വിജിലൻസിന്റെ ഓപ്പറേഷൻ ക്ലീൻ കിറ്റ്..! ചങ്ങനാശേരിയിലെ ഓണക്കിറ്റിൽ നിന്നു വിജിലൻസിനു കിട്ടിയത് പൂപ്പൽപിടിച്ച പുഴുവരിച്ച ശർക്കര; ഏഴു ജില്ലകളിൽ ശർക്കരവിതരണം ചെയ്യേണ്ടെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ്; ഓണക്കിറ്റിലും കയ്യിട്ടുവാരിയ അഴിമതിക്കാർ കുടുങ്ങും

വിജിലൻസിന്റെ ഓപ്പറേഷൻ ക്ലീൻ കിറ്റ്..! ചങ്ങനാശേരിയിലെ ഓണക്കിറ്റിൽ നിന്നു വിജിലൻസിനു കിട്ടിയത് പൂപ്പൽപിടിച്ച പുഴുവരിച്ച ശർക്കര; ഏഴു ജില്ലകളിൽ ശർക്കരവിതരണം ചെയ്യേണ്ടെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ്; ഓണക്കിറ്റിലും കയ്യിട്ടുവാരിയ അഴിമതിക്കാർ കുടുങ്ങും

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് പ്രതിസന്ധി അനുഭവിക്കുന്ന സാധാരണക്കാരായ പട്ടിണിപ്പാവങ്ങൾക്കായി സംസ്ഥാന സർക്കാർ കൈനീട്ടി നൽകിയ ഓണക്കിറ്റിലും പോക്കറ്റടി. കിറ്റിനെ അഴിമതിയിൽ നിന്നും ക്ലീനാക്കാൻ ക്ലീൻ കിറ്റുമായി വിജിലൻസ് രംഗത്ത് ഇറങ്ങിയതോടെ ചങ്ങനാശേരിയിൽ പുറത്തായത് വൻ അഴിമതിയാണ്. ചങ്ങനാശേരിയിൽ നിന്നും ശർക്കര പിടികൂടിയതോടെ ഏഴു ജില്ലകളിൽ ശർക്കര വിതരണം പൂർണമായും നിർത്തി വയ്ക്കാൻ നിർദേശം നൽകി.

വ്യാഴാഴ്ച ഉച്ചക്ക് 12.30 മുതൽ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ സപ്ലൈകോയുടെ കീഴിലുള്ള വിവിധ പായ്ക്കിംഗ് സെന്ററുകളിലും കിറ്റുകൾ വിതരണം ചെയ്യുന്ന റേഷൻ കടകളിലും വിജിലൻസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തുകയായിരുന്നു. എല്ലായിടത്തും ഒരേ സമയത്തു തന്നെയാണ് പരിശോധന നടത്തിയത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, പാമ്പാടി, പൊൻകുന്നം, പാല എന്നീ സ്ഥലങ്ങളിലെ പായ്ക്കിംഗ് സെന്ററുകളിൽ പരിശോധന നടത്തിയതിൽ സാധനങ്ങളുടെ അളവിൽ കുറവ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരിയിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം കണ്ടത് പൂപ്പൽ വന്നതും കറുത്തതും മഞ്ഞ നിറത്തിലുള്ള വെള്ളം ഒഴുകിയിറങ്ങുന്നതുമായ ശർക്കരയാണ്. തുടർന്നു, ചങ്ങനാശ്ശേരിയിലെ പായ്ക്കിംഗ് സെന്ററിൽ വിതരണത്തിനായി വച്ചിരുന്ന ശർക്കരയുടെ ഗുണനിലവാരത്തിൽ സംശയം ഉണ്ടായതിനെ തുടർന്ന് ചങ്ങനാശ്ശേരി പാല സർക്കിളുകളിലെ ഭക്ഷ്യസുരക്ഷാ ഓഫീസർമാരടങ്ങിയ സ്‌ക്വാഡ് വിജിലൻസിന്റെ നിർദ്ദേശ പ്രകാരം സ്ഥലത്തെത്തി പരിശോധനയ്ക്കായി സാമ്പിൾ എടുത്തു തിരുവനന്തപുരത്തെ ഏഅഘ ലാബിലേയ്ക്ക് അയച്ചു. ശർക്കര ഭക്ഷ്യയോഗ്യമാണോയെന്ന് പരിശോധന ഫലം വന്ന ശേഷം വിതരണം ചെയ്യുന്നതിന് കോട്ടയം ജില്ല അസി. കമ്മീഷണർ ഓഫ് ഫുഡ് സേഫ്റ്റി ഓഫീസർ നിർദ്ദേശിച്ചു.

ഈ ശർക്കര എത്തിച്ചത് കോഴിക്കോട്ടെ സി.പി.എം നേതൃത്വം നൽകുന്ന സഹകരണ സംഘത്തിൽ നിന്നാണ് എന്നു കണ്ടെത്തി. പല കിറ്റുകളിലും ശർക്കരയുടെ തൂക്കത്തിലും വെട്ടിപ്പ് കണ്ടെത്തി. 70 മുതൽ 130 ഗ്രാം വരെ ശർക്കരയുടെ തൂക്കത്തിൽ വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. കിറ്റിന്റെ വില സപ്ലൈകോയുടെ വില വിവര പ്രകാരം 500 രൂപയിൽ കുറവാണെന്ന് കണ്ടെത്തി. ശർക്കരയുടെ പായ്ക്കറ്റിൽ തൂക്കകുറവും ഉൽപാദന തീയതിയും എക്‌സ്പയറി തീയതിയം രേഖപ്പെടുത്തിയിട്ടില്ലന്നും കണ്ടെത്തിയിട്ടുണ്ട്.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇടുക്കി ജില്ലയിലെ തൊടുപുഴ, അറക്കുളം, പീരുമേട് എന്നീ സ്ഥലങ്ങളിലെ പായ്ക്കിംഗ് സെന്ററുകളിൽ പരിശോധന നടത്തിയതിൽ വിതരണം നടത്താൻ വച്ചിരുന്ന ശർക്കരയുടെ ഒരു കിലോ പാക്കറ്റിന്റെ അളവിൽ 50 ഗ്രാം മുതൽ 200 ഗ്രാം വരെ അളവിൽ കുറവ് കണ്ടെത്തി. പഞ്ചസാര, ചെറുപയർ, വൻപയർ എന്നിവയുടെ തൂക്കത്തിൽ 20 ഗ്രാം മുതൽ 50 ഗ്രാം വരെ അളവിൽ കുറവ് കണ്ടെത്തി. കിറ്റിന്റെ വില സപ്ലൈകോയുടെ വില വിവര പ്രകാരം 404 രൂപയും പൊതുമാർക്കറ്റിൽ 446.50 രൂപ ആണെന്നും കണ്ടെത്തി.

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ ടൗൺ, അമ്പലപ്പുഴ, ചേർത്തല എന്നീ സ്ഥലങ്ങളിലെ പായ്ക്കിംഗ് സെന്ററുകളിൽ പരിശോധന നടത്തിയതിൽ ഓണകിറ്റിലെ ശർക്കരയുടെ ഒരു കിലോ പാക്കറ്റിന്റെ അളവിൽ 100 ഗ്രാം വരെ തൂക്കത്തിൽ കുറവ് കണ്ടെത്തി. വൃത്തി ഹീനമായ സാഹചര്യത്തിൽ പായ്ക്കിംഗ് നടത്തുന്നതായി കണ്ടെത്തി. ഓണകിറ്റിന്റെ വില സപ്ലൈകോയുടെ വില വിവര പ്രകാരം 457 രൂപയാണെന്ന് കണ്ടെത്തി.

മത്സ്യ തൊഴിലാളികൾക്കുള്ള 1000 രൂപയുടെ സൗജന്യക്കിറ്റിൽ സപ്ലൈകോയുടെ വില വിവര പ്രകാരം 650 രൂപയുടെ സാധനങ്ങളാണ് പായ്ക്ക് ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി. മിന്നൽ പരിശോധനയിൽ വിജിലൻസ് ഡി.വൈ.എസ്.പി. മാരായ വിശ്വനാഥൻ എ. കെ. , എം. കെ. മനോജ്, ഹരി വിദ്യാധരൻ, വി. ആർ. രവികുമാർ, വി. ജി. രവീന്ദ്രനാഥ് പോലീസ് ഇൻസ്‌പെക്ടർമാരായ എൻ. ബാബുക്കുട്ടൻ, റിജോ പി. ജോസഫ്, രാജൻ കെ. അരമന, രാജേഷ് കെ. എൻ., സുധിലാൽ എസ്.ഐ. മാരായ മുഹമ്മദ് പി. എച്ച്., പ്രദീപ് കുമാർ, രാഘവൻ കുട്ടി എ.എസ്.ഐ. മാരായ സ്റ്റാൻലി തോമസ്, ടിജുമോൻ തോമസ്, അനിൽ കുമാർ, സന്തോഷ് കെ. എൻ. , സാമുവൽ ജോസഫ്, ജോയ് എ. ജെ, തുടങ്ങിയവരും കിഴക്കൻ മേഖലയിലേയും യൂണിറ്റുകളിലേയും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.