പിറന്നാൾ ദിനത്തിൽ ഈഡന്‍ ഗാര്‍ഡന്‍സിലെ മണ്ണില്‍ ചരിത്ര സെഞ്ച്വറി സ്വന്തമാക്കി ‘കിങ് വിരാട് കോഹ്‌ലി’ ; ഏകദിനത്തില്‍ 49 സെഞ്ച്വറികള്‍ ; സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടത്തിനൊപ്പം
സ്വന്തം ലേഖകൻ
കൊല്‍ക്കത്ത: മൂന്ന് ഇന്നിങ്‌സുകളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമം. വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സിലെ മണ്ണില്‍ ആ ചരിത്ര സെഞ്ച്വറി സ്വന്തമാക്കി ‘കിങ് വിരാട് കോഹ്‌ലി’. ഏകദിനത്തില്‍ 49 സെഞ്ച്വറികളെന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടത്തിനൊപ്പം വിരാട് കോഹ്‌ലി തന്റെ പേരും എഴുതി ചേര്‍ത്തു.
ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ 119 പന്തില്‍ 100 റണ്‍സെടുത്താണ് കോഹ്‌ലി റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തിയത്. 10 ഫോറുകള്‍ സഹിതമായിരുന്നു അനുപമ ഇന്നിങ്‌സ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
35ാം പിറന്നാള്‍ ദിനത്തിലാണ് ഉജ്ജ്വല നാഴികക്കല്ലില്‍ തന്റെ പേരും കോഹ്‌ലി എഴുതി ചേര്‍ത്തത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറികളില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ താരമെന്ന അനുപമ റെക്കോര്‍ഡിനു തൊട്ടരികില്‍ കോഹ്‌ലി എത്തി. ഈ ലോകകപ്പില്‍ തന്നെ അതു സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് മുന്നേറുന്നു. നിലവില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 11 റണ്‍സുമായി ജഡേജ ചരിത്ര നിമിഷത്തിനു സാക്ഷിയായി.
ശ്രേയസ് പുറത്തായതിനു പിന്നാലെ എത്തിയ കെഎല്‍ രാഹുല്‍ എട്ട് റണ്‍സുമായി മടങ്ങി. മാര്‍ക്കോ ജന്‍സനാണ് രാഹുലിനെ പുറത്താക്കിയത്.
പിന്നാലെ എത്തിയ സൂര്യ കുമാര്‍ യാദവ് മികച്ച ബാറ്റിങുമായി കളം നിറഞ്ഞെങ്കിലും അധികം ആയുസുണ്ടായില്ല. താരം 13 പന്തില്‍ 22 റണ്‍സെടുത്തു. അഞ്ച് ഫോറുകള്‍ സഹിതമായിരുന്നു ഇന്നിങ്‌സ്. ടബ്‌രിസ് ഷംസിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്ക് ഉജ്ജ്വല ക്യാച്ചിലൂടെ സൂര്യകുമാറിനെ മടക്കി.
നേരത്തെ അര്‍ധ സെഞ്ച്വറിയുമായി കോഹ്‌ലിക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് ശ്രേയസ് അയ്യര്‍ മടങ്ങിയത്. താരം 87 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 77 റണ്‍സെടുത്തു. ലുന്‍ഗി എന്‍ഗിഡിക്കാണ് വിക്കറ്റ്. മൂന്നാം വിക്കറ്റില്‍ കോഹ്‌ലി- ശ്രേയസ് സഖ്യം 134 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി.
നിലവില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന നിലയിലാണ്. 74 റണ്‍സുമായി കോഹ്‌ലിയും 2 റണ്ണുമായി കെഎല്‍ രാഹുലമാണ് ക്രീസില്‍.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (24 പന്തില്‍ 40), ശുഭ്മാന്‍ ഗില്‍ (23) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടമായത്. രോഹിതിനെ റബാഡയും ഗില്ലിനെ കേശവ് മഹാരാജുമാണ് പുറത്താക്കിയത്.