മദ്യപിക്കാത്തയാൾ ഊതിയപ്പോൾ ബീപ് ശബ്ദം; വൈദ്യപരിശോധനയ്ക്ക് തയ്യാറെന്ന് പറഞ്ഞിട്ടും അനുവദിക്കാതെ പൊലീസ് പെറ്റി അടിച്ചു; പെറ്റി അടയ്‌ക്കില്ലെന്ന് യുവാവും; ഒടുവിൽ തലയൂരി പൊലീസ്; സംഭവം തൊടുപുഴയിൽ
സ്വന്തം ലേഖകൻ
ഇടുക്കി: മദ്യപിക്കാത്തയാൾ പൊലീസ് ബ്രെത്ത് അനലൈസറിൽ ഊതിയപ്പോൾ ബീപ് ശബ്ദം. കേസെടുക്കാൻ ഒരുങ്ങിയ പൊലീസിനോട് താൻ മദ്യപിച്ചിട്ടില്ലെന്നും വൈദ്യപരിശോധനയ്‌ക്ക് തയ്യാറാണെന്നും യുവാവ് അറിയിച്ചു. വിവരമറിഞ്ഞ് എത്തിയ യുവാവിന്റെ പിതാവ് ഊതിയപ്പോഴും ബ്രെത്ത് അനലൈസറിൽ ബീപ് ശബ്ദം കേട്ടതോടെ പൊലീസുകാർ ആശയക്കുഴപ്പത്തിലായി.
തൊടുപുഴയിൽ ഇന്നലെ രാത്രി 11 മണിയോടെ കോലാനിയിൽ നടന്ന വാഹന പരിശോധനയിലാണ് സംഭവം. ബൈക്കിലെത്തിയ യുവാവിനെ പൊലീസ് തടഞ്ഞു നിർത്തി. വാഹനത്തിന്റെ രേഖകളെല്ലാം കൃത്യമാണ്. ഹെൽമറ്റും ധരിച്ചിട്ടുണ്ട്. തുടർന്ന് ബ്രെത്ത് അനലൈസറിൽ ഊതിച്ചു. അതിൽ നിന്നു ബീപ് ശബ്ദം കേട്ടതോടെ യുവാവ് മദ്യപിച്ചിട്ടുണ്ടെന്നും കേസെടുക്കണമെന്നുമായി പൊലീസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ മദ്യപിച്ചിട്ടില്ലെന്നും വൈദ്യപരിശോധനയ്‌ക്ക് തയ്യാറാണെന്നും യുവാവ് പറഞ്ഞെങ്കിലും പൊലീസ് കൂട്ടാക്കിയില്ല. പിന്നാലെ വിവരമറിഞ്ഞ് കാറിൽ സ്ഥലത്തെത്തിയ പിതാവ് തന്നെയും ഊതിക്കാൻ ആവശ്യപ്പെട്ടു. വീണ്ടും ശബ്ദം കേട്ടതോടെ രണ്ടുപേരെയും വൈദ്യപരിശോധന നടത്താൻ പിതാവ് ആവശ്യപ്പെട്ടെങ്കിലും പൊലീസ് സമ്മതിച്ചില്ല.
എന്തായാലും പിടിച്ചതല്ലെ 500 രൂപ പെറ്റി അടച്ചിട്ടു പോക്കോളൂ എന്നായി പൊലീസ്. കുറ്റം ചെയ്യാതെ പെറ്റി അടയ്‌ക്കില്ലെന്ന് പിതാവും യുവാവും നിർബന്ധം പിടിച്ചതോടെ യുവാവിന്റെ വിലാസം രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചു.