മോഡല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ പ്രധാന പരീക്ഷ എഴുതാൻ അനുവദിച്ചില്ല; നിർദ്ദേശം ലംഘിച്ചാല്‍ തല്ലുമെന്ന് ഭീഷണിപ്പെടുത്തി; പ്രിൻസിപ്പളിനെതിരെ പരാതിയുമായി വിദ്യാർത്ഥി
പാലക്കാട്: മോഡല്‍ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞെന്ന് ആരോപിച്ച് പ്രധാന പരീക്ഷ എഴുതാൻ പ്രിൻസിപ്പള്‍ വിദ്യാർത്ഥിയെ അനുവദിച്ചില്ലെന്ന് പരാതി.
പാലക്കാട് റെയില്‍വേ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി സഞ്ജയ്ക്കാണ് ദുരനുഭവം ഉണ്ടായത്. സേ പരീക്ഷ എഴുതിയാല്‍ മതിയെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ പ്രിൻസിപ്പല്‍ മടക്കി വിട്ടു.
നിർദ്ദേശം ലംഘിച്ചാല്‍ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി പറഞ്ഞു. കുട്ടിയുടെ ഒപ്പമെത്തിയ സുഹൃത്തുക്കള്‍ക്കെല്ലാം ഹാള്‍ ടിക്കറ്റ് നല്‍കുകയും പരീക്ഷ എഴുതാൻ അനുവദിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘സുഹൃത്തുക്കള്‍ക്കൊപ്പം പരീക്ഷയ്ക്ക് സ്കൂളില്‍ പോയി. മോഡല്‍ എക്സാമിന് മാർക്കില്ലെന്ന് പറഞ്ഞ് എന്നെ മാത്രം പുറത്താക്കി. എല്ലാവർക്കും ഹാള്‍ടിക്കറ്റ് നല്‍കി. എനിക്ക് മാത്രം തന്നില്ല. എനിക്ക് മാത്രമല്ല, അവർക്കും മാർക്ക് കുറവായിരുന്നു. പക്ഷേ അവരെ ഇരുത്തി.
ചോദിക്കുമ്പോള്‍ പബ്ലിക് പരീക്ഷയ്ക്ക് ഞാൻ തോല്‍ക്കുമെന്നാണ് പറയുന്നത്. പരീക്ഷ എഴുതണ്ട, സേ എഴുതിയാല്‍ മതിയെന്നും പറഞ്ഞു. ഒരുമാസമായി കഷ്ടപ്പെട്ട് പഠിച്ചതാണ്.
എനിക്ക് മർച്ചൻ്റ് നേവിയിലാണ് ചേരേണ്ടത്. അതുകൊണ്ട് ഫിസിക്സും കെമിസ്ട്രിയും നന്നായി നോക്കണം. അതിനുവേണ്ടിയാണ് നന്നായി പഠിച്ചത്. എന്തുപറഞ്ഞിട്ടും പരീക്ഷയെഴുതാൻ സമ്മതിച്ചില്ല. മോന്തകുറ്റിക്ക് അടിക്കുമെന്ന് പറഞ്ഞു. സർട്ടിഫിക്കറ്റില്‍ റെഡ് മാർക്കിടുമെന്നും പറഞ്ഞു. സ്കൂളില്‍ നില്‍ക്കണ്ടെന്നും പുറത്തുപോകാനും ആവശ്യപ്പെട്ടു’, വിദ്യാർത്ഥി പറഞ്ഞു.