വിവേക് എക്സ്പ്രസ്സ് കേരളത്തിലെത്തുന്നത് സകല മാലിന്യങ്ങളും പേറി; ശുദ്ധവായുപോലും ലഭിക്കാതെ വലഞ്ഞ് യാത്രക്കാർ; ജനറൽ ടിക്കറ്റെടുത്തവർ മറ്റ് മാർഗം തേടി ; നടപടിയെടുക്കാതെ അധികൃതർ
തിരുവനന്തപുരം: കേരളത്തിലെത്തിയ വിവേക് എക്സ്പ്രസിൽ യാത്ര ചെയ്യാൻ കഴിയാതെ വലഞ്ഞ് ജനം. ജനറൽ ടിക്കറ്റ് എടുത്ത് ചെയ്യുന്നവർ മറ്റ് മാർഗം തേടി
ട്രെയിൻ നമ്പർ 15906 വിവേക് എക്സ്പ്രസ്സിൽ ദുർഗന്ധം മൂലം കയറാനാവാതെ യാത്രക്കാർ വിഷമിച്ചത്.ട്രെയിനിൽ യാത്ര ആരംഭിച്ച നിമിഷം മുതലുള്ള ഭക്ഷണ അവശിഷ്ടങ്ങൾ വേസ്റ്റ് ബിൻ ൽ നിറഞ്ഞ ശേഷം പരിസരമാകെ ചിതറി കിടപ്പുണ്ടായിരുന്നു. ഫാനിന്റെ മുകളിൽ പോലും ചായകപ്പും പലഹാരം പൊതിഞ്ഞിരുന്ന കവറുകൾ തിരുകി വെച്ചിരുന്നു.
ട്രെയിനിലേയ്ക്ക് കാലെടുക്കാൻ പറ്റാത്ത വിധം തറയിലും സീറ്റിന് അടിയിലും ഭക്ഷണ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കവറുകളിലായി പലയിടത്തും ഭക്ഷണ അവശിഷ്ടങ്ങൾ തൂക്കിയിട്ട നിലയിലും കടുത്ത ദുർഗന്ധം വമിക്കുന്ന അവസ്ഥയിലുമായിരുന്നു മിക്ക കമ്പാർട്ട് മെന്റുകളും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈകൾ കഴുകാനുള്ള വാഷ് ബേസിനുള്ളിൽ മാലിന്യം അടിഞ്ഞുകൂടി കിടന്നിരുന്നു. ടോയ്ലറ്റിൽ വെള്ളമില്ലാതിരുന്ന സമയത്ത് അടിഞ്ഞുകൂടിയ മനുഷ്യ വിസർജ്യങ്ങൾ കാരണം ഡോർ തുറക്കാനാവാത്ത അവസ്ഥയായിരുന്നു.
കേരളത്തിൽ നിരോധിച്ച മുറുക്കാനും ലഹരികളും ഇരിക്കുന്നിടത്ത് തന്നെ ചവച്ചു തുപ്പിയിരുന്നു. യാത്രക്കാരെ കുത്തി നിറച്ച ഇത്തരം കമ്പാർട്ട് മെന്റിൽ സാക്രമിക രോഗങ്ങളുമായാണ് അന്യസംസ്ഥാനത്ത് മിക്ക ട്രെയിനുകളും ഇന്ന് കേരളത്തിൽ എത്തുന്നത്. ഓൺ ബോർഡ് ക്ലീനിങ് സ്റ്റാഫ് അടക്കം ശുചീകരണ തൊഴിലാളികൾ മിക്ക ട്രെയിനുകളിൽ ഉണ്ടെങ്കിലും ഈ അവസ്ഥയ്‌ക്ക് യാതൊരു മാറ്റവുമില്ല.
ബഹുദൂരം ട്രെയിനുകൾ പല സ്റ്റേഷനിലും 10 മിനിറ്റ് മുതൽ അരമണിക്കൂർ വരെ പിടിച്ചിടാറുണ്ട്. തുടക്കം മുതലുള്ള ശക്തമായ തിരക്കും വൃത്തിഹീനമായ ചുറ്റുപാടും കാരണം ശ്വാസം മുട്ടുകയാണ് യാത്രക്കാർ. ഓൺ ബോർഡ് ഹൗസ്കീപ്പിങ് സർവീസ് (OBHS) നിലവിൽ വന്നതോടെ പ്രധാന സ്റ്റേഷനുകളിൽ പണ്ടുണ്ടായിരുന്ന ക്‌ളീനിംഗ് പേരിന് മാത്രമായി.
കോവിഡിന് ശേഷം പകർച്ച പനികൾ കൃത്യമായ ഇടവേളകളിൽ കടന്നുവരുന്നത് മൂലം എല്ലാവരുടെയും ആരോഗ്യം ക്ഷയിച്ചിരിക്കുന്നു. യാതൊരു സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത നിലപാടാണ് റെയിൽവേ ഇപ്പോൾ സ്വീകരിച്ചു വരുന്നത്. മുതിർന്ന പൗരൻമാർക്കും കുട്ടികൾക്കുമുള്ള ആനുകൂല്യങ്ങൾ റദ്ദാക്കിയ റെയിൽവേ, നിരക്കുകൾ കുത്തനെ കൂട്ടി പാസഞ്ചർ ട്രെയിൻ എന്ന സങ്കല്പം പോലും ഇല്ലാതാക്കിയിരിക്കുന്നു. ടിക്കറ്റ് എടുത്ത് യാത്രചെയ്യുന്ന ജനങ്ങളോട് യാതൊരു മര്യാദയുമില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്.
ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിലൂടെ മാനസികമായും ശാരീരികമായും ജനങ്ങളെ തളർത്തുകയാണ് റെയിൽവേ ചെയ്യുന്നത്. പ്രതികരിക്കാൻ പോലും കഴിയാതെ അടിമകളെ പോലെ എല്ലാം സഹിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്.