വിഷുപ്പുലരിയിൽ പ്രിയപ്പെട്ടവർക്ക് തപാൽ വഴി വിഷുക്കൈനീട്ടം ; ബുക്കിങ് ആരംഭിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഈ വര്‍ഷവും പ്രിയപ്പെട്ടവര്‍ക്ക് ‘വിഷുക്കൈനീട്ടം’ തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കി തപാല്‍വകുപ്പ്. ഈ മാസം ഒന്‍പതുവരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയില്‍ കൈനീട്ടം കിട്ടും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം. എന്നാല്‍ കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ.
കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. ഇതിന് 19 രൂപ തപാല്‍ ഫീസായി ഈടാക്കും. 120 രൂപയ്ക്ക് കൈനീട്ട സന്തോഷം പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാം. 201 രൂപ, 501 രൂപ, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം അയക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് യഥാക്രമം 29, 39, 49 രൂപ തപാല്‍ ഫീസാകും. ഇന്റര്‍നെറ്റ് സൗകര്യമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളില്‍നിന്നും വിഷുക്കൈനീട്ടം അയക്കാം. പോസ്റ്റ് ഓഫീസുകളില്‍ ഇതിനായി പ്രത്യേക അപേക്ഷാഫോം ലഭിക്കും.
2022ല്‍ ആരംഭിച്ച ‘കൈനീട്ടം’ സംരംഭത്തിന് കഴിഞ്ഞ രണ്ട് വിഷുക്കാലത്തും നല്ല പ്രതികരണമായിരുന്നു. 2022ല്‍ കേരള സര്‍ക്കിളില്‍മാത്രം 13,000 ബുക്കിങ്ങാണ് ലഭിച്ചത്. 2023 വിഷുക്കാലത്ത് ഇത് 20,000ലേക്ക് കുതിച്ചുയര്‍ന്നു.