വിവാഹാഭ്യർത്ഥന നിരസിച്ചതിന് നഴ്‌സിംഗ് അസിസ്റ്റന്റിനെ വെട്ടികൊല്ലാൻ ശ്രമിച്ച സംഭവം;അറ്റ ചെവി തുന്നിച്ചേർക്കാനായില്ല

വിവാഹാഭ്യർത്ഥന നിരസിച്ചതിന് നഴ്‌സിംഗ് അസിസ്റ്റന്റിനെ വെട്ടികൊല്ലാൻ ശ്രമിച്ച സംഭവം;അറ്റ ചെവി തുന്നിച്ചേർക്കാനായില്ല

സ്വന്തംലേഖിക

 

തിരുവനന്തപുരം: വിവാഹാഭ്യർത്ഥന നിരസിച്ചതിന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി പുഷ്പയ്ക്കാണ് (39) വെട്ടേറ്റത്. മുൻ ആംബുലൻസ് ഡ്രൈവറും ഇപ്പോൾ ആട്ടോറിക്ഷ ഡ്രൈവറുമായ കൊല്ലം അസീസീയ മെഡിക്കൽ കോളേജിന് സമീപം ശാസ്താംപൊയ്ക റോഡുവിള വീട്ടിൽ നിഥിനെയാണ് (35) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.ഇന്നലെ രാവിലെ ഏഴ് മണിയോടെ മെഡിക്കൽ കോളേജ് പഴയ റോഡിലായിരുന്നു സംഭവം. തലയുടെ വലതു ഭാഗത്തും കഴുത്തിനു മുകളിലും ആഴത്തിൽ വെട്ടേറ്റ പുഷ്പയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പാതി അറ്റുപോയ ചെവി തുന്നിച്ചേർക്കാൻ കഴിയാത്ത നിലയിലാണ്.രാവിലത്തെ ഷിഫ്റ്റിൽ ജോലിക്ക് രണ്ട് സുഹൃത്തുക്കൾക്കൊപ്പം നടന്നു പോവുകയായിരുന്ന പുഷ്പയെ പിന്നാലെയെത്തിയ നിഥിൻ പിറകിൽ നിന്ന് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിലത്തുവീണ പുഷ്പയെ ഇയാൾ വീണ്ടും വെട്ടി. ഈ സമയം അതുവഴി പട്രോളിംഗ് നടത്തുകയായിരുന്ന മെഡിക്കൽ കോളേജ് പൊലീസ് നിഥിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് പുഷ്പയെ ആശുപത്രിയിലെത്തിച്ചത്. പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.മുൻപ് കൊല്ലത്തെ ഒരു ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായിരുന്ന നിഥിൻ രോഗികളുമായി എസ്.എ.ടിയിൽ എത്തിയപ്പോഴാണ് പുഷ്പയുമായി പരിചയത്തിലായത്. 19 വർഷങ്ങൾക്കു മുൻപ് ഭർത്താവ് മരിച്ച പുഷ്പയ്ക്ക് ഐ.ടി.ഐ വിദ്യാർത്ഥിയായ ഒരു മകനുണ്ട്. ഭാര്യയും രണ്ട് മക്കളുമുള്ള നിഥിൻ അവരുമായി അകന്നാണ് താമസം.പുഷ്പയുടെ വീട്ടിൽ നിഥിൻ വിവാഹാഭ്യർത്ഥനയുമായി എത്തിയിരുന്നെന്നും എന്നാൽ വീട്ടുകാർ അംഗീകരിച്ചില്ലെന്നും പുഷ്പയുടെ ബന്ധുക്കൾ പറഞ്ഞു. നിഥിൻ നിയമപരമായി വിവാഹം വേർപെടുത്തിയിട്ടില്ലാത്തതിനാലാണ് വീട്ടുകാർ മടിച്ചതത്രേ. ഇതിലുള്ളവിരോധമാണ് ആക്രമണത്തിന് കാരണമെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ, വർഷങ്ങളായി താനുമായി പുഷ്പ അടുപ്പത്തിലാണെന്നും തന്നെ ഇപ്പോൾ ഒഴിവാക്കുന്നത് മറ്റാരെങ്കിലുമായി ബന്ധമുള്ളതു കൊണ്ടാകാമെന്ന് സംശയിച്ചാണ് ആക്രമണം നടത്തിയതെന്നുമാണ് നിഥിൻ പൊലീസിന് മൊഴി നൽകിയത്.