play-sharp-fill
തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ കേരശക്തി എന്ന പേരില്‍ വിതരണം ചെയ്ത വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തത് ; ഏഴു ലക്ഷം രൂപ പിഴയടയ്ക്കാൻ ഉത്തരവിട്ട് സബ് കളക്ടർ ; നടപടി 13 ഇനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യക്കിറ്റില്‍ നല്‍കിയ വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്

തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ കേരശക്തി എന്ന പേരില്‍ വിതരണം ചെയ്ത വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തത് ; ഏഴു ലക്ഷം രൂപ പിഴയടയ്ക്കാൻ ഉത്തരവിട്ട് സബ് കളക്ടർ ; നടപടി 13 ഇനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യക്കിറ്റില്‍ നല്‍കിയ വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്

സ്വന്തം ലേഖകൻ

തൊടുപുഴ: ആദിവാസി ഉൗരുകളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തില്‍ വിതരണക്കാരനോട് ഏഴു ലക്ഷം രൂപ പിഴയടയ്ക്കാൻ സബ് കളക്ടർ ഉത്തരവിട്ടു.
വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി ഉൗരുകളില്‍ മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പ് വിതരണം ചെയ്ത 13 ഇനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യക്കിറ്റില്‍ നല്‍കിയ വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.


ഇവർ നല്‍കിയ റിപ്പോർട്ടിനെത്തുടർന്നാണ് ചെറുതോണി പേട്ടയില്‍ പി.എ. ഷിജാസ് ഏഴു ലക്ഷം രൂപ പിഴയടയ്ക്കാൻ സബ് കളക്ടർ ഡോ.അരുണ്‍ എസ്. നായർ ഉത്തരവിട്ടത്. കേരശക്തി എന്ന പേരില്‍ വിതരണം ചെയ്ത വെളിച്ചെണ്ണ നിലവാരമില്ലാത്തതും ഭക്ഷ്യ സുരക്ഷാവകുപ്പിന്‍റെ രജിസ്ട്രേഷൻ ഇല്ലാത്തതുമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത് വിതരണം ചെയ്യാനായി ഭക്ഷ്യ സുരക്ഷാവകുപ്പില്‍ ഹാജരാക്കിയത് വ്യാജ രജിസ്ട്രേഷൻ ആണെന്നും പരിശോധനയില്‍ വ്യക്തമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാവധി കഴിഞ്ഞുള്ള ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍റെ മറവിലാണ് ഇവർ വെളിച്ചെണ്ണ വില്‍പ്പന നടത്തിയത്. ഈ വെളിച്ചെണ്ണ ഉപയോഗിച്ചവർക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായി. കിറ്റിലെ വെളിച്ചെണ്ണ ഉപയോഗിച്ച്‌ പാചകം ചെയ്ത ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

വെള്ളിയാമറ്റം പഞ്ചായത്തില്‍ ഈ എണ്ണ ഉപയോഗിച്ച്‌ പാചകം ചെയ്ത ഭക്ഷണം കഴിച്ച ഒന്നര വയസുള്ള കുഞ്ഞുള്‍പ്പെടെ അറുപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി ഉയർന്നിരുന്നു.

ഇതിനു പുറമേ വിതരണം ചെയ്ത ഭക്ഷ്യോത്പന്നങ്ങളുമായി കഴിഞ്ഞ ദിവസം ജില്ലാ പട്ടികവർഗ ഓഫീസിനു മുന്നില്‍ ഉൗരുമൂപ്പന്മാർ പ്രതിഷേധിക്കുകയും പട്ടിക വർഗ വകുപ്പ് ജില്ലാ പ്രോജക്‌ട് ഓഫീസർ, അസി. ജില്ലാ പ്രോജക്‌ട് ഓഫീസർ എന്നിവരെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് അടിയന്തര നടപടിയുണ്ടായത്.

കാക്കനാട് റീജണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് എണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് വ്യക്തമായത്. പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റക്കാർക്കെതിരേ നടപടി സ്വീകരിച്ചത്. ഇവർ വെളിച്ചെണ്ണ വിതരണം ചെയ്യാനുള്ള അനുമതിക്കായി സ്റ്റാർ ഫുഡ്സ് എന്ന പേരില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന് നല്‍കിയ വിവരങ്ങള്‍ വ്യാജമായിരുന്നെന്നും രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണെന്നും വ്യക്തമായിട്ടുണ്ട്.

ഈ രജിസ്ട്രേഷൻ ഉപയോഗിച്ച്‌ തയാറാക്കിയ ഭക്ഷണ വിതരണം മാത്രമാണ് അനുവദനീയമായത്. എന്നാല്‍ ഇതിന്‍റെ മറവില്‍ ഉദ്യോഗസ്ഥ ഒത്താശയോടെ പായ്ക്കറ്റ് ഭക്ഷ്യ ഉത്പന്നങ്ങള്‍ ആദിവാസി ഉൗരുകളില്‍ വിതരണം ചെയ്യുകയായിരുന്നെന്നാണ് ആരോപണം. അതിനാല്‍ വെളിച്ചെണ്ണ വിതരണം ചെയ്തത് കടുത്ത നിയമലംഘനം ആണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ തമിഴ് നാട്ടില്‍നിന്ന് എത്തിച്ച വെളിച്ചെണ്ണ പായ്ക്കറ്റിലാക്കി നല്‍കുക മാത്രമാണ് ഉണ്ടായതെന്ന് വിതരണക്കാരൻ മൊഴി നല്‍കി.

പാചകം ചെയ്ത ഭക്ഷ്യ വസ്തുക്കളാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ രജിസ്ട്രേഷൻ ഉപയോഗിച്ച്‌ വിതരണം ചെയ്തിരുന്നതെന്നും ഇതു നിർത്തലായ ശേഷമാണ് വെളിച്ചെണ്ണ കച്ചവടം തുടങ്ങിയതെന്നും ഷിജാസ് സബ് കളക്ടറെ അറിയിച്ചു.

എന്നാല്‍ നിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തതിനു പുറമേ പായ്ക്കറ്റിനു പുറത്ത് തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ബോധ്യപ്പെട്ടതിനെത്തുടർന്നാണ് പിഴയടയ്ക്കാൻ സബ് കളക്ടർ ഉത്തരവിട്ടത്. 15 ദിവസത്തിനകം തുക അടച്ചില്ലെങ്കില്‍ തുടർ നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. ഇതിനിടെ സംഭവത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.