്സ്ആപ്പിൽ പങ്കുവെക്കാവുന്ന എന്ത് കാര്യവും പിൻ ചെയ്യാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. പിൻ ചെയ്യുന്ന സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡായിരിക്കും.