
രക്താതിമര്‍ദം ബാധിതരുടെ എണ്ണത്തില്‍ വര്‍ധന ; ഒറ്റ തവണയില്‍ രോഗ നിര്‍ണയം നടത്തുക മാത്രമല്ല ; നിയന്ത്രണവിധേയമാക്കാൻ തുടര്‍ പരിചരണവും ഉറപ്പാക്കേണ്ടതുണ്ട് ; നിയന്ത്രിക്കാം കൃത്യമായ ചികിത്സയിലൂടെ
സ്വന്തം ലേഖകൻ
രാജ്യത്ത് രക്താതിമര്‍ദം ( ഹൈപ്പര്‍ ടെന്‍ഷന്‍) ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേ ഡാറ്റ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ കണ്ടെത്തലുള്ളത്.
രക്താതിമര്‍ദത്തിന്റെ (Hypertension) വ്യാപനം, രോഗനിര്‍ണയം, ചികിത്സ, നിയന്ത്രണം എന്നീ വിഷയങ്ങളില്‍ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. രക്താതിമര്‍ദം എന്ന നിശബ്ദ കൊലയാളിയെ ഇല്ലാതാക്കാൻ ഒറ്റ തവണയില്‍ രോഗ നിര്‍ണയം നടത്തുക മാത്രമല്ല, നിയന്ത്രണവിധേയമാക്കാൻ തുടര്‍ പരിചരണവും ഉറപ്പാക്കേണ്ടതുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃത്യമായ ചികിത്സകൊണ്ട് രക്താതിമര്‍ദത്തെ നിയന്ത്രിക്കാനാകും. രാജ്യത്ത് രക്താതിമര്‍ദമുള്ളവരില്‍ മൂന്നില്‍ ഒരാള്‍ മാത്രമാണ് രോഗനിര്‍ണയം നടത്തുന്നുള്ളതെന്നതാണ് പ്രധാന വീഴ്ച. ചികിത്സ ലഭിക്കുന്നവരാകട്ടെ അഞ്ചില്‍ ഒരാള്‍ മാത്രവും, പന്ത്രണ്ടില്‍ ഒരാള്‍ രക്തസമ്മര്‍ദനിയന്ത്രണവും കൈവരിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ രക്താതിമര്‍ദം ബാധിച്ചിട്ടുള്ളവരുടെ സംഖ്യ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ 29.9 ശതമാനവും രക്താതിമര്‍ദം പിടിപെട്ടവരാണ്. ദേശീയ ശരാശരി 26.8 ശതമാനമാണ്.
ദേശീയ തലത്തില്‍, വ്യക്തിയുടെ ലിംഗഭേദം, പ്രായം, സാമൂഹിക-സാമ്ബത്തിക സാഹചര്യങ്ങള്‍, വിദ്യാഭ്യാസ നിലവാരം എന്നിവയെല്ലാം രക്താതിമര്‍ദത്തിന്റെ ചികിത്സ മുതല്‍ നിയന്ത്രണം വരെയുള്ള ഘട്ടങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ഘടങ്ങളാണ്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് രക്താതിമര്‍ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. എന്നാല്‍, പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് രോഗനിര്‍ണയം നടത്തുന്നതിലും ചികിത്സയിലും നിയന്ത്രിക്കുന്നതിലുമെല്ലാം മുന്നില്‍.
യുവജനങ്ങളെ അപേക്ഷിച്ച് 65 വയസിന് മുകളിലുള്ളവരിലാണ് രക്താതിമര്‍ദത്തിന്റെ ചികിത്സ ഫലപ്രദമായി മുന്നോട്ട് പോകുന്നത്. സാമൂഹിക-സാമ്ബത്തിക സാഹചര്യങ്ങളുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍ ജനസംഖ്യയിലെ സമ്ബന്നരില്‍ അഞ്ചിലൊന്ന് വിഭാഗത്തിനും രോഗാവസ്ഥയ്ക്കുള്ള ചികിത്സ ലഭിക്കുന്നുണ്ട്.
വിദ്യാഭ്യാസമില്ലാത്തവരിലും 11-ാം ക്ലാസ് പൂര്‍ത്തിയാക്കിയവരിലും രക്താതിമര്‍ദത്തിന്റെ സാന്നിധ്യം സമാനമാണ്. എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരില്‍ രോഗനിര്‍ണയം, ചികിത്സ, നിയന്ത്രണം എന്നിവയുടെ അളവ് കൂടുതലാണെന്ന് മാത്രം.
രക്തസമ്മര്‍ദമുള്ളവരില്‍ പകുതി പേര്‍ക്കും അവരുടെ രോഗാവസ്ഥ നിയന്ത്രിക്കാൻ കഴിഞ്ഞാല്‍ 2040 ഓടെ ഇന്ത്യയില്‍ ഏകദേശം 4.6 ദശലക്ഷം മരണങ്ങള്‍ ഒഴിവാക്കാനാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2025 ഓടെ രക്താതിമര്‍ദമോ പ്രമേഹമോ ഉള്ള 75 ദശലക്ഷം അളുകള്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ ഈ വര്‍ഷം തുടക്കമിട്ടിട്ടുണ്ട്.
എന്നിരുന്നാലും, രക്താതിമര്‍ദം നിയന്ത്രിക്കുന്നതിനായി കൃത്യമായ പരിശോധന, ചികിത്സ, മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലുകളീലുടെ മാത്രം രോഗത്തെ തുടച്ച് നീക്കാനാകില്ലെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.