പൊട്ടിത്തെറിച്ച് എൻഎസ്എസും വിഎസും: ഇടതു മുന്നണിയ്ക്കും സിപിഎമ്മിനും കടുത്ത തിരിച്ചടി; വിള്ളൽ വീഴുക ഇടത് വോട്ട് ബാങ്കിൽ: വിഎസ് പുറത്തുവിട്ടത് ഞെട്ടിക്കുന്ന പ്രതികരണം

പൊട്ടിത്തെറിച്ച് എൻഎസ്എസും വിഎസും: ഇടതു മുന്നണിയ്ക്കും സിപിഎമ്മിനും കടുത്ത തിരിച്ചടി; വിള്ളൽ വീഴുക ഇടത് വോട്ട് ബാങ്കിൽ: വിഎസ് പുറത്തുവിട്ടത് ഞെട്ടിക്കുന്ന പ്രതികരണം

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസിനെയും, ശബരിമല വിഷയത്തിൽ നഷ്ടമാകുന്ന ഹിന്ദു വോട്ട് മാനേജ് ചെയ്യാൻ ഐഎൻഎല്ലിനെയും കൂടെക്കൂട്ടിയ ഇടതു മുന്നണിയ്ക്ക് കനത്ത തിരിച്ചടിയായി എൻഎസ്എസിന്റെയും വീഎസ് അച്യുതാനന്ദന്റെയും കടുത്ത വിമർശനങ്ങൾ. രൂക്ഷമായ വിമർശനവുമായി എൻഎസ്എസ് വന്നതിനു തൊട്ടു പിന്നാലെയാണ് വിഎസ് അച്യുതാനന്ദൻ മുന്നണി വിപുലീകരണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. 
കഴിഞ്ഞ ദിവസമാണ് ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസിനെയും, ഐഎൻഎല്ലിനെയും വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്ളിനെയും ഇടതു മുന്നണിയുടെ ഭാഗമാക്കാൻ മുന്നണിയോഗം തീരുമാനം എടുത്തത്. ശബരിമല വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസ്എസിൽ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ അതിവേഗം മുന്നണി വിപുലീകരണം സിപിഎം നടത്തിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്ഥാവനയിലൂടെ ഇപ്പോൾ ഇടതു മുന്നണിയ്ക്കും സിപിഎമ്മിനും എതിരെ രംഗത്ത് എത്തിയിരിക്കുന്നത്.എൻഎസ്എസിന്റെ പ്രസ്താവന ഇങ്ങനെആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കുക എന്നത് എൻഎസ്എസിന്റെ പ്രഖ്യാപിത നയമാണ്. ശബരിമല യുവതി പ്രവേശന വിഷയത്തിലും അതേ നിലപാട് തന്നെയാണ് ആദ്യം മുതൽ തന്നെ എൻഎസ്എസ് സ്വീകരിച്ചിട്ടുള്ളത്. അതനുസരിച്ച് നിയമപരമായ നടപടികളും സമാധാനപരമായ പ്രതിഷേധവുമായി വിശ്വാസികളോടൊപ്പം മുമ്പോട്ടുപോകുന്നു. അതിൽ ജാതി – മത – രാഷ്ട്രീയ ഭേദമില്ല. 
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ എടുത്ത നടപടികളെല്ലാം തന്നെ പരാജയപ്പെട്ടപ്പോൾ നവോത്ഥാനത്തിന്റെ പേരിൽ വനിതാമതിൽ തീർത്ത് പിന്തുണ ആർജ്ജിക്കാൻ സർക്കാർ തീരുമാനിച്ചു. ഇത് ഏതുവിധേനയും ആചാര ലംഘനം നടത്തുന്നതിനുള്ള നടപടിയാണെന്നു മനസിലാക്കി എൻഎസ്എസ് സർക്കാരിന്റെ വനിതാ മതിലിൽ നിന്നും വിട്ടു നിന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന പ്രാർത്ഥനയുമായി , മണ്ഡലകാലം അവസാനിക്കുന്നതിന്റെ തലേന്ന് വിശ്വാസികൾ അയ്യപ്പജ്യോതി തെളിയിച്ചു. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ആ പുണ്യകർമ്മതിൽ വിശ്വാസികൾ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നുള്ള നിലപാട് എൻഎസ്എസ് സ്വീകരിച്ചു. എന്നാൽ,  ഔദ്യോഗികമായി എൻഎസ്എസ് അതിൽ പങ്കെടുത്തതുമില്ല. 
ഇത്രയും ആയപ്പോഴേയ്ക്കും എൻഎസ്എസ് സമദൂരം തെറ്റിച്ചു, ഇനിയും സമദൂരത്തെപ്പറ്റി പറയാൻ എന്ത് അവകാശമാണ് എൻഎസ്എസിനുള്ളത് , സുകുമാരൻ നായർക്ക് സമദൂരത്തിൽ നിന്നു മാറാൻ അവകാശമില്ല എന്നും മറ്റുമുള്ള രൂക്ഷപ്രതികരണങ്ങളുമായി ഭരണപക്ഷത്തെ രണ്ട് പ്രബലകക്ഷികളുടെ നേതാക്കൻമാരും, ഇപ്പോൾ ചേക്കേറിയ ഒരു നേതാവും രംഗത്ത് വന്നിരിക്കുകയാണ്. അവർ നായന്മാർ കൂടി അകുമ്പോൾ എൻഎസ്എസിനോട് എന്തെും ആകാമല്ലോ..? 
ഈ പരിപ്പൊന്നും എൻഎസ്എസിൽ വേകില്ലെന്നകാര്യം അവർ മനസിലാക്കണം. കാരണം എൻഎസ്എസിന്റെ സംഘടനാ സംവിധാനവും അടിത്തറയും അത്രകണ്ട് ശക്തമാണ്. പുറത്തു നിന്ന് എതിർക്കുന്നവരെ അതേനാണയത്തിൽ നേരിടാനും അകത്തു നിന്നുകൊണ്ടു തന്നെ സംഘടനയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിനുമുള്ള ശക്തി സംഘടനയ്ക്കുളണ്ട്. നാളിതുവരെ എൻഎസ്എസിന്റെ ചരിത്രം അതാണെന്ന് ഇക്കൂട്ടർ മനസിലാക്കുന്നത് നന്ന്. സർക്കാർ സന്നാഹങ്ങളും സകലവിധ സമ്മർദങ്ങളും ഉപയോഗിച്ച് ഒരു മതിൽ പണിതാൽ അത് നവോദ്ധാനമാകുന്നത് എങ്ങിനെ. 
സമുദൂരത്തിന്റെ കാര്യത്തിലായാലും ആചാരസംരക്ഷണ കാര്യത്തിലായാലും എൻഎസ്എസ് എടുത്തിട്ടുള്ള നിലപാടിൽ ഉറച്ചു തന്നെ നിൽക്കും.
ഇത്തരത്തിൽ കൊടിയേരി ബാലകൃഷ്ണനും, കാനം രാജേന്ദ്രനും ആർ.ബാലകൃഷ്ണപിള്ളയ്ക്കുമുള്ള ചുട്ടമറുപടി നിറച്ചാണ് ഇപ്പോൾ സുകുമാരൻ നായരുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. എൻഎസ്എസ് പരസ്യമായി പ്രതികരണവുമായി രംഗത്ത് എത്തിയതോടെ ഇടതു മുന്നണിയും സർക്കാരും കൂടുതൽ പ്രതിരോധത്തിലായി. ഇതിനിടെയാണ് ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കർശനമായ നിലപാടുമായി വിഎസ് അച്യുതാനന്ദന്റെ രംഗപ്രവേശം.
വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്ന് വിഎസ് ആഞ്ഞടിച്ചു. സ്ത്രീവിരുദ്ധതയും സവർണ മേധാവിത്വവുമുള്ളവർ ഇടത് മുന്നണിയിൽ വേണ്ടെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു. 
ബാലകൃഷ്ണപിള്ളയുടെ എൽ ഡി എഫ് പ്രവേശനത്തെ പരോക്ഷമായി വിമർശിക്കുകയായിരുന്നു വിഎസ്.  കൂടാതെ ശബരിമല വെച്ച് വർഗീയ സംഘർഷം ഉണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സമരം ജനങ്ങൾ ഗൗനിക്കുന്നില്ല. യുപി അല്ല കേരളമെന്ന് ബിജെപി നേതാക്കൾ ഓർക്കണമെന്നും വിഎസ് കൂട്ടിച്ചേർത്തു. 
ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉൾപ്പെടുത്തിയാണ് എൽഡിഎഫ് വിപുലീകരണം നടത്തിയത്. കേരള കോൺഗ്രസ് ബി, ലോക് താന്ത്രിക് ജനതാദൾ, ജനാധിപത്യ കേരള കോൺഗ്രസ്, ഐ എൻ എൽ എന്നീ പാർട്ടികളെ ഉൾപ്പെടുത്തിയാണ് എൽഡിഎഫ് വിപുലീകരിച്ചത്. പാർലമെൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിൻറെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിൻറെ ഭാഗമായാണ് ഈ തീരുമാനം.  
എം പി വിരേന്ദ്രകുമാറിൻറെ ലോക് താന്ത്രിക് ജനതാദൾ, ആർ ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ് ബി, കേരള കോൺഗ്രസ് എമ്മിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ജനാധിപത്യ കേരള കോൺഗ്രസ്, നേരത്തേ ഇടതുമുന്നണിയിക്ക് പുറത്തുനിന്ന് പിന്തുണ നൽകിയിരുന്ന ഐഎൻഎൽ എന്നീ പാർട്ടികളാണ് ഇപ്പോൾ എൽഡിഎഫിൻറെ ഭാഗമായിരിക്കുന്നത്.