വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് തമിഴ്നാട്ടിൽ കൊണ്ടുപോയി മറിച്ച് വിൽപ്പന; ബീവറേജും, ആരാധനാലയങ്ങളും കുത്തിത്തുറന്ന് മോഷണം നടത്തിയതടക്കം നാല്പതിലധികം കേസുകളിൽ പ്രതിയായ ജോമോനെ കുടുക്കി കട്ടപ്പന പൊലിസ്
സ്വന്തം ലേഖിക
കോട്ടയം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് തമിഴ്നാട്ടിൽ കൊണ്ടുപോയി വിൽപ്പന നടത്തി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനിയെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചീറ്റിംഗ് കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോട്ടയം എറണാകുളം ജില്ലകളിലെ നിരവധി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിട്ടുള്ള വെള്ളയാംകുടി കൂനംപാറയിൽ ജോമോനെ (44) യാണ് തമിഴ്നാട്ടിലെ തേനിയിൽ നിന്നും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി ഇയാൾക്കെതിരെ കേസുകളും പരാതികളും നിലവിലുണ്ട്. കേസുകൾ രജിസ്റ്റർ ചെയ്തത് അറിഞ്ഞ് പ്രതി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.ചെറിയ വാടകയ്ക്ക് വാഹനങ്ങൾ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിൽ വിൽപ്പന നടത്തി തട്ടിപ്പ് നടത്തുകയാണ് രീതി.
വിവിധ ബാങ്കുകളിൽ നിന്നും കോടിക്കണക്കിന് രൂപ ലോൺ ശരിയാക്കി കൊടുക്കാം എന്നു പറഞ്ഞ്
കമ്മീഷൻ ഇനത്തിൽ ലക്ഷക്കണക്കിന് രൂപ മുൻകൂറായി വാങ്ങി ലോൺ ശരിയാക്കി കൊടുക്കാത്തതിന് നിരവധി ആളുകൾ
ഇപ്പോൾ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.
30 ലക്ഷം രൂപ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു രണ്ടരലക്ഷം രൂപ കമ്മീഷനായി വാങ്ങിയതിലും 64 ലക്ഷം രൂപ വിലവരുന്ന കൂട്ടാർ സ്വദേശിനിയുടെ വസ്തു സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്ത് പണം കൊടുക്കാതെ വഞ്ചിച്ചതിനും പ്രതിക്കെതിരെ നിലവിൽ കേസുണ്ട്.
പാലക്കാട് ആലത്തൂർ ബീവറേജ് ഷോറൂം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി ഇപ്പോഴും വിചാരണ നേരിടുകയാണ്.
2012 കാലയളവിൽ കോട്ടയം എറണാകുളം ജില്ലകളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര നടത്തിയത തിന് ജോമോനെ 2015ൽ കട്ടപ്പന നിന്നും അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴയിൽ സൂപ്പർമാർക്കറ്റ് നടത്തി മോഷണ സ്വഭാവമുള്ള ആളുകളെ ജീവനക്കാരായി നിയമിച്ച് അവരുമായി ചേർന്നാണ് ആരാധനാലയങ്ങളിൽ മോഷണം നടത്തിയിരുന്നത്.
മോഷണം നടത്തി കിട്ടുന്ന പണം സൂപ്പർമാർക്കറ്റ് വഴിയാണ് ചിലവാക്കി യിരുന്നത്. നെടുങ്കണ്ടത്ത് 64 ലക്ഷം രൂപയ്ക്ക് തട്ടിപ്പിലൂടെ തരപ്പെടുത്തിയ സ്ഥലം കന്യാകുമാരി സ്വദേശി മൈക്കിൾ രാജിന് നൽകാമെന്ന് പറഞ്ഞ് 23 ലക്ഷം രൂപ തട്ടിയതിനും കേസുണ്ട്.
മുനമ്പം പിറവം പെരുമ്പാവൂർ, വെള്ളൂർ, മുളന്തുരുത്തി, കമ്പംമെട്ട് , മാന്നാർ എന്നീ പോലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ വാഹനം വാടകയ്ക്കെടുത്ത് മറിച്ചു വിറ്റതിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പ്രതി നടത്തിയിട്ടുള്ള മറ്റ് കേസുകളിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണ്.
കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ നെടുങ്കണ്ടം സിഐ ബി.എസ്. ബിനു, എസ്ഐമാരായ അജയകുമാർ, സജിമോൻ ജോസഫ്, എഎസ്ഐമാരായ ബേസിൽ പി ഐസക്ക്, സുബൈർ എസ്, സിവിൽ പൊലീസ് ഓഫീസർമാരായ ടോണി ജോൺ, അനീഷ് വി കെ എന്നിവരുമുണ്ടായിരുന്നു.