കൊടൂരാറ്റിൽ മുങ്ങി മരിച്ച മൂലവട്ട സ്വദേശിയുടെ സംസ്‌കാരം ശനിയാഴ്ച: മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

കൊടൂരാറ്റിൽ മുങ്ങി മരിച്ച മൂലവട്ട സ്വദേശിയുടെ സംസ്‌കാരം ശനിയാഴ്ച: മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: വെള്ളിയാഴ്ച രാത്രിയിൽ കളത്തിക്കടവിൽ കൊടൂരാറ്റിൽ മുങ്ങിമരിച്ച യുവാവിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. മൂലവട്ടം മണ്ണഞ്ചേരിൽ ഹരിദാസിന്റെ മകൻ അമൽദാസിന്റെ (21) സംസ്‌കാരം ശനിയാഴ്ച മൂന്നിന് മുട്ടമ്പലം നഗരസഭ വൈദ്യതി ശ്മശാനത്തിൽ നടക്കും.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. തുടർന്ന് വീട്ടിൽ എത്തിച്ച ശേഷം മൂന്നു മണിയോടെ സംസ്‌കാരം നടക്കും.
വെള്ളിയാഴ്ച വൈകിട്ട് ഒൻപതരയോടെയാണ് കളത്തിക്കടവ് ചുങ്കത്തിൽ കൊടൂരാറ്റിലായിരുന്നു സംഭവം. അമലും സുഹൃത്തുക്കളും രാത്രി ഒൻപത് മണിയോടെ ചുങ്കത്ത് കൊടൂരാറ്റിൽ കുളിക്കാനിറങ്ങുകയായിരുന്നു. തുടർന്ന് അമൽ വെള്ളത്തിൽ കുളിക്കാൻ ഇറങ്ങി. നീന്തുന്നതിനിടെ കൈകാലുകൾ കുഴഞ്ഞു പോയ അമൽ വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഒപ്പമുണ്ടായ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാരെ വിളിച്ചുവരുത്തി രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനാ എത്തി രാത്രി പത്തരയോടെയാണ് മൃതദേഹം പുറത്തെടുത്തത്.
തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കളത്തിക്കടവിൽ കൊടൂരാറ്റിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ കുളിക്കാനിറങ്ങിയ എട്ടു കുട്ടികളാണ് മരിച്ചിരിക്കുന്നത്. എല്ലാം ഏപ്രിൽ മെയ് മാസങ്ങളിലാണ്. കുട്ടികൾ സ്ഥിരം അപകടത്തിൽപ്പെടുന്നതിനെതിരെ നിരവധി തവണ നാട്ടുകാർ ബോധവത്കരണം നടത്തിയിരുന്നു. എന്നാൽ, ഇപ്പോഴും അപകടങ്ങൾ തുടരുകയാണ്.