വിജയപുരം  രൂപതയിൽ ദളിതന് അയിത്തം: ബിഷപ്പ് തന്നെ ദളിത് വിരുദ്ധനെന്ന് ആരോപണം; വിദ്യാഭ്യാസത്തിലും ജോലിയിലും വൈദിക വൃത്തിയിലും ദളിതനെ ക്രൂരമായി ഒഴിവാക്കുന്നു; ഉള്ളിൽ പുകഞ്ഞ പ്രതിഷേധം പൊട്ടിയൊഴുകി ദളിത് കാത്തലിക മഹാജന സഭ; കുരിശുമേന്തി രൂപതാ ആസ്ഥാനത്തേയ്ക്ക് ജൂലൈയിൽ പ്രതിഷേധ മാർച്ച്

വിജയപുരം രൂപതയിൽ ദളിതന് അയിത്തം: ബിഷപ്പ് തന്നെ ദളിത് വിരുദ്ധനെന്ന് ആരോപണം; വിദ്യാഭ്യാസത്തിലും ജോലിയിലും വൈദിക വൃത്തിയിലും ദളിതനെ ക്രൂരമായി ഒഴിവാക്കുന്നു; ഉള്ളിൽ പുകഞ്ഞ പ്രതിഷേധം പൊട്ടിയൊഴുകി ദളിത് കാത്തലിക മഹാജന സഭ; കുരിശുമേന്തി രൂപതാ ആസ്ഥാനത്തേയ്ക്ക് ജൂലൈയിൽ പ്രതിഷേധ മാർച്ച്

സ്വന്തം ലേഖകൻ

കോട്ടയം: കൊടിയ പീഡനങ്ങളിൽ നിന്നും അയിത്തത്തിൽ നിന്നും രക്ഷപെടാൻ ക്രിസ്തുവിന്റെ പാത സ്വീകരിച്ച് നൂറ്റാണ്ടുകൾക്കിപ്പുറവും ദളിതന് ക്രൈസ്തവ സഭയിൽ തൊട്ടുകൂടായ്മ. കറുത്തവനെന്ന് മുദ്രകുത്തി ബിഷപ്പ് തന്നെ വൈദിക വൃത്തിയിൽ നിന്നു ദളിതനെ മാറ്റി നിർത്തുമ്പോൾ അപമാനിക്കപ്പെടുന്നത് സഭയിലെ ഭൂരിപക്ഷം വരുന്ന ദളിത് വിശ്വാസികളാണ്. ലത്തീൻ സഭയുടെ വിജയപുരം രൂപതയിൽ ഇപ്പോഴും നിലനിൽക്കുന്ന കൊടിയ അനാചാരത്തിനെതിരെ ദളിത് മക്കൾ പരസ്യപ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ് സഭയിലെ അനാചാരണങ്ങൾ പുറത്തറിഞ്ഞത്.
ദളിതന് അയിത്തം കൽപ്പിക്കുന്ന സഭയിലെ ഒരു വിഭാഗത്തിന്റെയും, ബിഷപ്പിന്റെയും നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 16 ന് സഭാ ആസ്ഥാനത്തേയ്ക്ക് മാർച്ച് നടത്താൻ ഒരുങ്ങുകയാണ് ദളിത് കാത്തലിക് മഹാജന സഭ. സഭയിലെ അനീതിയും അയിത്തവും പരിഹരിച്ചില്ലെങ്കിൽ ഒരു വലിയ വിഭാഗം ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തുമെന്നാണ് ഇതു നൽകുന്ന സൂചന. സഭയിൽ നടക്കുന്ന അനീതികളെ തുറന്നെഴുതിയ കത്ത് പുറത്തു ദളിത് സമുദായാംഗങ്ങൾ പുറത്തു വിട്ടതോടെയാണ് ഇത് കത്തിപ്പടർന്നത്്. ദളിത് സമൂദായാംഗങ്ങളുടെയെല്ലാം വീടുകളിൽ ഈ കത്തും, ഒപ്പം ലഘുലേഖയും എത്തിത്തുടങ്ങിയിട്ടുണ്ട്. ഡിസിഎംഎസ് ആരംഭിച്ച പ്രതിഷേധത്തിൽ ദളിത് സമുദായാംഗങ്ങൾ ഒന്നിച്ച് അണിനിരക്കുമെന്നാണ് സൂചന.
1854 മുതലാണ് കേരളത്തിൽ ദളിത് സമൂഹം ക്രിസ്തുവിന്റെ പാത സ്വീകരിച്ചു തുടങ്ങിയത്. അന്നു മുതൽ തന്നെ ഈ വിഭാഗം കൊടിയ വിവേചനം അനുഭവിച്ചിരുന്നതായി ലഘുലേഖയിൽ പറയുന്നു. ആദ്യകാലത്ത് പുലയപ്പള്ളിയെന്നും, പറയപ്പള്ളിയെന്നും വേർതിരിച്ച് ജാതിപറഞ്ഞാണ് ദളിത് സമൂഹത്തെ അപമാനിച്ച് നിർത്തിയിരുന്നത്. എന്നാൽ, വിദേശമിഷനറിമാർ തദ്ദേശിയരെ ഭരണം ഏൽപ്പിച്ച് മടങ്ങിയപ്പോൾ വിജയപുരം രൂപയുടെ വൻ സാമ്പത്തിക ആസ്ഥികൾ ലക്ഷ്യം വച്ച് സവർണ്ണർ എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം രൂപതയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ഭരണം പിടിച്ചെടുക്കുകയുമായിരുന്നു. ഇതോടെ ഈ പള്ളികളിൽ നിന്നും ദളിതൻ പുറം തള്ളപ്പെടുകയായിരുന്നുവെന്ന് ലഘുലേഖ വ്യക്തമാക്കുന്നു.
ഇതോടെ വിജയപുരം രൂപതയിൽ 85 ശതമാനം വരുന്ന ദളിത് ക്രൈസ്തവർ 15 ശതമാനം മാത്രമുള്ള ലത്തീൻ സമുദായത്താൽ ഭരിക്കപ്പെടുന്നു. ന്യൂനപക്ഷമായി സഭയിൽ എത്തിയ ലത്തീൻ സമൂദായാംഗങ്ങളാണ് സഭയിലെ സമ്പത്തും, സ്വത്തും ആധികാരവും അനുഭവിച്ചു വരുന്നത്. ദളിത് ജനതയ്ക്കാകട്ടെ 15 ശതമാനം മാത്രം നൽകി ഇവരെ മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തുകയാണ്. 2013 ലെ വിജയപുരം രൂപതയുടെ കണക്കുകൾ അനുസരിച്ച് രൂപതയുടെ കീഴിലുള്ള സ്‌കൂളുകളിലെ 604 അധ്യാപക തസ്തികയിലും, 74 അനധ്യാപക തസ്തികയിലും 85 ശതമാനവും സ്വന്തമാക്കിയിരിക്കുന്നത് സഭയിലെ ന്യൂനപക്ഷമായ ലത്തീൻ സമുദായാംഗങ്ങൾ തന്നെയാണ്. ഇതോടെ തൊഴിൽ നിഷേധിക്കപ്പെടുന്നത് ദളിത് സമുദായാംഗങ്ങൾക്കാണ്. പാവപ്പെട്ട ദളിതൻ മക്കളെ പഠിപ്പിച്ച് ജോലിക്കു പ്രാപ്തരാക്കി രൂപതിയിൽ തൊഴിൽ അന്വേഷിച്ചെത്തുമ്പോൾ ആട്ടിഇറക്കപ്പെടുകയാണെന്നും ലഘുലേഖ വ്യക്തമാക്കുന്നു.
വൈദിക വൃത്തിയിലാണ് ഏറ്റവും വലിയ അയിത്തം ദളിതന് നിലനിൽക്കുന്നത്. 88 വർഷത്തെ പാരമ്പര്യമുള്ള വിജയപുരം രൂപതയിൽ ഇതുവരെയുള്ള ദളിത് വൈദികരുടെ എണ്ണം 18 മാത്രമാണെന്നാണ് കണക്കുകൾ നിരത്തി ഡിസിഎംഎസ് വാദിക്കുന്നു. വിജയപുരം രൂപത രൂപീകരിച്ച് 48 വർഷത്തിനു ശേഷമാണ് ആദ്യമായി ഒരു വൈദികനെ ലഭിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. ദളിതർ നടത്തിയ പ്രക്ഷോഭത്തെ തുടർന്നാണ് അന്ന് പോലും ദളിതർക്ക് സഭയുടെ സെമിനാരികളിൽ പ്രവേശനം ലഭിച്ചത്. ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ രൂപതയുടെ മെത്രാൻ ആയതിനു ശേഷം സഭയിൽ ഇതുവരെ അഞ്ചു പേർക്കു മാത്രമാണ് വൈദികപ്പട്ടം ലഭിച്ചതെന്നും ലഘുലേഖ വ്യക്തമാക്കുന്നു. അടുത്ത ഏഴു വർഷത്തിനിടെ സഭയിൽ നിന്നും വൈദിക പട്ടത്തിനു അർഹനാകാൻ ബാക്കിള്ളത് ഒരേ ഒരു വൈദിക വിദ്യാർത്ഥി മാത്രമാണ്. 2017 – 18 കാലഘട്ടത്തിൽ നിരവധി ദളിത് വൈദിക വിദ്യാർത്ഥികൾ വൈദിക പഠനത്തിനു സെമിനാരിയിൽ എത്തിയെങ്കിലും അവരെയെല്ലാം വിവിധ കാരണങ്ങൾ പറഞ്ഞ് ബിഷപ്പ് പുറത്താക്കിയെന്നാണ് ലഘുലേഖയിലെ ആരോപണം. ഈ ആരോപണങ്ങളെല്ലാം ഉയർത്തിയാണ് ഒരു വിഭാഗം ഇപ്പോൾ സഭയിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സഭയിൽ വൻ പൊട്ടിത്തെറിക്കാൻ വഴിയൊരുങ്ങുന്നത്.