ഭരണങ്ങാനം പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തിൽ മാലിന്യം തള്ളി വില്ലേജ് ഓഫീസ് ജീവനക്കാരൻ; തള്ളിയത് പാംപേഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കൾ; മാലിന്യം കൈയ്യോടെ കോരിമാറ്റണമെന്ന് അധികൃതര്‍; വില്ലേജ് ഓഫീസ് ജീവനക്കാരനെ കുടുക്കിയത് മാലിന്യത്തിനുള്ളിലെ വിലാസം
സ്വന്തം ലേഖിക
പാലാ: പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ മാലിന്യം തള്ളി തൊട്ടടുത്തുള്ള വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍.
ഒടുവില്‍ പ്രതിയെ കൈയ്യോടെ പിടികൂടി മാലിന്യം മുഴുവന്‍ കോരിമാറ്റണമെന്ന് നിര്‍ദ്ദേശിച്ച് പഞ്ചായത്ത് അധികൃതര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൂണ്ടച്ചേരി റൂട്ടില്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ മാലിന്യം തള്ളിയത്. കൊച്ചുകുട്ടികളുടെ പാംപേഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് കൂട്ടില്‍ നിറച്ച് പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന പുരയിടത്തില്‍ തള്ളിയത്.
പരാതിയെ തുടര്‍ന്ന് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ വേസ്റ്റ് പരിശോധിച്ചപ്പോഴാണ് വില്ലേജ് ഉദ്യോഗസ്ഥന്റെ വിലാസം കിട്ടിയത്. ഇയാളാകട്ടെ രാവിലെ വീട്ടില്‍ നിന്നും ഓഫീസിലേക്ക് പോരുമ്പോള്‍തന്നെ മാലിന്യം കൂടുകളില്‍ നിറച്ച് കൊണ്ടുവരികയും ഇത് പഞ്ചായത്ത് ഓഫീസിനടുത്തേക്ക് തള്ളുകയുമായിരുന്നു പതിവ് എന്നാണ് സൂചന.
ഹരിതകര്‍മ്മസേനാംഗങ്ങള്‍ കുറ്റക്കാരനെ കണ്ടെത്തിയതോടെ ഇയാളെ പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചുവരുത്തി. വേസ്റ്റ് മുഴുവന്‍ ഉടന്‍ വാരി നീക്കിക്കോളാമെന്ന ഉറപ്പിന്‍മേല്‍ പിഴ ഈടാക്കാതെ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.
എന്നാല്‍ ഇന്നലെ വൈകുന്നേരം വരെ ഇത് മാറ്റിയിട്ടില്ല. സംഭവത്തെക്കുറിച്ച് അറിഞ്ഞ് മീനച്ചില്‍ തഹസില്‍ദാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ വിവരമറിഞ്ഞ ഉന്നത പഞ്ചായത്ത് അധികാരികള്‍ വില്ലേജ് ഉദ്യോഗസ്ഥനോട് പിഴയീടാക്കാനും ഭരണങ്ങാനം പഞ്ചായത്ത് അധികാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു.