വേനല്‍ക്കാലമായതോടെ കടുത്ത നടപടികളുമായി വാട്ടര്‍ അതോറിറ്റി; ജലചൂഷണവും മോഷണവും തടയാൻ സ്‌ക്വാഡുകളുടെ പ്രവർത്തനം ശക്തിമാക്കി; മാനദണ്ഡങ്ങൾ ലംഘിച്ചാൽ 25,000 രൂപ പിഴ അടയ്‌ക്കേണ്ടിവരും
കൊല്ലം: കടുത്ത വേനല്‍ വരള്‍ച്ചയിലേയ്ക്ക് വഴിമാറിയതോടെ ജലചൂഷണവും മോഷണവും തടയാൻ സ്‌ക്വാഡുകളുടെ പ്രവർത്തനം ശക്തിമാക്കി വാട്ടർ അതോറിറ്റി.
സൂപ്രണ്ടിംഗ് എൻജിനിയറുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ജില്ലയിലെ ഏഴ് സബ് ഡിവിഷനുകള്‍ കേന്ദ്രീകരിച്ചാണ് സ്‌ക്വാഡുകളുടെ പ്രവർത്തനം. ഇതിന് പുറമെ അസി. എൻജിനിയറും മീറ്റർ റീഡർമാരും സാങ്കേതിക വിഭാഗം ജീവനക്കാരും ഉള്‍പ്പെടുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡും സൂപ്രണ്ടിംഗ് എൻജിനിയറുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡത്തിന് വിരുദ്ധമായി ജലം ഉപയോഗിക്കുന്നതും സ്‌ക്വാഡുകള്‍ കണ്ടെത്തും. മാനദണ്ഡ പ്രകാരം കുടിവെള്ളത്തിന് ഒന്നാം സ്ഥാനവും ഗാർഹിക ആവശ്യത്തിന് രണ്ടാം സ്ഥാനവുമാണുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കന്നുകാലി പരിപാലനവും വ്യാവസായിക ആവശ്യവുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ളത്. നിർമ്മാണാവശ്യങ്ങള്‍ക്ക് പൊതു സ്രോതസുകളിലെ ജലം ഉപയോഗിക്കുന്നതിന് തത്കാലം അനുമതിയില്ല.
ജലം പാഴാക്കുന്നത് കണ്ടെത്തിയാല്‍ പരമാവധി രണ്ട് തവണ താക്കീത് നല്‍കും. വീണ്ടും ആവർത്തിച്ചാല്‍ പിഴ ചുമത്തും. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്തായിരിക്കും പിഴ തീരുമാനിക്കുക. പ്രത്യേക സാഹചര്യത്തില്‍ കണക്ഷൻ റദ്ദാക്കാനും സാദ്ധ്യതയുണ്ട്.