അജ്ഞാത വൈറസ് : ഇന്ത്യ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

അജ്ഞാത വൈറസ് : ഇന്ത്യ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചൈനയിൽ അജ്ഞാത വൈറസ് ബാധ കൂടുതൽ നഗരങ്ങളിലേക്ക് പടരുന്നതിനെ തുടർന്ന് ഇന്ത്യ യാത്ര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും ഷാങ്ഹായ്, ഷെൻഷെൻ നഗരങ്ങളിലേയ്ക്കും വൈറസ് എത്തിയതോടെ അധികൃതർ കനത്തജാഗ്രത പുറപ്പെടുവിച്ചത്.

വുഹാൻ നഗരത്തിലാണ് ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തത്. തായ്‌ലാൻഡിൽ രണ്ടുകേസുകളും ജപ്പാനിൽ ഒരുകേസും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഇന്ത്യക്കാരിയിൽ ഉൾപ്പെടെ ഇരുനൂറിലേറെ പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.വെറസ് ബാധയെ തുടർന്ന് മൂന്ന് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ട അജ്ഞാത വൈറസാണ് രോഗം പടർത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ജലദോഷം മുതൽ സാർസ് വരെയുള്ള ശ്വാസകോശരോഗങ്ങൾക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവുമാണു പ്രധാന രോഗലക്ഷണങ്ങൾ.

വൈറസ് മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പടരുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ മുന്നറിയിപ്പുനൽകിയിരുന്നു

അതേസമയം ചൈനയിലെ അജ്ഞാത വൈറസ്ബാധ കണക്കിലെടുത്ത് ആ രാജ്യം സന്ദർശിക്കുമ്പോൾ അവശ്യമായ മുൻകരുതലെടുക്കാൻ ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പുനൽകി.

ഫാമുകൾ, മൃഗ ചന്തകൾ, കശാപ്പുശാലകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണം. പകുതി പാചകംചെയ്തതോ, പച്ചയോ ആയ മാംസം കഴിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുനൽകുന്നു.

സുഖമില്ലാത്തവരെ സന്ദർശിക്കുകയും അവരുമായി അടുത്തിടപഴകുകയുമരുത്. ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരുമായി പ്രത്യേകിച്ചും. ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവർ എപ്പോഴും മുഖംമൂടി ധരിക്കണം. വൃത്തിയിൽ ശ്രദ്ധിക്കുക, കൈ ഇടയ്ക്കിടെ സോപ്പിട്ടുകഴുകുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖംമറയ്ക്കുക തുടങ്ങിയ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.