play-sharp-fill
വിക്ക് പൂര്‍ണമായും ഭേദമാക്കാന്‍ നിപ്മറില്‍ തെറാപ്പി

വിക്ക് പൂര്‍ണമായും ഭേദമാക്കാന്‍ നിപ്മറില്‍ തെറാപ്പി

സ്വന്തം ലേഖകൻ

ഇരിങ്ങാലക്കുട: കുട്ടികളില്‍ കണ്ടു വരുന്ന സംസാര വൈകല്യങ്ങളിലൊന്നായ വിക്ക് പൂര്‍ണമായും ഭേദമാക്കുന്നതിന് ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനില്‍ (നിപ്്മര്‍) പ്രത്യേക തെറാപ്പി. തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാനാവുന്ന വൈകല്യമാണിത്. മരുന്നു കൊണ്ട് വിക്കിന് ചികിത്സിക്കുന്ന രീതി കണ്ടു വരുന്നുണ്ട്. എന്നാല്‍ ഇത് അശാസ്ത്രീയമാണെന്നും സ്പീച്ച് തെറാപ്പിയിലൂടെ മാത്രമേ ഭേദമാക്കാനാവൂവെന്നു സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്മാരായ കെ.പത്മപ്രിയ. സിനിത. കെ. എം എന്നിവർ പറഞ്ഞു.

സംസാരത്തിന്റെ ഒഴുക്കിനെ ബാധിക്കുന്ന ഒരു പ്രശ്‌നമായാണ് വിക്കിനെ കണക്കാക്കുന്നത്. ഇത് ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രശ്‌നമല്ല, മറിച്ച് പൂര്‍ണമായും മാനസിക പ്രശ്‌നമാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. മൂന്നു മുതല്‍ അഞ്ചു വയസു വരെയുള്ള കുട്ടികളില്‍ വ്യാപകമായി കാണപ്പെടാറുണ്ടെങ്കിലും ഇതു വിക്കല്ല. നോണ്‍ ഫ്‌ളുവന്‍സി എന്ന അവസ്ഥയെ വിക്കായി തെറ്റിദ്ധരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവിട്ടുണ്ടാകുന്ന തടസങ്ങളും വിറച്ചുള്ള ആവര്‍ത്തനങ്ങളും നീണ്ടു പോകുന്ന ശബ്ദങ്ങളും വാക്കുകളുമെല്ലാമാണ് വിക്കിന്റെ ലക്ഷണങ്ങളായി കാണപ്പെടുന്നത്. മാനസിക സമ്മര്‍ദ്ദം, വിക്കുള്ളവരുമായുള്ള സമ്പര്‍ക്കം, പാരമ്പര്യം എന്നിവ മൂലമാണ് വിക്കുണ്ടാകുന്നത്. ഇടതു കൈകൊണ്ട് എഴുതാന്‍ ശേഷിയുള്ള കുട്ടികളെ നിര്‍ബന്ധിച്ച് വലതുകൈയെഴുത്ത് പരിശീലിപ്പിക്കുന്നതും വിക്കിന്റെ കാരണമായി പറയുന്നുണ്ട്.

സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി എന്നിവയാണ് വിക്കിനുള്ള ഏക പരിഹാരം. ബ്രീതിങ് എക്‌സസൈസ്, സ്പീക്കിങ് സ്പീച്ച് (റേറ്റ് ഓഫ് സ്പീച്ച്) എന്നിവയിലൂടെ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ നീളുന്ന പരിശീലനത്തിലൂടെ കുട്ടികളില്‍ കാണുന്ന വിക്ക് പൂര്‍ണമായും ഭേദമാക്കാനുള്ള തെറാപ്പിയാണ് നിപ്മറില്‍ തുടങ്ങിയിട്ടുള്ളത്. വിക്കിന്റെ തോതനുസരിച്ച് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമാണ് ആശുപത്രിയില്‍ പരിശീലനത്തിനെത്തേണ്ടത്.

ശേഷിക്കുന്ന ദിവസങ്ങളില്‍ വീട്ടിലിരുന്നു പരിശീലനം നടത്താമെന്നും ജോയിന്റ് ഡയരക്റ്റര്‍ സി. ചന്ദ്രബാബു പറഞ്ഞു. നാലു വയസു മുതല്‍ തെറാപ്പി തുടങ്ങിയാല്‍ മികച്ച റിസല്‍ട്ടുണ്ടാകുമെന്നും അദ്ദേഹം. സംസ്ഥാനത്തെ മറ്റ് ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ചികിത്സാ ചെലവുകള്‍ കുറവാണെന്നാണ് നിപ്മറിന്റെ പ്രത്യേകത. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായും ചികിത്സ ലഭിക്കും.