വീണ പൂവ് റിലീസായിട്ട് 41 വർഷം പൂർത്തിയാകുമ്പോൾ നഷ്ടസ്വർഗ്ഗങ്ങളുടെ ദുഃഖസിംഹാസനങ്ങൾ മലയാളിയെ നൊമ്പരപ്പെടുത്തുന്നു:

വീണ പൂവ് റിലീസായിട്ട് 41 വർഷം പൂർത്തിയാകുമ്പോൾ നഷ്ടസ്വർഗ്ഗങ്ങളുടെ ദുഃഖസിംഹാസനങ്ങൾ മലയാളിയെ നൊമ്പരപ്പെടുത്തുന്നു:

സ്വന്തം ലേഖകൻ

കോട്ടയം: കുമാരനാശാന്റെ പ്രസിദ്ധമായ വിലാപകാവ്യമാണ്
” വീണ പൂവ് ” . ഒരു പക്ഷേ മലയാള കാവ്യലോകത്ത് ചങ്ങമ്പുഴയുടെ “രമണ “നു ശേഷം ഏറ്റവുമധികം വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കൃതി വീണ പൂവായിരിക്കാം.

” വീണ പൂവേ വീണ പൂവേ കുമാരനാശാന്റെ വീണ പൂവേ
വിശ്വദർശന ചക്രവാളത്തിലെ
നക്ഷത്രമല്ലേ നീ
ഒരു ശുക്രനക്ഷത്രമല്ലേ നീ …. ”
എന്നായിരുന്നു
വീണ പൂവിനെക്കുറിച്ച് വയലാർ പോലും എഴുതിയത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1983 – ലാണ് ” വീണ പൂവ് ” എന്ന പേരിൽ ഒരു ചലച്ചിത്രം പ്രദർശനത്തിനെത്തുന്നത്.
പലരും ഈ ചിത്രം കുമാരനാശാൻ എഴുതിയ
അതിമനോഹരകാവ്യത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണെന്ന് തെറ്റിദ്ധരിച്ചു.
പക്ഷേ തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നി സ്വദേശിയായ
രവി കൃഷ്ണന്റെ കഥയെ ആസ്പദമാക്കി
കലാസംവിധായകനും ചിത്രകാരനുമായ
അമ്പിളി തിരക്കഥയെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രമായിരുന്നു
“വീണ പൂവ് .” .

മലയാള സിനിമയുടെ ഭീഷ്മാചാര്യനായിരുന്ന രാമു കാര്യാട്ട് , തന്റെ തട്ടകമായ
നാട്ടിക നിയോജകമണ്ഡലത്തിൽ ഒരിക്കൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയുണ്ടായി.
രാമു കാര്യാട്ടിന്റെ തിരഞ്ഞെടുപ്പു പോസ്റ്ററുകൾ വരച്ചതും ഡിസൈൻ ചെയ്തതുമെല്ലാം മണപ്പുറത്തെ പ്രശസ്ത ചിത്രകാരനായ അമ്പിളിയായിരുന്നു.
ആ പരിചയത്തിലൂടെ കാര്യാട്ടിന്റെ “നെല്ല് “എന്ന ചിത്രത്തിന്റെ കലാസംവിധായകനായി
സിനിമാ രംഗത്തെത്തിയ അമ്പിളിയുടെ ആദ്യ ചിത്രമായ “വീണ പൂവ് ” നിർമ്മിച്ചത്
ആർ ആർ സിനി കമ്പയിൻസിന്റെ ബാനറിൽ സൂര്യപ്രകാശാണ്.
ശങ്കർ മോഹൻ, നെടുമുടി വേണു, ബാബു നമ്പൂതിരി, കാട്ടൂർ ബാലൻ, ബഹദൂർ ,
ഉമ ഭരണി, സുകുമാരി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.
അമ്പിളിയുടെ അരങ്ങേറ്റം മോശമായില്ല.

അരവിന്ദന്റെ കാഞ്ചന സീത, അടൂരിന്റെ എലിപ്പത്തായം, ഭരതന്റെ ഓർമ്മയ്ക്കായി എന്നീ ചിത്രങ്ങൾക്കൊപ്പം
“വീണപൂവും ” ഇന്ത്യൻ പനോരമയിൽ സെലക്ഷൻ നേടി. കൂടാതെ തുർക്കി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവെല്ലിലും “വീണ പൂവ് ” പ്രദർശിപ്പിക്കപ്പെടുകയുണ്ടായി.
മുല്ലനേഴിയും ശ്രീകുമാരൻ തമ്പിയുമെഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത്
വിദ്യാധരൻ മാസ്റ്റർ ..

ഈ ചിത്രത്തിലെ
“നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദു:ഖസിംഹാസനം നൽകി
തപ്തനിശ്വാസങ്ങൾ
ചാമരം വീശുന്ന
ഭഗ്നസിംഹാസനം നൽകി …..”
എന്ന മനോഹരഗാനം സംഗീത പ്രേമികളുടെ മനസ്സിൽ ഒരു മരീചിക പോലെ ഇന്നും നിലനിൽക്കുന്നു.
ശ്രീകുമാരൻ തമ്പിയുടെ
ദുഃഖഗാനങ്ങളിൽ പ്രഥമസ്ഥാനം ഇന്നും ഈ ഗാനത്തിനുണ്ട്. വിദ്യാധരൻ മാസ്റ്ററുടെ ഹൃദയ ധമനികളെ ത്രസിപ്പിക്കുന്ന സംഗീതവും യേശുദാസിന്റെ അനുപമമായ ആലാപനവും
ഈ ഗാനത്തിന് ചലച്ചിത്രഗാന ചരിത്രത്തിൽ ചിരപ്രതിഷ്ഠ
നേടിക്കൊടുത്തു.
പല സാംസ്ക്കാരിക വേദികളിലും അതിഥിയായി എത്തുന്ന സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററോട് സംഗീതപ്രേമികൾ പാടാൻ ആവശ്യപ്പെടുന്ന ഒരു ഗാനമാണിത്.

 

“ചെമ്പരത്തി കൺതുറന്നു … (രചന മുല്ലനേഴി – ആലാപനം വിദ്യാധരൻ , ജെൻസി )
“സ്വപ്നം കൊണ്ട് തുലാഭാരം…(രചന മുല്ലനേഴി – ആലാപനം ജെൻസി )
“മാല വെപ്പാൻ വന്നിഹയെന്റെ …..(രചന മുല്ലനേഴി – ആലാപനം തോപ്പിൽ ആന്റോ )
“കന്നിമാസത്തിൽ ….. (യേശുദാസ് – ജെൻസി ) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ .

1983 ജനുവരി മൂന്നാം വാരം വെള്ളിത്തിരയിലെത്തിയ
” വീണ പൂവ് ” എന്ന ചിത്രം
41 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ
“നഷ്ടസ്വർഗ്ഗങ്ങളുടെ
ദുഃഖസിംഹാസനം ”
ഇന്നും ഒരു തേങ്ങലായി മലയാളിമനസ്സുകളെ നൊമ്പരപ്പെടുത്തി
കൊണ്ടേയിരിക്കുന്നു .