അബ്ദുറബ്ബിന്റെ കാലത്തുള്ളത് പോലെ ടെക്സ്റ്റ് ബുക്കുകള്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ട ഗതികേട് ഇപ്പോഴത്തെ കുട്ടികള്‍ക്കില്ല ; പരീക്ഷ അടുക്കുകയാണ്. കുട്ടികളെ പഠിക്കാന്‍ അനുവദിക്കണം : വി. ശിവൻകുട്ടി

അബ്ദുറബ്ബിന്റെ കാലത്തുള്ളത് പോലെ ടെക്സ്റ്റ് ബുക്കുകള്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ട ഗതികേട് ഇപ്പോഴത്തെ കുട്ടികള്‍ക്കില്ല ; പരീക്ഷ അടുക്കുകയാണ്. കുട്ടികളെ പഠിക്കാന്‍ അനുവദിക്കണം : വി. ശിവൻകുട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ക്ക് ഫീസ് പിരിവ് നടത്തുന്നുവെന്ന പ്രചാരണങ്ങളില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി . എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് അനേക വര്‍ഷങ്ങളായുള്ള നടപടിക്രമം ഈ വര്‍ഷവും തുടര്‍ന്നുവെന്നതല്ലാതെ പരിക്ഷാര്‍ഥികളില്‍ നിന്ന് ഫീസ് ശേഖരിയ്ക്കുന്നതിന് പുതിയ തീരുമാനമെടുത്ത് നടപ്പിലാക്കിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന നാല് ലക്ഷത്തിലധികം കുട്ടികളില്‍ നിന്ന് നാല്‍പത് ലക്ഷത്തോളം രൂപയാണ് ഫീസിനത്തില്‍ സ്വീകരിക്കുന്നത്. സര്‍ക്കുലറിനെതിരെ കെ.എസ്.യു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013-ലെ സര്‍ക്കുലര്‍ ഇറങ്ങിയ സമയത്ത് കെ.എസ്.യു സമരം ചെയ്‌തോ? ഇതാണ് രാഷ്ട്രീയക്കളി. കെ എസ് യുക്കാരോട് ഒന്നേ പറയാനുള്ളൂ, പരീക്ഷ അടുക്കുകയാണ്. കുട്ടികളെ പഠിക്കാന്‍ അനുവദിക്കണം, മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെയും ശിവൻകുട്ടി വിമര്‍ശിച്ചു. 2013-ലെ മോഡല്‍ പരീക്ഷയുടെ സര്‍ക്കുലര്‍ പരിശോധിച്ചാല്‍ അതില്‍ ചോദ്യപേപ്പര്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചെലവുകള്‍ക്കായി ഓരോ പരീക്ഷാര്‍ഥിയില്‍ നിന്നും പത്ത് രൂപാവീതം ഫീസ് ബന്ധപ്പെട്ട ഹെഡ്മാസ്റ്റര്‍ മുഖാന്തിരം ശേഖരിയ്‌ക്കേണ്ടതാണെന്ന നിര്‍ദ്ദേശമുണ്ട്.

അന്ന് യു.ഡി.എഫ് ആണ് ഭരിച്ചിരുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. സ്വന്തം വകുപ്പില്‍ എന്താണ് നടക്കുന്നതെന്ന ബോധംപോലും ഇല്ലാത്ത ആളായിരുന്നു അക്കാലത്തെ വിദ്യാഭ്യാസ മന്ത്രിയെന്ന് മനസിലാക്കാന്‍ ഇതിലും വലിയ ഉദാഹരണം വേണോ?, മന്ത്രി ചോദിച്ചു.

പരീക്ഷകള്‍ കൃത്യസമയത്ത് പ്രഖ്യാപിച്ച് കൃത്യസമയത്ത് നടത്തി കൃത്യസമയത്ത് ഫലപ്രഖ്യാപനം നടത്തുന്ന വകുപ്പാണ് ഇപ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പ്. പാഠപുസ്തകങ്ങളും യൂണിഫോമും സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ വിതരണം ചെയ്തു. അബ്ദുറബ്ബിന്റെ കാലത്തുള്ളത് പോലെ ടെക്സ്റ്റ് ബുക്കുകള്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ട ഗതികേട് ഇപ്പോഴത്തെ കുട്ടികള്‍ക്കില്ല. ഓണം നേരത്തെ വന്നാലും നേരം വൈകിവന്നാലും കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ സാമഗ്രികള്‍ കൃത്യസമയത്തിന് തന്നെ ലഭിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.